08 September Sunday

അർജുനായുള്ള തിരച്ചിലിലെ അനാസ്ഥ മറയ്ക്കാൻ കർണാടക അനുകൂല ക്യാമ്പയിനുമായി കോൺ​ഗ്രസ് സൈബർ സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

തിരുവനന്തപുരം > കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പത്താം ദിവസവും വലിയ പുരോ​ഗതിയില്ലാതെ പിന്നിടുമ്പോൾ കർണാടക സർക്കാരിനെ അനുകൂലിച്ച് കോൺ​ഗ്രസ് സൈബർസംഘം. അപകടത്തിന്റെ ആദ്യ ദിനം മുതൽ രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാർ കാണിക്കുന്ന അനാസ്ഥ മറയ്ക്കാനാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കോൺ​ഗ്രസിന്റെ സൈബർ വിങ്ങ് ശ്രമിക്കുന്നത്.

താങ്ക്യൂകർണാടക എന്ന ഹാഷ്‌ടാ​ഗിലാണ് കർണാടക സർക്കാരിനെയും രക്ഷാപ്രവർത്തനത്തെയും വെള്ളപൂശാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കർണാടകത്തിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനമാണെന്നും ഒരു മലയാളി ആയിട്ടുകൂടി അർജുന് വേണ്ടി 10 ദിവസമായി തിരച്ചിൽ നടത്തുകയാണെന്നുമാണ് കോൺ​ഗ്രസിന്റെ അനുഭാവികൾ പ്രചരിപ്പിക്കുന്നത്.

മറ്റെങ്ങുമില്ലാത്ത തരത്തിൽ ഇന്ത്യൻ സൈന്യത്തെ മുഴുവൻ ഇറക്കിയാണ് അർജുന് വേണ്ടി പരിശോധന നടത്തുന്നതെന്നും പ്രചാരണമുണ്ട്. അർജുനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അർജുന്റെ ഭൗതിക ശരീരം കണ്ടെത്താൻ വേണ്ടിയാണ് കർണാടക സർക്കാർ കഷ്ടപ്പെടുന്നതെന്നും കോൺ​ഗ്രസ് സംഘം പ്രചരിപ്പിച്ചു തുടങ്ങി. അർജുനെ കാണാനില്ലെന്ന് അറിയിച്ചിട്ട് മൂന്നുദിവസമായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അർജുന്റെ കുടുംബവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ഉൾപ്പെടെ ഇടപെട്ടതിനുശേഷമാണ് അന്വേഷണം കാര്യക്ഷമമാക്കിയത്. എങ്കിലും സേനയെ വിളിക്കാൻ പിന്നീടും വൈകി. ദുരന്ത സ്ഥലത്തുനിന്ന് സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുക പോലും ചെയ്ത എസ്‌പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എന്നിരിക്കെ സത്യങ്ങൾ പൂർണമായും മറച്ചുപിടിച്ച് കോൺ​ഗ്രസ് ഭരിക്കുന്ന കർണാടക സർക്കാരിന്റെ അനാസ്ഥയെ വെള്ളപൂശാനുള്ള തീവ്രശ്രമമാണ് കോൺ​ഗ്രസിന്റെ സൈബർ കൂട്ടങ്ങൾ നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ലോറി കണ്ടെത്തിയില്ലേയെന്നും കർണാടക സർക്കാരിനെതിരെ വികാരമുണ്ടാക്കരുതെന്നും പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top