19 September Thursday

കണ്ണീരിലും കരുത്തോടെ നാട്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ കര്‍ണാടക സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ കോഴിക്കോട്‌ 
കണ്ണാടിക്കൽ നടത്തിയ പ്രതിഷേധ പ്രകടനം

കോഴിക്കോട് > ആറാം ദിനത്തില്‍ സൈന്യമെത്തിയ പ്രതീക്ഷയിലാണ്‌ അര്‍ജുനായി കാത്തിരിക്കുന്ന കുടുംബവും നാടും. കര്‍ണാടകം അങ്കോളയിലെ ഷിരൂരിൽ രക്ഷാപ്രവർത്തനം ഊർജിതമാകാത്തതിലുള്ള രോഷവും ആശങ്കയും കുടുംബം കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞതോടെയാണ്‌ സൈന്യത്തിന്റെ സേവനം ലഭ്യമായത്‌. അവിടെനിന്ന്‌ എത്തുന്ന ഓരോ കോളിലും ആശ്വാസത്തിന്റെ വാർത്തയുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ വീട്‌.

അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ കര്‍ണാടകം സര്‍ക്കാർ പുലർത്തുന്ന അനാസ്ഥക്കെതിരെ നാടിന്റെ രോഷം കനത്തു. നാട്ടുകാരുടെ നേതൃത്വത്തിൽ തടമ്പാട്ട് താഴത്ത് ഞായര്‍ രാവിലെ പ്രകടനം നടത്തി. ശനി രാത്രി കണ്ണാടിക്കല്‍ അങ്ങാടിയില്‍ റോഡിലിരുന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രദേശത്തെ രാഷ്ട്രീയ–- സാംസ്കാരിക സംഘടനകൾ ചേര്‍ന്നായിരുന്നു പ്രതിഷേധം. ​ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) പ്രതിഷേധിച്ചു.

 കർണാടകം സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ തിങ്കളാഴ്‌ച ജില്ലയിലെ മുഴുവൻ തൊഴിൽകേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും.

ട്രക്ക് ലോറി ഡ്രൈവര്‍മാരും ഉടമകളും ചേര്‍ന്ന് കർണാടകം സർക്കാരിനെതിരെ- പ്രതിഷേധവുമായെത്തി. അര്‍ജുനെ കണ്ടെത്തുന്നതുവരെ ലോറികളൊന്നും- -നിരത്തിലിറക്കില്ലെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധം ഏകോപിപ്പിക്കാൻ 1200 അം​ഗങ്ങളുള്ള വാട്സ് ആപ് ​ഗ്രൂപ്പ് രൂപീകരിച്ചു.

റോഡിലിറങ്ങി ലോറികള്‍ തടയില്ലെന്നും അര്‍ജുനെ കണ്ടെത്തുന്നതുവരെ ​ഗ്രൂപ്പില്‍ അം​ഗങ്ങളായവരുടെ ആരുടെയും വണ്ടികള്‍ നിരത്തിലിറങ്ങില്ലെന്നും മലയോരം ട്രാന്‍സ്പോര്‍ട്ട്സ് ഉടമ ആലുവ സ്വദേശി സി എസ് കരീം പറഞ്ഞു. കുടുംബത്തിന്‌ ആശ്വാസവും പിന്തുണയുമായി നിരവധി പേർ ഇന്നും വീട്ടിലെത്തി. എംഎൽഎമാരായ ലിന്റോ ജോസഫ്‌, കെ എം സച്ചിൻദേവ്‌, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ എന്നിവർ കുടുംബത്തെ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top