19 December Thursday

അർജുന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തി; യാത്രാമൊഴി നൽകാൻ ജനപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

ഫോട്ടോ: വി കെ അഭിജിത്

കോഴിക്കോട്> അർജുന് യാത്രാമൊഴി നൽകാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത് വൻജനാവലി. രാവിലെ എട്ടരയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയ അർജുന്റെ ചേതനയറ്റ ശരീരം ഒരുനോക്കുകാണാൻ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. വിലാപയാത്രയിലും നാട് അണിനിരന്നു.

അർജുന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ജില്ലാ തീർത്തിയായ അഴിയൂരിൽ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, ജില്ലാ കലക്ടർ സ്നേഹിൽകുമാർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങി.

 

കണ്ണാടിക്കൽ ജംഗ്ഷനിൽ വിലാപയാത്രയിൽ പങ്കെടുക്കാൻ എത്തിയവർ ഫോട്ടോ: വി കെ അഭിജിത്

കണ്ണാടിക്കൽ ജംഗ്ഷനിൽ വിലാപയാത്രയിൽ പങ്കെടുക്കാൻ എത്തിയവർ ഫോട്ടോ: വി കെ അഭിജിത്

വീട്ടിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ്‌ കേരള സർക്കാർ വഹിക്കും. കർണാടക സർക്കാരിന്റെ  സഹായധനമായി അഞ്ച്‌ ലക്ഷം രൂപ  ബന്ധുക്കൾക്ക് കൈമാറും. കാർവാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന്‌ മൃതദേഹം വഹിച്ച ആംബുലൻസിനെ കേരളാ അതിർത്തിയായ മഞ്ചേശ്വരം തലപ്പാടിവരെ കർണാടക പൊലീസും അനുഗമിച്ചു.



ജൂലൈ 16ന്‌ അങ്കോളക്കടുത്ത്‌ ഷിരൂരിൽ മണ്ണിടിഞ്ഞ്‌ കാണാതായ അർജുന്റെ മൃതദേഹം  72 ദിവസത്തിനുശേഷം ബുധനാഴ്‌ചയാണ്‌ ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയത്‌. ഡിഎൻഎ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാൻ രണ്ടുദിവസം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചു. ഹുബ്ബള്ളി റിജണൽ സയൻസ്‌ ലബോറട്ടറിയിലാണ്‌ ഡിഎൻഎ പരിശോധന നടന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top