കോഴിക്കോട്
സൈന്യം എത്തുമെന്നും അർജുനെ കണ്ടെത്തുമെന്നുമാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അതെല്ലാം അവസാനിച്ചെന്നും കർണാടക അങ്കോളയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുന്റെ കുടുംബം. ‘അവിടുത്തെ ഭരണത്തിലും പൊലീസിലും വിശ്വാസമില്ല. ഇപ്പോൾ കേന്ദ്രത്തിലും വിശ്വാസം നഷ്‌ടമായി. സഹായിക്കാനാണ് കേന്ദ്രം പട്ടാളത്തെ വിട്ടതെങ്കിൽ അതിനുള്ള ഉപകരണങ്ങളും കരുതുമായിരുന്നു. ടണൽ ദുരന്തത്തിലുണ്ടായപോലെ മകൻ തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. അവനെ കണ്ടെത്തരുതെന്നും വാഹനം അവിടെയില്ലെന്ന് തെളിയിക്കണമെന്നും ആരുടെയൊക്കെയോ അഭിമാനപ്രശ്നമായപോലെ തോന്നുന്നു.’–- കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ വീട്ടിലിരുന്ന് അർജുന്റെ അമ്മ ഷീല പറഞ്ഞു. കേന്ദ്രത്തിന്റെയും കർണാടകയുടെയും സഹായം നമുക്ക് കിട്ടിയില്ല. പട്ടാളക്കാരെ അഭിമാനത്തോടെ കാണുന്നവരാണ് ഞങ്ങൾ. അച്ഛൻ പട്ടാളക്കാരനായിരുന്നു. ആ അഭിമാനമൊക്കെ നഷ്‌ടപ്പെടുന്നു. പട്ടാളത്തെ കുറ്റം പറയുകയല്ല. അവർക്ക് നിർദേശത്തിന്റെ കുറവുണ്ട്. സൈന്യത്തെ ഉപകരണമില്ലാതെ കൊണ്ടുവന്ന് കോമാളിയാക്കി. ആരാണോ അങ്ങനെ ചെയ്‌തത് അവരോടാണിത് പറയുന്നത്. മനുഷ്യന് ഇത്രയേ വിലയുള്ളൂ. ഇങ്ങനെ പറയേണ്ടിവരുമെന്ന് കരുതിയതേ അല്ല –- വിതുമ്പിക്കൊണ്ട് അമ്മ ലോകത്തോട് പറഞ്ഞു.
ഇവിടെ നിന്നുപോയവരെ അങ്ങോട്ട് കടത്തിവിടുന്നില്ല. പൊലീസ് മർദനമേറ്റാണ് അങ്ങോട്ടുപോകുന്നത്. മലയാളികളായതുകൊണ്ട് നമുക്ക് ശ്രദ്ധയും പിന്തുണയും കിട്ടി. ഉറ്റവരെ കാണാനില്ലെന്ന പരാതിയുമായി അവിടുത്തുകാരായ മൂന്ന് സ്‌ത്രീകൾ പോയപ്പോൾ അവരെ പൊലീസ് ആട്ടിയോടിച്ചുവെന്നാണ് ഇളയ മകൻ പറഞ്ഞത്. ഹോട്ടൽ ജോലിക്കാരനെ കാണുന്നില്ലെന്ന് പരാതിപ്പെട്ടവരുടെ മുന്നിലൂടെ അപകട സ്ഥലത്തേക്ക് മണ്ണ് കോരിയിടുകയായിരുന്നു അധികൃതർ. പുഴയുടെ അപ്പുറത്തും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ആർക്കും നീതി ലഭിക്കുന്നില്ല. അതൊക്കെ പുറം ലോകം അറിയുന്നുണ്ടോ. മലയാളത്തിൽ മാത്രമല്ല ഇന്ത്യയാകെ വാർത്തയെത്തണം.
ഇന്ത്യയിലാണോ ഇതൊക്കെ നടക്കുന്നതെന്ന് ചിന്തിച്ചുപോകുന്നു. സഹിക്കാൻ പറ്റുന്നില്ല. ഉള്ളിലുള്ളത് എന്റെ മകനാണ്. ജീവനോടെ കിട്ടുമെന്ന് ഇനിയൊരു പ്രതീക്ഷയില്ല. വീഴാൻ സാധ്യതയുള്ള കുഴിയുണ്ടായിട്ടും തിരയാതെ അതിൽ മണ്ണുകൊണ്ടുപോയി തള്ളുകയായിരുന്നു. മകന്റെ അവസ്ഥയോർത്ത് സഹനത്തിന്റെ അങ്ങേത്തലയെത്തി. കുറച്ചുപേർ നെഗറ്റീവ് കമന്റുകൾ പറയുന്നുണ്ട്. അവർക്കറിയില്ല ഞങ്ങളുടെ വേദന. കൂടുതലൊന്നും പറയാനില്ല.–- അമ്മ ഷീല പറഞ്ഞു. നിശ്ശബ്ദനായി അച്ഛൻ പ്രേമനും തൊട്ടടുത്തുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..