05 November Tuesday

അങ്കോള ദുരന്തം ; ദൗത്യം നീണ്ടേക്കും , അനുകൂല കാലാവസ്ഥവരെ കാത്തിരിക്കേണ്ടിവരും

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


അങ്കോള
പുഴയുടെ അടിയിൽ അഞ്ചുമീറ്റർ ഉയരത്തിൽ മണ്ണടിഞ്ഞിട്ടുണ്ടെന്ന ഡ്രോൺ പരിശോധനാഫലം ശരിയാണെങ്കിൽ അർജുനും ട്രക്കിനും വേണ്ടിയുള്ള തിരച്ചിൽ ഇനിയും നീളും. അഞ്ചുമീറ്റർ ആഴത്തിൽ കുഴിച്ച്‌ മുങ്ങി പരിശോധിക്കാൻ അനുകൂല കാലാവസ്ഥവരെ കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ്‌ ഡ്രോൺ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകിയ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ നൽകുന്നത്‌.

പുഴയിൽ ട്രക്കുണ്ടെന്ന വിവരം ബുധൻ വൈകിട്ട്‌ കിട്ടിയതോടെ, വ്യാഴം പകൽ ട്രക്കിനടുത്ത്‌ എത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഒരുപകൽ നീണ്ട തിരച്ചിൽ വൈകിട്ടോടെ അസ്ഥാനത്തായി. ട്രക്കും കാബിനും ഉണ്ടെന്ന്‌ പറയുന്ന ഭാഗം കണ്ടെത്തിയതല്ലാതെ കൃത്യമായി അടയാളപ്പെടുത്താനായിട്ടില്ല. അതുണ്ടെങ്കിലേ അടിയൊഴുക്ക്‌ കുറയുമ്പോൾ  മുങ്ങൽ വിദഗ്‌ധർക്ക്‌ ക്യാബിനകത്ത്‌ അർജുൻ ഉണ്ടോ എന്ന്‌ തിരയാൻ കഴിയൂ. മണ്ണിടിഞ്ഞ സമയം, അർജുൻ ട്രക്കിന്‌ പുറത്തായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌. അർജുനടക്കം മൂന്നുപേരെയാണ്‌ ഇനി കണ്ടെത്താനുള്ളത്‌.  

ആദ്യഘട്ടത്തിൽത്തന്നെ 
വീഴ്ച: സഹോദരീ ഭർത്താവ്‌
ആദ്യ മൂന്നുദിവസം അപകട സ്ഥലത്ത്‌ ഒരു രക്ഷാപ്രവർത്തനവും നടന്നില്ലെന്ന്‌ ആവർത്തിച്ച്‌ അർജുന്റെ സഹോദരീ ഭർത്താവ്‌ ജിതിൻ. ‘‘ട്രക്ക്‌ പുഴയിലുണ്ടാകുമെന്ന്‌ മുമ്പ്‌ കർണാടക അധികൃതർ പറഞ്ഞിട്ടില്ല. അങ്ങനെ പ്രചരിപ്പിക്കുന്നത്‌ തെറ്റാണ്‌. പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ല. വ്യാഴാഴ്‌ച കണ്ടെത്തുമെന്നാണ്‌ അധികൃതർ നൽകിയ ഉറപ്പ്‌. ഞങ്ങളുടെ എല്ലാ പ്രതീക്ഷയും അറ്റു’’–- ജിതിൻ പറഞ്ഞു.

ഡ്രോൺ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ മാധ്യമങ്ങളോട്‌ സംസാരിക്കുന്നു

ഡ്രോൺ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ മാധ്യമങ്ങളോട്‌ സംസാരിക്കുന്നു



വ്യാഴാഴ്‌ച ഷിരൂരിൽ 
നടന്നത്‌

രാവിലെ ആറ്‌:  ഷിരൂരിൽ കനത്തമഴ
ഏഴ്‌:  നാവികസേനയുടെ ഡിങ്കി ബോട്ടിൽ തിരച്ചിൽ
എട്ട്‌: അടിയൊഴുക്ക്‌ നിരീക്ഷിച്ച്‌ നാവികസേന
10.45: രണ്ടാമത്തെ ലോങ്‌ ബൂം എക്സ്‌കവേറ്റർ കരയിൽ എത്തിച്ചു
11:00  മൂന്നു ബോട്ടുകളിൽ ദൗത്യസംഘം ട്രക്കുള്ള സ്ഥലത്തേക്ക്‌
11.45: ഡൽഹിയിൽനിന്ന്‌ രാജധാനി എക്‌സപ്രസിൽ എത്തിച്ച റഡാർ ബാറ്ററികൾ സ്ഥലത്തേക്ക്‌
12.30: ഐ ബോർഡ്‌ ത്രീഡി ഇമേജ്‌ റഡാറുകൾ പരിശോധനക്ക്‌ ഒരുങ്ങി
1.05: റഡാറുകൾ പറത്തിത്തുടങ്ങി
3.30: മുങ്ങാൻ കഴിയില്ലെന്ന്‌ ജില്ലാ പൊലീസ്‌ മേധാവിയുടെ സ്ഥിരീകരണം
3.55: നാവികസേനാ ഉപകരണങ്ങളുമായി ഒരു ലോറി മടങ്ങി
വൈകിട്ട്‌ അഞ്ച്‌: ലോഹഭാഗങ്ങൾ സ്ഥിരീകരിച്ച്‌ അധികൃതരുടെ വാർത്താസമ്മേളനം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top