അങ്കോള
പ്രതീക്ഷകൾ അകലെ. 11–-ാം നാളിലും അർജുൻ കാണാമറയത്തുതന്നെ. വെള്ളിയാഴ്‌ച തിരച്ചിലിൽ ട്രക്കിന്റെ കൂടുതൽ മിഴിവുള്ള ഐ ബോർഡ് റഡാർ സിഗ്നൽ നാലാം പോയിന്റിൽ കിട്ടിയെന്ന് ദൗത്യസംഘം പറഞ്ഞു. വ്യാഴാഴ്‌ച മൂന്നാം പോയിന്റിലായിരുന്ന ട്രക്ക് തെന്നിനീങ്ങിയതാകാമെന്നാണ് നിഗമനം. വൈകിട്ട് അഞ്ചരയോടെ തിരച്ചിൽ നിർത്തി. കണ്ടെത്തിയ പുതിയ സിഗ്നൽ ട്രക്കാണെന്ന് ഏതാണ്ട് ഉറപ്പിക്കാമെന്ന് കലക്ടർ ലക്ഷ്‌മിപ്രിയയും എസ്‌പി എം നാരായണയും പറഞ്ഞു.
ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും മുങ്ങൽവിദഗ്‌ധരെ വെള്ളിയാഴ്‌ചയും കുഴപ്പിച്ചു. ഒഴുക്ക് ആറു നോട്സിൽനിന്ന് ഏഴായി വർധിച്ചു. ആർക്കും പുഴയിൽ ഇറങ്ങാനായില്ല. തെർമൽ പരിശോധനയിൽ മനുഷ്യശരീരത്തിന്റെ സാന്നിധ്യവും കിട്ടിയില്ല. ഐ ബോർഡ് റഡാർ മാത്രം നിരീക്ഷണ പറക്കൽ നടത്തി. പുഴയ്‌ക്ക് നടുവിൽ മൺകൂനയ്‌ക്ക് സമീപമാണ് പുതിയ സിഗ്നൽ കണ്ടെത്തിയത്. ഇതു കേന്ദ്രീകരിച്ചാകും പുതിയ തിരച്ചിൽ. അതിനായി കൂടുതൽ ഉപകരണങ്ങൾ ബംഗളൂരുവിൽ നിന്നെത്തിക്കും. മുങ്ങൽ വിദഗ്‌ധർക്കായി പോൺടൂൺ ബ്രിഡ്‌ജ് (ചങ്ങാടപ്പാലം) സജ്ജമാക്കും. ആവശ്യമെങ്കിൽ മത്സ്യതൊഴിലാളികളുടെ സഹായം തേടുമെന്ന് എസ്‌പി അറിയിച്ചു.
മേഖലയിൽ മൂന്നുദിവസംകൂടി ഓറഞ്ച് അലർട്ട് തുടരുന്നതിനാൽ അടിയൊഴുക്ക് ഇനിയും കൂടും. ട്രക്കുള്ള സ്ഥലം കണ്ടെത്തിയെങ്കിലും മനുഷ്യസാന്നിധ്യം ഉറപ്പില്ലാത്തതിനാൽ ദൗത്യം തുടരുന്നതിൽ നാവികസേനയ്‌ക്കും കർണാടക സർക്കാരിനും താൽപര്യമില്ല. അതേസമയം വെള്ളിയാഴ്‌ചത്തെ അവലോകന യോഗത്തിൽ തിരച്ചിൽ തുടരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിലപാടെടുത്തതോടെ കർണാടക അധികൃതരും അതിനൊപ്പംനിന്നു.
സാധ്യമായതെല്ലാം ചെയ്യും:
മന്ത്രി റിയാസ്
അർജുനടക്കം കാണാതായ മൂന്നുപേർക്കായി സാധ്യമായ എല്ലാ തിരച്ചിലും തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതിയ ഉപകരണങ്ങൾ എത്തിക്കും. ദുഷ്‌കരമായ കാലാവസ്ഥയാണ് പ്രധാന തിരിച്ചടി. –- അങ്കോളയിൽ അവലോകന യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. എം കെ രാഘവൻ എംപി, എംഎൽഎമാരായ കെ എം സച്ചിൻദേവ്, ലിൻഡോ ജോസഫ്, എ കെ എം അഷ്‌റഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. മന്ത്രി എ കെ ശശീന്ദ്രൻ രാത്രിയോടെ അങ്കോളയിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..