24 September Tuesday

അന്നയുടെ മരണം: പ്രധാനമന്ത്രിക്കും തൊഴിൽമന്ത്രിക്കും ഡിവൈഎഫ്‌ഐ ഒരു ലക്ഷം ഇ-മെയില്‍ അയക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

തിരുവനന്തപുരം> ജോലിസമ്മർദ്ദത്തെ തുടർന്ന് മലയാളിയായ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ അന്ന സെബാസ്‌റ്റ്യൻ മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധ ഇ- മെയിൽ ക്യാമ്പയിൻ നടത്തുന്നു. പ്രധാനമന്ത്രിക്കും തൊഴിൽമന്ത്രിക്കും സെപ്തംബർ 25, 26 തീയതികളിൽ ഒരു ലക്ഷം ഇ-മെയിൽ അയക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും അറിയിച്ചു.

അമിത ജോലി കാരണം അന്ന സെബാസ്റ്റ്യൻ മരണപ്പെട്ട വിഷയത്തിൽ കേന്ദ്ര ഗവൺമെന്റ് മറുപടി പറയണമെന്നും ഈ വിഷയത്തിൽ യുവജനങ്ങളെ അപഹസിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമൻ മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ ചൂഷണം വ്യാപകമാണ്. അവിടെ ജോലി ചെയ്യുന്ന ആളുകൾക്ക് കടുത്ത മാനസിക സമ്മർദ്ദമാണ് ഉണ്ടാവുന്നത്. 16- 17 മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിച്ചാൽ പിരിച്ചവിടപ്പെടുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്യുകയാണ് പതിവ്. കൂടാതെ അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആഭ്യന്തര പരാതി പരിഹാര സെല്ലിൽ പരാതിപ്പെടാൻ അതിനാൽ ആളുകൾ തയ്യാറാവുന്നില്ല.

കോർപ്പറേറ്റ് മേഖലയിൽ നിലനിൽക്കുന്ന ഇത്തരം കടുത്ത  ചൂഷണം കാരണമാണ് അന്ന സെബാസ്റ്റ്യൻ മരണപ്പെട്ടത്. ഇനിയൊരു അന്ന സെബാസ്റ്റ്യൻ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ ശക്തമായ ഇടപെടൽ നടത്തണം. സ്വകാര്യ കോർപ്പറേറ്റ് മേഖലയിൽ തൊഴിലാളികൾക്ക് സംഘടിക്കാനുള്ള സാഹചര്യം ഉണ്ടാവണം. സംഘടനാസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top