തിരുവനന്തപുരം > നാൽപ്പത്തേഴു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനി വൈകിട്ട് ഏഴോടെ അനുഷ്ക ആശുപത്രിവിട്ടു. യാത്ര പറയുമ്പോൾ പുതിയ ജീവിതം സമ്മാനിച്ച ശ്രീചിത്രയിലെ ഡോക്ടർമാർക്കും പരിചരിച്ച നഴ്സുമാർക്കും ഉള്‍പ്പെടെ നന്ദി അറിയിച്ചു. തുടർചികിത്സയ്ക്കുള്ള സൗകര്യത്തിനായി അച്ഛനമ്മമാരോടൊപ്പം മെഡിക്കൽ കോളേജിനു സമീപത്തെ വാടകവീട്ടിലേക്കാണ് അനുഷ്ക പോയത്.
കഴിഞ്ഞ ജൂലൈയിലാണ് കൊല്ലം സ്വദേശി ഡാലിയ ടീച്ചറുടെ ഹൃദയം ശ്രീചിത്രയിൽ നടന്ന ശസ്ത്രക്രിയയിലൂടെ അനുഷ്കയിലേക്ക് മാറ്റിവച്ചത്. ചേറ്റുവ ഏങ്ങണ്ടിയൂർ ചക്കാണ്ടൻ വീട്ടിൽ രമേഷിന്റെയും വിജിതയുടെയും മകളായ അനുഷ്കയ്ക്ക് ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്ന അസുഖമായിരുന്നു. ഏതാനും വർഷങ്ങളായി ശ്രീചിത്രയിലെ ചികിത്സയിൽ തുടർന്നുവന്ന അനുഷ്കയ്ക്ക് ഹൃദയം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അങ്ങനെ ശ്രീചിത്രയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി അനുഷ്കയിൽ പൂർത്തീകരിക്കുകയായിരുന്നു.
ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അനുഷ്കയ്ക്ക് അസുഖം മൂലം ഈ അധ്യയന വർഷം ഒരാഴ്ച മാത്രമാണ് സ്കൂളിൽ പോകാനായത്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആശുപത്രി വാസത്തിനിടയിൽ ഹൃദയത്തിന്റേതടക്കം നിരവധി ചിത്രങ്ങളാണ് അനുഷ്കവരച്ചത്. ഹൃദയത്തിന്റെ ചിത്രത്തിൽ "എ ലിറ്റിൽ ഹാർട്ട്, ഡെഡിക്കേറ്റഡ് ടു ശ്രീചിത്ര ഹോസ്പിറ്റൽ’ എന്നെഴുതിയാണ് അവൾ ചിത്രം പൂർതിയാക്കിയത്. ഹൃദയത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി അനിമേഷൻ വീഡിയോയും പുറത്തുവന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..