ഇരിട്ടി > ആറളം ഫാമിൽ ആനമതിൽ നിർമിക്കാൻ 53 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. നേരത്തെ 22 കോടി രൂപയുടെ പദ്ധതിക്കായിരുന്നു അനുമതി. എസ്‌ടി വകുപ്പ് സമർപ്പിച്ച പുതിയ എസ്‌റ്റിമേറ്റിനാണ് എസ്‌വിജി യോഗം അംഗീകാരം നൽകിയത്. ബ്ലോക്ക് പത്തിൽ കണ്ണാ രഘു കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്‌പീക്കർ എ എൻ ഷംസീർ ഫാം സന്ദർശിച്ചിരുന്നു. തുടർന്ന് തിരുവനന്തപരുത്ത് സ്‌പീക്കറുടെ സാന്നിധ്യത്തിൽ മന്ത്രിതല യോഗം ചേർന്നു. ഇതിന്റെ തുടർച്ചയായി ചേർന്ന സ്‌പെഷ്യൽ വർക്കിങ് ഗ്രൂപ്പ് യോഗത്തെ തുടർന്നാണ് ഭരണാനുമതി ലഭിച്ചത്.
കൂപ്പ് റോഡിന് 35,47,163.90, ആനമതിലിന് 17,17,97,128. 18, ആനമതിൽ ഗേറ്റിന് 3,50,224 രൂപ വീതം ഒന്നാം ഫേസിൽ കാട്ടാന പ്രതിരോധ നിർമാണ പ്രവൃത്തി നടത്തും. രണ്ടാം ഫേസിൽ ആനമതിലിന് 26,02,94,183.30, റെയിൽ വേലിക്ക് 1,07,39, 662.51, കൂപ്പ് റോഡിന് 43,95,835 രൂപ വിതമുള്ള പ്രവൃത്തികളും നടത്തും. നേരത്തെ പ്രഖ്യാപിച്ച 22 കോടിയിൽ 11 കോടി പൊതുമരാമത്ത് അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്‌തിട്ടുണ്ട്. ബാക്കിയുള്ള 42 കോടി രൂപ കൂടി ഉടൻ കൈമാറാനാണ് തീരുമാനമെന്ന് സംസ്ഥാന ടിആർഡിഎം ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ ബാബു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..