പിറവം
അടച്ചുപൂട്ടൽ അഴിഞ്ഞപ്പോൾ അരീക്കൽ വെള്ളച്ചാട്ടം കാണാൻ ജനത്തിരക്കേറി. പിറവം–-കൂത്താട്ടുകുളം റോഡിൽ കാക്കൂർ കൂരാപ്പിള്ളി കവലയിൽനിന്ന് തിരിഞ്ഞ് വെട്ടിമൂട് റോഡിൽ രണ്ടരക്കിലോമീറ്റർ സഞ്ചരിച്ചാൽ അരീക്കലിൽ എത്താം. ചെറിയ തോട്ടിലൂടെ ഒഴികിവരുന്ന വെള്ളം കൂറ്റൻ പാറക്കെട്ടിനുമുകളിൽനിന്ന് താഴേക്ക് പതിക്കുന്ന മനോഹാരിത കാണാൻ ദൂരദേശങ്ങളിൽനിന്നുവരെ ധാരാളംപേർ എത്തുന്നുണ്ട്.
കോവിഡ് മാനദണ്ഡപ്രകാരം ഇവിടെ സഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് ജനത്തിരക്കേറിയത്. മഴക്കാലം കഴിഞ്ഞ് വെള്ളം കുറയുന്നതോടെ വെള്ളച്ചാട്ടം ഇല്ലാതാകും. ഇതിന് പരിഹാരം കാണണമെന്ന് ഇവിടെ എത്തുന്ന വിനോദസഞ്ചാരികളും പ്രദേശവാസികളും പറയുന്നു. എം ജെ ജേക്കബ് എംഎൽഎയായിരിക്കെ എംവിഐപി കനാലിൽനിന്ന് വെള്ളമെത്തിച്ച് വെള്ളച്ചാട്ടം എപ്പോഴും സജീവമാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പിന്നീട് സുഷമ മാധവൻ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഗ്രാമീണ ടൂറിസം പദ്ധതിയിൽപ്പെടുത്തി അരീക്കലിന്റെ വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരുന്നു. ഇത് നടപ്പാക്കി അരീക്കലിനെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..