22 December Sunday
ലക്ഷ്യം കോ–-ലീ–-ബി നോമിനേറ്റഡ്‌ സിൻഡിക്കറ്റ്‌

കലിക്കറ്റ്‌ സിൻഡിക്കറ്റ്‌ പിരിച്ചുവിടണമെന്ന്‌ ഗവർണർക്ക്‌ ലീഗിന്റെ ഉപദേശം

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

മലപ്പുറം
കലിക്കറ്റ്‌ സർവകലാശാലാ സിൻഡിക്കറ്റ്‌ പിരിച്ചുവിടാൻ ഗവർണറോട്‌ ഉപദേശിച്ച്‌ മുസ്ലിംലീഗ്‌.  ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ്‌ സിൻഡിക്കറ്റംഗങ്ങൾ ചാൻസലർകൂടിയായ ഗവർണർക്ക്‌ കത്തുനൽകി. സിൻഡിക്കറ്റ്‌ പിരിച്ചുവിടാൻ ഗവർണർ ആലോചിക്കുന്നതായി ലീഗ്‌ മുഖപത്രം വാർത്തയും നൽകി. കലിക്കറ്റ്‌ സർവകലാശാലയിൽ ലീഗ്‌–-സംഘപരിവാർ കൂട്ടുകെട്ടിന്റെ അവിശുദ്ധ നീക്കമാണ്‌ ഇതിലൂടെ പുറത്തായത്‌. കോൺഗ്രസും ലീഗും ബിജെപിയും ഉൾപ്പെടുന്ന നോമിനേറ്റഡ്‌ സിൻഡിക്കറ്റിനെ സ്വപ്‌നംകണ്ടാണ്‌ നീക്കം.

കലിക്കറ്റിൽ സംഘപരിവാർ നോമിനിയായ ഗവർണറും ലീഗ്‌ സിൻഡിക്കറ്റംഗങ്ങളും സഖ്യകക്ഷികളെപ്പോലെയാണ്‌ പ്രവർത്തിക്കുന്നത്‌. സെനറ്റിലേക്കുള്ള ഗവർണറുടെ നോമിനികളിൽ നാലുപേർ ലീഗുകാരായിരുന്നു. ബാക്കി പത്തുപേർ ബിജെപിയും. ഇതിനെ പേരിനുപോലും ലീഗ്‌ എതിർത്തില്ല.

സിൻഡിക്കറ്റിൽ ആദ്യമായി ബിജെപി അംഗത്തിന്‌ കടന്നുവരാൻ ലീഗ്‌ വഴിയൊരുക്കി. സെനറ്റിലും സിൻഡിക്കറ്റിലും ഇടതുപക്ഷത്തിനെതിരെ കോ–-ലീ–-ബി സഖ്യമായാണ്‌ ഇവരുടെ പ്രവർത്തനം.

സർവകലാശാലകളെ വർഗീയവൽക്കരിക്കാനുള്ള സംഘപരിവാരങ്ങൾക്കെതിരെ ഇടതുപക്ഷം ശക്തമായ പ്രതിരോധം തീർക്കുമ്പോൾ ലീഗ്‌ ബിജെപിക്കൊപ്പം ചേരുകയാണ്‌. ഇടതുപക്ഷ അംഗങ്ങൾ സർവകലാശാലയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണെന്ന്‌ ചൂണ്ടിക്കാട്ടി ലീഗ്‌ അംഗങ്ങളായ ഡോ. പി റഷീദ് അഹമ്മദും സി പി ഹംസയും  ഗവർണർക്ക്‌ കത്ത്‌ നൽകിയത്‌ ഇതിന്റെ ഭാഗമാണ്‌. സിൻഡിക്കറ്റ്‌ പിരിച്ചുവിടണമെന്നാണ്‌ ഇവരുടെ ആവശ്യം. സർവകലാശാലയ്‌ക്ക് ലക്ഷങ്ങൾ നഷ്ടംവരുത്തിയ ലീഗ് അനുകൂല സംഘടന സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് പ്രസിഡന്റ്‌ ടി മുഹമ്മദ്‌ സാജിദിനെ രക്ഷിക്കാനും ഗവർണറുടെ സഹായം തേടിയിട്ടുണ്ട്‌.  താൽക്കാലിക വിസി ഡോ. പി രവീന്ദ്രനെ ഉപയോഗിച്ചാണ്‌ കോ–-ലീ–-ബി സഖ്യത്തിന്റെ നീക്കം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top