24 December Tuesday

കർണാടകത്തെ വിശ്വാസമില്ല: നെഞ്ചുപൊട്ടി അർജുന്റെ കുടുംബം

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024

അങ്കോളയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ അമ്മ ഷീല മാധ്യമങ്ങളോട് സംസാരിക്കുന്നു. അച്ഛൻ പ്രേമൻ, സഹോദരി അഞ്ജു, ഭാര്യ കൃഷ്ണപ്രിയ, മകൻ അയാൻ എന്നിവർ സമീപം


കോഴിക്കോട്‌
അങ്കോളയിലെ മണ്ണിടിച്ചിലിൽ  കർണാടകസർക്കാർ  നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ വിശ്വാസം നഷ്‌ടപ്പെട്ടെന്നും സൈന്യത്തെ ഇറക്കണമെന്നും  ദുരന്തത്തിൽ അകപ്പെട്ട   അർജുന്റെ കുടുംബം. ‘രക്ഷാപ്രവർത്തനത്തിന്‌ സൈന്യത്തെ കൊണ്ടുവരണം. അല്ലെങ്കിൽ കേരളത്തിലെ  സന്നദ്ധരായവരെ രക്ഷാപ്രവർത്തനം നടത്താൻ അനുവദിക്കണം. അവിടെയുള്ള സംവിധാനങ്ങളിൽ വിശ്വാസം നഷ്‌ടപ്പെട്ടു. അവിടെ പോയ മക്കൾക്ക്‌ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുണ്ട്‌. മകന്റെ വണ്ടിയുടെ ഉടമയെ ഉന്നതപൊലീസ്‌ ഉദ്യോഗസ്ഥർ മർദിച്ചു’–-  കോഴിക്കോട്‌ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ  അർജുന്റെ അമ്മ ഷീല വാർത്താസമ്മേളനത്തിൽ നിറകണ്ണുകളോടെ പറഞ്ഞു. സൈന്യത്തിന്റെ സേവനം ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും  കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിക്കും നിവേദനം നൽകി.

  കത്ത്‌ കിട്ടിയെന്നും നടപടികളെടുക്കുമെന്നും  മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചതായും അവർ പറഞ്ഞു.അർജുൻ കുടുങ്ങിയെന്ന്‌ പറയുന്ന സ്ഥലത്ത്‌ എത്രയോ വണ്ടിക്കാർ വിശ്രമിക്കാറുണ്ട്‌. പതിനഞ്ചിലേറെ ആളുകളും ആറോളം വണ്ടികളും അവിടെ കണ്ടെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നത്‌ കന്നഡ വാർത്തകളിലുണ്ടായിരുന്നു. അതൊന്നും അധികൃതർ ശ്രദ്ധിച്ചില്ല.  ഇത്രയും ജീവനുകൾക്ക്‌ ഒരു വിലയുമില്ലേ.  അർജുനായി മണ്ണെടുത്തുതുടങ്ങിയപ്പോൾ എത്ര മൃതദേഹങ്ങൾ കിട്ടിയെന്നോ വണ്ടികൾ കിട്ടിയെന്നോ പുറംലോകം അറിയുന്നില്ല. വിവരം പുറത്തുവിടണം.  ഞങ്ങളുടെ മകനെ എത്രയും വേഗം തിരിച്ചുകിട്ടണം. –- ഷീല പറഞ്ഞു. അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയ, അച്ഛൻ പ്രേമൻ, സഹോദരി അഞ്ജു എന്നിവരും മാധ്യമങ്ങളോട്‌ സംസാരിച്ചു.
‘രക്ഷാപ്രവർത്തനം 
നിർത്തിവയ്‌ക്കരുത്‌’

അർജുനെ കണ്ടുകിട്ടുന്നതുവരെ രക്ഷാപ്രവർത്തനം നിർത്തിവയ്‌ക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. അവിടെ നടക്കുന്ന സംഭവങ്ങളിൽ ഞങ്ങൾക്കെല്ലാം പേടിയുണ്ട്‌. തിരുവനന്തപുരത്തുനിന്നെത്തിയ രക്ഷാപ്രവർത്തകനുമായി ചെന്നപ്പോൾ തടഞ്ഞുവച്ചു, ലോറി ഉടമയെ മർദിച്ചു.  ഇത്രയും സമ്മർദമുണ്ടായിട്ടും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ല. ഒന്നോ രണ്ടോ ദിവസം കൂടി കാത്തിരിക്കാം എന്നാണ്‌ അവിടുത്തെ മന്ത്രി പറഞ്ഞത്‌.
പരാതി കൊടുത്തത്‌ 16ന്‌; എഫ്‌ഐആർ ഇട്ടത്‌ 19ന്‌അർജുനെ കാണാനില്ലെന്ന വിവരം അറിഞ്ഞില്ലെന്നാണ്‌ കർണാടക പൊലീസ്‌  പറയുന്നത്‌. 16ന്‌ രാത്രി അങ്കോള പൊലീസ്‌ സ്‌റ്റേഷനിൽ സഹോദരി വിളിച്ചപ്പോൾ അവർ പറഞ്ഞത്‌ ഉടമയുടെ പരാതി   കിട്ടിയെന്നായിരുന്നു. ഫോട്ടോ ചോദിച്ചപ്പോൾ അയച്ചുകൊടുത്തു. 17ന്‌ രാവിലെ അവിടെയെത്തിയ അനുജൻ അഭിജിത്തടക്കം സ്‌റ്റേഷനിൽ നിരവധി തവണ കയറിയിറങ്ങി. എന്നാൽ ഇന്നലെ(വെള്ളി) മാത്രമാണ്‌ എഫ്‌ഐആർ ഇട്ടതെന്നും ബന്ധുക്കൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top