28 September Saturday

അർജുൻ മടങ്ങി , അവസാന യാത്ര ; സംസ്‌കാരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

അർജുന്റെ മൃതദേഹം കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കയറ്റുന്നു ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ


കാർവാർ
പ്രിയപ്പെട്ട അർജുന്റെ ചേതനയറ്റ ശരീരം സങ്കടഭാരം താങ്ങാനാകാത്ത ഹൃദയത്തോടെ സഹോദരൻ അഭിജിത്തും സഹോദരീ ഭർത്താവ്‌ ജിതിനും ഏറ്റുവാങ്ങി. വൈകിട്ട്‌ ആറരയോടെ കാർവാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന്‌ മൃതദേഹം വഹിച്ച ആംബുലൻസ്‌ കോഴിക്കോട്ടേക്ക്‌ തിരിച്ചു.

വെള്ളി പകൽ രണ്ടിന്‌ ഡിഎൻഎ സാമ്പിൾ അർജുന്റേത്‌ തന്നെയെന്ന വിവരം വന്നു. അഞ്ചരയോടെ രണ്ടാംഘട്ട പരിശോധനാഫലവും  ഉറപ്പിച്ചു. തുടർന്ന്‌ മൃതദേഹം വിട്ടുകൊടുക്കാൻ  നടപടി  തുടങ്ങി. ആറോടെ രേഖകൾ പൂർത്തിയാക്കി കൈമാറി. കേരളാ അതിർത്തിയായ മഞ്ചേശ്വരം തലപ്പാടിവരെ കർണാടക പൊലീസും ആംബുലൻസിനെ അനുഗമിച്ചു. കാർവാർ എംഎൽഎ സതീഷ്‌ കൃഷ്‌ണ സെയിൽ, എ കെ എം അഷ്‌റഫ്‌ എംഎൽഎ എന്നിവരും ഒപ്പമുണ്ട്‌.

മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ്‌ കേരള സർക്കാർ വഹിക്കും. വിലാപയാത്രയായാണ്  മൃതദേഹം കണ്ണാടിക്കൽ ബസാറിൽനിന്ന് വീട്ടിലെത്തിക്കുക. പൊതുദർശനശേഷം  വീട്ടുമുറ്റത്തെ ചിതയിൽ സംസ്കരിക്കും. കർണാടക സർക്കാരിന്റെ  സഹായധനമായി അഞ്ച്‌ ലക്ഷം രൂപ  ബന്ധുക്കൾക്ക് കൈമാറും.
ജൂലൈ 16ന്‌ അങ്കോളക്കടുത്ത്‌ ഷിരൂരിൽ മണ്ണിടിഞ്ഞ്‌ കാണാതായ അർജുന്റെ മൃതദേഹം  72 ദിവസത്തിനുശേഷം ബുധനാഴ്‌ചയാണ്‌ ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയത്‌. ഡിഎൻഎ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാൻ രണ്ടുദിവസം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചു. ഹുബ്ബള്ളി റിജണൽ സയൻസ്‌ ലബോറട്ടറിയിലാണ്‌ ഡിഎൻഎ പരിശോധന നടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top