17 November Sunday
മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു

അർജുൻ ഇനി നാടിന്റെ ഹൃദയത്തിൽ

ഹർഷാദ്‌ മാളിയേക്കൽUpdated: Saturday Sep 28, 2024

അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അമ്മ കൃഷ്ണപ്രിയയുടെ മടിയിലിരുന്ന് തൊടാൻ ശ്രമിക്കുന്ന മകൻ അയാൻ. അർജുന്റെ സഹോദരങ്ങളായ അഞ്ജുവും അഭിരാമിയും സമീപം. / ഫോട്ടോ: ബിനുരാജ്


കോഴിക്കോട്  
കാത്തിരിപ്പിന്റെ 75–ാം ദിവസം കണ്ണീരോടെ നാട് അർജുനെ യാത്രയാക്കി. കാത്തിരുന്നു കലങ്ങിയ കണ്ണുകളെല്ലാം വീണ്ടും നിറഞ്ഞു. കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് ലോറിയോടൊപ്പം കാണാതായി 72ാം ദിവസം ​ഗം​ഗാവലിപ്പുഴയിൽനിന്ന്‌ വീണ്ടെടുത്ത അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ അമരാവതി വീട്ടുവളപ്പിൽ സംസ്കരിച്ചു. പകൽ 11.15ഓടെ പൊതുദർശനം പൂർത്തിയാക്കി സഹോദരൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമം നടത്തി. 11.45ന് അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. അർജുന്റെ മുഖം അവസാനമായി ഒരു നോക്ക്‌ കാണാനാവാത്തതിന്റെ സങ്കടം വീട്ടുകാരിൽ അണപൊട്ടി. അച്ഛനെ കാണണമെന്നുപറഞ്ഞ്‌ കരഞ്ഞ മകന്‍ അയാനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.  

ശനി പുലർച്ചെ 5.15 ഓടെ ജില്ലാ അതിർത്തിയായ അഴിയൂരിലെത്തിച്ച മൃതദേ​ഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ കെ ശശീന്ദ്രൻ ഏറ്റുവാങ്ങി. പൂളാടിക്കുന്നിൽ കാത്തുനിന്നവരോടൊപ്പം വിലാപയാത്രയായി രാവിലെ 8.15ന് കണ്ണാടിക്കലിലെത്തി. ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി അമരാവതി വീട്ടിലേക്ക് നടന്നു. സിപിഐ എം കണ്ണാടിക്കല്‍ നോര്‍ത്ത് വെസ്റ്റ് ബ്രാഞ്ച്  ഓഫീസായ ഇ കെ നായനാര്‍ മന്ദിരത്തിന് മുമ്പില്‍നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം കൊണ്ട് അന്ത്യാഭിവാദ്യമേകി. റോഡിനിരുവശവും തിങ്ങിനിറഞ്ഞവരുടെ യാത്രാമൊഴി ഏറ്റുവാങ്ങി ഒമ്പതോടെ വീടിന്റെ മുന്നിൽ അർജുനുമായുള്ള ആംബുലൻസെത്തി. 9.15 ഓടെ വീടിനുള്ളിലേക്ക് എത്തിച്ചു. കുടുംബാംഗങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമിടയില്‍ അര്‍ജുന്‍ അവസാനമായി കിടന്നു. അച്ഛൻ പ്രേമനും അമ്മ ഷീലയും സഹോദരങ്ങളായ അഞ്ജു, അഭിരാമി, അഭിജിത്ത്, ഭാര്യ കൃഷ്ണപ്രിയ, മകൻ അയാൻ, സഹോദരീ ഭർത്താവ് ജിതിൻ എന്നിവരുൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. 9.35 ഓടെ വീടിന് മുൻവശത്തായി ഒരുക്കിയ സ്ഥലത്ത് പൊതുദർശനത്തിനായി വച്ചു. നാനാദിക്കിൽനിന്നുമെത്തിയ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ കെ ശശീന്ദ്രനും സംസ്ഥാന സർക്കാരിനുവേണ്ടി കലക്ടർ സ്നേഹിൽ കുമാർ സിങ്ങും മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top