22 December Sunday
ട്രക്ക്‌ കണ്ടെത്തിയത്‌ കരയിൽനിന്ന് 
60 മീറ്റർ അകലെ ഗംഗാവലിപ്പുഴയിൽ 12 മീറ്റർ താഴ്ചയിൽ

എഴുപത്തിരണ്ടാം നാൾ ഉത്തരം ; ടയറടക്കം ട്രക്കിന്റെ മുഴുവൻ ഷാസിയും കണ്ടെത്തി , മൃതദേഹം ഡിഎൻഎ പരിശോധനയ്‌ക്ക്‌

വിനോദ്‌ പായംUpdated: Thursday Sep 26, 2024

ട്രക്ക്‌ ഷിരൂർ ഗംഗാവലി പുഴയിൽനിന്ന്‌ ക്രെയിൻ ഉപയോഗിച്ച്‌ തീരത്ത് എത്തിച്ചപ്പോൾ 
ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ


അങ്കോള (കർണാടകം)
കേരളത്തിന്റെ കാത്തിരിപ്പിന്‌ 72–-ാം ദിനം ഉത്തരം. ദേശീയപാത 66ൽ ഉത്തര കന്നഡയിലെ അങ്കോളക്കടുത്ത്‌ ഷിരൂർ ഗംഗാവലി പുഴയിൽ ജൂലൈ 16ന്‌ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുൻ (30) ഓടിച്ചിരുന്ന ട്രക്ക്‌ കണ്ടെത്തി. ട്രക്കിന്റെ ക്യാബിനിൽനിന്ന്‌ അർജുന്റേതെന്നു കരുതുന്ന  മൃതദേഹഭാഗവും ലഭിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂ.  മംഗളൂരു ലാബിൽനിന്ന്‌ ഫലം വന്നശേഷം മൃതദേഹം കുടുംബത്തിന്‌ വിട്ടുനൽകുമെന്ന്‌ കലക്ടർ ലക്ഷ്‌മിപ്രിയ പറഞ്ഞു.

ഷിരൂരിൽ മണ്ണിടിഞ്ഞ കരയിൽനിന്നും 60 മീറ്റർ അകലെ 12 മീറ്റർ താഴ്ചയിലാണ്‌ ട്രക്കുണ്ടായത്‌. നാവികസേന മാർക്കുചെയ്‌ത ഒന്നും രണ്ടും പോയന്റിനിടയിൽ രണ്ടിനടുത്താണിത്‌. ബുധൻ പകൽ 11.30 ഓടെ ഡ്രഡ്‌ജിങ്‌ കമ്പനിയുടെ മുങ്ങൽ വിദഗ്‌ധരാണ്‌ കീഴ്‌മേൽ കിടക്കുന്ന നിലയിൽ കറുത്ത വാഹനഭാഗം കണ്ടത്‌. ഹുക്കിട്ട്‌ ഉയർത്താനുള്ള ശ്രമത്തിനിടയിൽ  മഴ പെയ്‌തു. പകൽ മൂന്നരയോടെ ട്രക്ക്‌ ഉയർത്തി. പുറത്തെത്തുമ്പോൾ തന്നെ ട്രക്ക്‌, മനാഫ്‌ തിരിച്ചറിഞ്ഞു. ഇതിനിടയിൽ എൻഡിആർഎഫ്‌ സംഘം ക്യാബിനിലെ മൃതദേഹഭാഗം ഡ്രഡ്‌ജറിലേക്കും പിന്നാലെ ഡിങ്കി ബോട്ടിൽ കരയിലേക്കും കാർവാർ ഗവ. ആശുപത്രിയിലേക്കും മാറ്റി.  വൈകിട്ട്‌ അഞ്ചിന്‌ കാർവാർ എംഎൽഎ സതീഷ്‌ ചന്ദ്ര സെയിൽ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. അഞ്ചരയോടെ തകർന്ന ട്രക്ക്‌ തീരത്തെത്തിക്കുന്നതിനിടയിൽ രണ്ടുപ്രാവശ്യം വടം പൊട്ടി. തകർന്നുവെങ്കിലും ചിന്നിച്ചിതറാത്ത നിലയിലാണ്‌ ട്രക്ക്‌. വ്യാഴാഴ്ച കരയിൽ കയറ്റും.

ടയറടക്കം മുഴുവൻ ഷാസിയും കണ്ടെത്തി. ലോഡുകയറ്റുന്ന ഭാഗം  തെറിച്ചുപോയി. കർണാടക രാമനഗരയിൽനിന്ന്‌ കല്ലായിയിലേക്ക്‌ തടിയെത്തിക്കുന്ന ട്രക്കിലെ ഡ്രൈവറാണ്‌ അർജുൻ. 16ന്‌ രാവിലെ ഷിരൂരിലെ ധാബയിൽ ഭക്ഷണം കഴിച്ച്‌ ട്രക്കിൽ ഉറങ്ങുമ്പോഴാണ്‌ മണ്ണിടിഞ്ഞത്‌. കടയുടമ ലക്ഷ്‌മണ നായിക്കിന്റെ കുടുംബമടക്കം 10 പേരാണ്‌ മരിച്ചത്‌. ഇനി കണ്ടെത്താനുള്ള ലാകേഷ്‌, ജഗന്നാഥൻ എന്നിവർക്കായി തിരച്ചിൽ തുടരും. മണ്ണിടിഞ്ഞ്‌ 73 മണിക്കൂറിന്‌ ശേഷമാണ്‌ അർജുനെ കാണാനില്ലെന്ന കാര്യം കേരളമറിയുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട്‌ വിളിച്ചതോടെയാണ്‌ തിരച്ചിൽ സജീവമായത്‌. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസും എ കെ ശശീന്ദ്രനും ഷിരൂരിൽ എത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top