തിരുവനന്തപുരം> ഹിറ്റ് സിനിമകളുടെ നിർമാതാവും സംവിധായകനുമായ അരോമ മണി (എം മണി–85) അന്തരിച്ചു. കുന്നുകുഴി താര ലെയ്‌നിലെ വസതിയായ ‘മീന ഭവനി’ൽ ഞായർ പകലായിരുന്നു അന്ത്യം. മൃതദേഹം തിങ്കൾ രാവിലെ 10.30 മുതൽ 11.30വരെ തെെക്കാട് ഭാരത്‌ഭവനിൽ പൊതുദർശനത്തിനു വയ്‌ക്കും. സംസ്‌കാരം പകൽ 1.30 ന് അരുവിക്കരയിലെ അരോമ ഗാർഡൻസിൽ.
അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ 62 സിനിമ നിർമിച്ചു. മധു നായകനായ ധീരസമീരെ യമുനാതീരെ (1977) ആദ്യസിനിമ. റൗഡി രാമു, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്‌ക്കൊരുമ്മ, തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, ഇരുപതാം നൂറ്റാണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, പണ്ട് പണ്ടൊരു രാജകുമാരി, ധ്രുവം, കമ്മീഷണർ, എഫ്‌ഐആർ, പല്ലാവൂർ ദേവനാരായണൻ, കാശി (തമിഴ്), മിസ്റ്റർ ബ്രഹ്‌മചാരി, ബാലേട്ടൻ, ദ്രോണ, ആഗസ്റ്റ് 15, ആർട്ടിസ്റ്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
ആ ദിവസം, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, മുത്തോടു മുത്ത്, എന്റെ കളിത്തോഴൻ, ആനക്കൊരുമ്മ, പച്ചവെളിച്ചം എന്നീ സിനിമകൾ സംവിധാനം ചെയ്തു. പി പത്മരാജൻ സംവിധാനം തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിൽ സംവിധാനം ചെയ്‌ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്നിവയ്‌ക്ക് ദേശീയ അവാർഡ് ലഭിച്ചു. ഭാര്യ: പരേതയായ കൃഷ്‌ണമ്മ. മക്കൾ: സുനിത, സുനിൽകുമാർ (കുമാർ), അനിൽകുമാർ (ബാബു). മരുമക്കൾ: സുബ്രഹ്‌മണ്യൻ, പിങ്കി, സന്ധ്യ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..