08 September Sunday

ബോക്‌സ്‌ ഓഫീസിലെ ‘മണി’കിലുക്കം

ഡി കെ അഭിജിത്ത്‌Updated: Monday Jul 15, 2024

photo credit: X

 
മലയാളത്തിൽ ഏറ്റവുമധികം സിനിമകൾ ഒരുക്കിയ നിർമാതാവാണ്‌ അരോമ മണി എന്ന എം മണി. 62 സിനിമയാണ് അദ്ദേഹം നിർമിച്ചത്. ഇതിൽ അഞ്ചെണ്ണം മാത്രമേ വിജയത്തിന്റെ രുചി അറിയാതിരുന്നിട്ടുള്ളൂ. ഹിറ്റ്‌ ചേരുവകൾ കോർത്തിണക്കാനുള്ള കഴിവ്‌ വേണ്ടുവോളമുള്ള നിർമാതാവായിരുന്നു മണി. സുനിത പ്രൊഡക്ഷൻസ്‌, അരോമ മൂവീസ്‌ എന്നീ ബാനറുകളിലാണ്‌ ചിത്രങ്ങളൊരുക്കിയത്‌.
 
മധു നായകനായ ‘ധീരസമീരെ യമുനാതീരെ’ (1977) യാണ്‌ ആദ്യം നിർമിച്ച ചിത്രം. ശ്യാമപ്രസാദിന്റെ "ആർട്ടിസ്‌റ്റ്‌' (2013) അവസാനചിത്രവും. സിബി മലയിൽ, കെ മധു, ജോഷി, ഷാജി കൈലാസ്, സുരേഷ്ബാബു, വിജി തമ്പി, വിനയൻ, വി എം വിനു, തുളസിദാസ്, അനിൽ, ശ്യാമപ്രസാദ് തുടങ്ങി മുൻനിര സംവിധായകരുടെ കൂട്ടംതന്നെ അരോമ മണിക്കൊപ്പമുണ്ടായി.
 
റിസ്‌കെടുക്കാൻ മടിയില്ലാത്ത മണിക്ക്‌ അതിന്റെ ഫലം വിജയങ്ങളായിത്തന്നെ തിരിച്ചുകിട്ടിയ പലസന്ദർഭങ്ങളുമുണ്ട്‌. എഴുതിയ തിരക്കഥയ്‌ക്ക്‌ ടൈറ്റിൽ ക്രെഡിറ്റ്‌ ലഭിക്കാതെ വിഷമിച്ച പ്രിയദർശൻ എന്ന തുടക്കക്കാരന്‌ ആത്മവിശ്വാസവും അവസരവും നൽകിയത്‌ മണിയാണ്‌. സ്വന്തം സംവിധാനത്തിലൊരുങ്ങിയ "കുയിലിനെ തേടി' (1983) എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതാൻ കേവലം മൂന്നുചിത്രങ്ങളുടെ മാത്രം പരിചയമുള്ള പ്രിയനെ ഏൽപ്പിച്ചു. ആ സിനിമ വിജയിച്ചുവെന്നു മാത്രമല്ല തുടർന്ന്‌ മണി സംവിധാനം ചെയ്‌ത "എങ്ങനെ നീ മറക്കും’, "എന്റെ കളിത്തോഴൻ' എന്നീ ചിത്രങ്ങൾക്കും തിരക്കഥയെഴുതാൻ അവസരം നൽകി. ആ ദിവസം, മുത്തോട്‌ മുത്ത്‌, ആനക്കൊരുമ്മ, പച്ചവെളിച്ചം എന്നീ ചിത്രങ്ങളുടെയും സംവിധായകനായി.
 
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്‌ ഗോപിയുടെയും പ്രശസ്തിയിലേക്കുള്ള യാത്രയിൽ സവിശേഷമായ പങ്കുണ്ട്‌ മണിയുടെ സിനിമകൾക്ക്‌. മോഹൻലാലിന്റെ ഇരുപതാം നൂറ്റാണ്ട്‌, സൂര്യഗായത്രി, ബാലേട്ടൻ, മമ്മൂട്ടി നായകനായ ഒരു സിബിഐ ഡയറിക്കുറിപ്പ്‌, ആഗസ്‌ത്‌ 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, ധ്രുവം, സുരേഷ്‌ ഗോപിയുടെ രുദ്രാക്ഷം, കമ്മീഷണർ, ജനാധിപത്യം, എഫ്‌ഐആർ തുടങ്ങിയ ചിത്രങ്ങളെല്ലാം മണി നിർമിച്ചവയാണ്‌.

ഒരു സിനിമയെടുത്തൂടെ... മധു ചോദിച്ചു
 
തിരുവനന്തപുരം> ഹോട്ടൽ വ്യവസായത്തിൽനിന്ന്‌ സിനിമാരംഗത്തേക്ക്‌ അരോമ മണിയെ എത്തിച്ചത്‌ നടൻ മധുവുമായുള്ള അടുപ്പം. ഒരു സിനിമ നിർമിച്ചൂടേ എന്നുളള മധുവിന്റെ ചോദ്യത്തിൽനിന്ന്‌ 1977ൽ ഉത്തരമായി. അതാണ്‌ ‘ധീര സമീരെ യമുനാതീരെ’ എന്ന സിനിമ.
 
മകൾ സുനിതയുടെ പേരിൽ പ്രൊഡക്‌ഷൻ ബാനർ. വിതരണവും ഏറ്റെടുത്തു. സിനിമ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും നിർമാതാവ്‌ എന്ന പേരിന്‌ ഉറപ്പുനൽകി. അടുത്ത വർഷം എടുത്ത റൗഡി രാമു മികച്ച വിജയം. എം കൃഷ്‌ണൻ നായർ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ കഥ സുനിത എന്ന പേരിൽ മണിതന്നെ എഴുതി. മധു, ശാരദ, ജയഭാരതി, ജോസ് പ്രകാശ് എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.
 
ഇമ്പാല, അരോമ, സംഗീത്‌ എന്ന പേരുകളിൽ തിരുവനന്തപുരത്ത്‌ മണി ഹോട്ടൽ നടത്തി. ഊട്ടിയിലും വൻകിട ഹോട്ടൽ ആരംഭിച്ചു. പിന്നീട്‌ ടെക്‌സ്‌റ്റയിൽ ഷോറൂമും സ്‌റ്റുഡിയോയും. സ്‌റ്റാച്യുവിന്‌ മുന്നിലായിരുന്നു അരോമ, ഇമ്പാല ഹോട്ടൽ. ഇവ സിനിമാക്കാരുടെയും രാഷ്‌ട്രീയനേതാക്കളുടെയും താവളമായിരുന്നു.
 
കഠിനാദ്ധ്വാനിയായിരുന്നു അദ്ദേഹമെന്ന്‌ അനന്തരവൻ അരോമ മോഹൻ ഓർമിച്ചു. അരോമ കമ്പനിയിൽ പോസ്‌റ്റർ ബോയ്‌ മുതൽ ജനറൽ  മാനേജർവരെ ആയി പ്രവർത്തിച്ച മോഹന്റെ  പ്രചോദനവും അമ്മാവനായിരുന്നു. ‘‘കൃത്യമായ ബജറ്റ്‌. സംവിധായകരെ കുറിച്ചുള്ള കൃത്യമായ വിലയിരുത്തൽ. നല്ല ഹ്യൂമർസെൻസ്‌. ഇതായിരുന്നു അമ്മാവന്റെ വിജയ സമവാക്യം’’–- മോഹൻ പറഞ്ഞു.  
മണി എന്ന നിർമാതാവില്ലെങ്കിൽ ‘ഒരുസിബിഐ ഡയറിക്കുറിപ്പ്‌’  ഉണ്ടാകുമായിരുന്നില്ലെന്ന്‌ സംവിധായകൻ കെ മധു ഓർമിച്ചു. ‘‘എസ്‌ എൻ സ്വാമിയിൽനിന്ന്‌ കഥകേട്ട്‌ എന്നോട് ഓക്കെ അല്ലേ? എന്ന്‌ മാത്രമാണ്‌ ചോദിച്ചത്‌. ആ ഓക്കെയിൽനിന്നാണ്‌ ഈ പരമ്പരയിൽ രണ്ടുസിനിമ പിറന്നത്‌. ‘ഇരുപതാംനൂറ്റാണ്ടിന്‌ ’ബജറ്റിൽ വിട്ടുവീഴ്‌ച ചെയ്യാനും അദ്ദേഹം തയ്യാറായി’’–--മധു പറഞ്ഞു. 
‘ആത്മവിശ്വാസവും ഊർജവും മാത്രമുണ്ടായിട്ട്‌ കാര്യമില്ല. പണംകൂടി വേണം’ എന്നായിരുന്നു മണിയുടെ മണി വചനം. അത്‌ സിനിമയിലും അദ്ദേഹം പ്രാവർത്തികമാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top