08 September Sunday

നിധിയുണ്ടെന്ന്‌ പറഞ്ഞ്‌ തട്ടിപ്പ്‌: നാലംഗ സംഘം അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Wednesday Jul 24, 2024

പ്രതികളായ മുഹമ്മദ് മുസ്മില്‍ ഹഖ്, ഗുല്‍ജാര്‍ ഹുസൈന്‍, സിറാജുല്‍ ഇസ്ലാം

ചാലക്കുടി> നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് നാല്‌ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘത്തെ അറസ്റ്റ്‌ ചെയ്‌തു. അസം സ്വദേശികളായ സിറാജുൾ ഇസ്ലാം(26), അബ്ദുൾ കലാം(26), ഗുൽജാർ ഹുസൈൻ(27), മുഹമ്മദ് മുസ്മിൽ ഹഖ്(24) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇതിൽ അബ്‌ദുൾ കലാം  പെരുമ്പാവൂരിലെ  ആശുപത്രിയിൽ പൊലീസ്‌ കാവലിൽ ചികിത്സയിലാണ്‌. ആശുപത്രി നടപടികൾ പൂർത്തിയാക്കിയശേഷം സ്‌റ്റേഷനിലേക്ക്‌ കൊണ്ട്‌ വരും.

നാദാപുരത്തെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായ സിറാജുൾ ഇസ്ലാമാണ് തട്ടിപ്പിന്റെ സൂത്രധാരൻ. തട്ടിപ്പ്‌ നടത്തിയശേഷം റെയിൽവേ ട്രാക്കിലൂടെ ഓടിയ സംഘത്തിലെ ഒരാളെ ട്രെയിൻ ഇടിച്ചുവെന്നും മറ്റു മൂന്നുപേർ പുഴയിലേക്ക്‌ വീണുവെന്നുമായിരുന്നു കരുതിയിരുന്നത്‌. ഇതിനെ തുടർന്ന്‌ ചാലക്കുടി പുഴയിൽ അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം തിരച്ചിൽ നടത്തി. എന്നാൽ തട്ടിപ്പുകാർ വിദഗ്‌ധമായി രക്ഷപ്പെട്ടു. നാലുപേരെ പുലർച്ചെ തന്റെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയെന്നും അതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നുവെന്നും മുരിങ്ങൂരിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയാണ്‌ പൊലീസ് അന്വേഷണത്തിന് വഴിതിരിവായത്. ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ജോലി സ്ഥലത്ത് നിന്നും വീണ് പരിക്കേറ്റുവെന്ന്‌ പറഞ്ഞ്‌ ചികിത്സതേടിയ അസം സ്വദേശി അബ്ദുൾ കലാമിനെ പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന്‌ കണ്ടെത്തി. പരിക്കേറ്റയാളെ തട്ടിപ്പിനിരയായവർ തിരിച്ചറിഞ്ഞു. പെരുമ്പാവൂരിൽ  ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ തെരച്ചിലിൽ, നാട്ടിലേക്ക് മുങ്ങാൻ തയ്യാറെടുക്കുകയായിരുന്ന മൂന്നു പേരെ പൊലീസ്‌ പിടികൂടി.

നാദാപുരത്തെ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ തനിക്ക് നിധി ലഭിച്ചെന്നും ഏഴ് ലക്ഷം രൂപ തന്നാൽ നിധിയായി ലഭിച്ച സ്വർണശേഖരം നൽകാമെന്നും സിറാജുൾ നാദാപുരത്തെ പരിചയക്കാരായ ചിലരെ പറഞ്ഞ് വിശ്വസിപ്പിച്ചു. വൻ ലാഭം കൊതിച്ച്‌ നാദാപുരം സ്വദേശികളായ രാജേഷ്, ലെനിൻ എന്നിവർ  സിറാജുൽനൊപ്പം കാറിൽ ആദ്യം തൃശൂരിലെത്തി. പിന്നീട്‌ ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തി. മുൻകൂറായി നാലുലക്ഷം നൽകമെന്നും സ്വർണം വിറ്റശേഷം ബാക്കി തുക കൈമാറാമെന്നും ധാരണയായി. പണം കൈപ്പറ്റി സ്വർണമാണെന്ന് പറഞ്ഞ്‌ പൊതി കൈമാറി. പൊതിയഴിച്ച് കട്ടറുപയോഗിച്ച് ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ പണവുമായി അസം സ്വദേശികൾ ഓടി രക്ഷപ്പെട്ടു.

നിധി തേടിയിറങ്ങി: പണി പാളി

വ്യാജ സ്വർണം നൽകി നാലുലക്ഷം രൂപ തട്ടിയ സംഭവത്തിൽ കോഴിക്കോട് നാദാപുരം സ്വദേശികളെ തട്ടിപ്പുസംഘം ചാലക്കുടിയിലെത്തിച്ചത്‌ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച്. കേസിൽ അസം സ്വദേശികളായ സിറാജുൽ ഇസ്ലാം(26), അബ്ദുൾ കലാം(26), ഗുൽജാർ ഹുസൈൻ(27), മുഹമ്മദ് മുസ്മിൽ ഹഖ്(24) എന്നിവരെ പൊലീസ്‌ പിടികൂടി. നാദാപുരത്തെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായ സിറാജുൽ ഇസ്ലാമാണ് തട്ടിപ്പിന്റെ സൂത്രധാരൻ.

തട്ടിപ്പ്‌ ഇങ്ങനെ

കെട്ടിടം പൊളിക്കുന്നതിനിടെ തനിക്ക് നിധി ലഭിച്ചെന്നും ഏഴ് ലക്ഷം തന്നാൽ നിധിയായി ലഭിച്ച സ്വർണശേഖരം നൽകാമെന്നും സിറാജുൽ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന്‌ നാദാപുരം സ്വദേശികളായ രാജേഷ്, ലെനിൻ എന്നിവർ  സിറാജുലിനൊപ്പം കാറിൽ തൃശൂരിലെത്തി. ഇവിടെവച്ചാണ് മറ്റ് മൂന്നുപേരേയും സിറാജുൽ വിളിച്ചുവരുത്തിയത്. എന്നാൽ ഇവിടെവച്ച് സ്വർണം കൈമാറുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തി. മുൻകൂറായി നാലുലക്ഷം നൽകാമെന്നും സ്വർണം വിറ്റശേഷം ബാക്കി തുക കൈമാറാമെന്നും ധാരണയായി. തുടർന്ന് പണം കൈപ്പറ്റി സ്വർണമാണെന്ന് പറഞ്ഞ പൊതി കൈമാറി. പൊതിയഴിച്ച് കട്ടറുപയോഗിച്ച് മുറിച്ചതോടെ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ പൊതി തട്ടിപ്പറിച്ച് പണവുമായി അസം സ്വദേശികൾ റെയിൽവേ ട്രാക്കിലൂടെ ഓടി. ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്നാണ്‌ ചാലക്കുടി പൊലീസിൽ പരാതി നൽകിയത്.

കാർ വാങ്ങാനെത്തിയെന്ന്‌ കഥ

കാർ വാങ്ങാനാണെത്തിയതെന്നും അതിനായാണ് പണം നൽകിയതെന്നുമാണ് പരാതിക്കാർ സ്റ്റേഷനിൽ ആദ്യം പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്തപ്പോഴാണ്‌ നിധിയുടെ കഥ പുറത്തായത്. ഞായർ പുലർച്ചെ ഒന്നോടെ ചാലക്കുടി പാലത്തിന് മുകളിൽനിന്ന് നാലുപേർ പുഴയിലേക്ക് ചാടിയെന്നും ഒരാളുടെ ദേഹത്ത് ട്രെയിൻ തട്ടിയെന്നും തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിലെ ലോക്കോ പൈലറ്റ് റെയിൽവേ സ്റ്റേഷനിൽ സന്ദേശം നല്കി. ഇതുപ്രകാരം അഗ്നിസുരക്ഷാ സേനയുടെ സ്‌കൂബ ടീം പുഴയിൽ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ തട്ടിപ്പുകാർ വിദഗ്‌ധമായി രക്ഷപ്പെട്ടു.

ഓട്ടോക്കാരൻ പറയുന്നത്‌

നാലുപേരെ പുലർച്ചെ തന്റെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയതായും അതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നുവെന്നും മുരിങ്ങൂരിലെ ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തിയതോടെയാണ്‌ അന്വേഷണത്തിന് വഴിത്തിരിവായത്. ഇവർ ഇറങ്ങിയെന്ന് പറയുന്ന അങ്കമാലിയിലും പിന്നീട് പെരുമ്പാവൂരിലും  അന്വേഷണം നടത്തി. ജോലി സ്ഥലത്തുനിന്ന്‌ വീണ് പരിക്കേറ്റതായി അറിയിച്ച് അസം തൊഴിലാളിയായ അബ്ദുൾ കലാം എന്ന പേരിൽ ഒരാളെ പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വിവരം ലഭിച്ചു. ഇയാളെ തട്ടിപ്പിനിരയായവർ തിരിച്ചറിഞ്ഞു. തുടർന്ന് അസം തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിലേക്ക് മുങ്ങാൻ തയ്യാറെടുക്കുകയായിരുന്ന പ്രതികളെ പെരുമ്പാവൂരിൽനിന്ന്‌ പിടികൂടുകയും ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top