21 November Thursday

ചക്രക്കസേരയിൽ 
ജയലക്ഷ്മിയെത്തി ,
 വയനാടിനായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


കൊച്ചി
മസിലുകൾ ക്ഷയിക്കുന്ന മസ്‌കുലാർ ഡിസ്‌ട്രോഫി രോഗം ബാധിച്ച് അവശയെങ്കിലും യുവ ചിത്രകാരി വല്ലാർപാടം പനമ്പുകാട്‌ ബ്ലാവത്തിപ്പറമ്പിൽ ബി ബി ജയലക്ഷ്‌മി വയനാടിനായി ചിത്രം വരയ്‌ക്കാനെത്തി. കേരള ചിത്രകലാ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ‘ചിത്രംവരയും ചിത്രവിൽപ്പനയും–- വയനാടിനൊരു കൈത്താങ്ങ്‌’ പരിപാടിയിൽ അണിചേരാന്‍ വീൽചെയറിലാണ് ജയലക്ഷ്‌മി മറൈൻഡ്രൈവിൽ എത്തിയത്‌. അച്ഛൻ ബി പി ബാബു, അമ്മ ബേബി, സഹോദരൻ കൃഷ്‌ണകുമാർ എന്നിവർ ഒപ്പമുണ്ടായി. മറൈൻഡ്രൈവിൽ വീൽചെയറിലിരുന്ന്‌ ചിത്രം വരയ്‌ക്കാൻ തുടങ്ങിയെങ്കിലും കൈകൾ കൃത്യതയോടെ ചലിപ്പിക്കാൻ കഴിയാത്തതിനാല്‍ ചിത്രം പൂർത്തിയാക്കാനാകാതെ അവർ വീട്ടിലേക്ക്‌ മടങ്ങി.

പ്രതിസന്ധികളെ മറികടന്ന്‌ അവർ മുമ്പ്‌ വരച്ച മനോഹരമായ രണ്ടു ചിത്രങ്ങൾ വിൽക്കാനായി ചിത്രകലാ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ സിറിൾ പി ജേക്കബ്ബിന്‌ കൈമാറി. മസ്‌കുലാർ ഡിസ്‌ട്രോഫി രോഗം പിടിപെട്ടതിനെ തുടർന്നാണ്‌ കുഞ്ഞുനാളിൽത്തന്നെ ജയലക്ഷ്‌മി വീൽചെയറിലായത്. പ്രതിസന്ധികൾക്കിടയിലും ഞാറക്കൽ ലിറ്റിൽഫ്ലവർ സ്‌കൂളിൽനിന്ന്‌ മികച്ച മാർക്കോടെ പത്താംതരം പാസായി. പ്ലസ്‌ടുവിന്‌ ചേർന്നെങ്കിലും അസുഖം രൂക്ഷമായതോടെ പഠനം നിർത്തിയ ഘട്ടത്തില്‍ ചിത്രകല പഠിക്കാതെതന്നെ ചിത്രരചനയിൽ സജീവമായി. 35 കഴിഞ്ഞ ഈ ചിത്രകാരിയുടെ 25 മനോഹരചിത്രങ്ങൾ ക്യാൻവാസിൽ പിറന്നുകഴിഞ്ഞു. അരഡസന്‍ പ്രദർശനവും നടത്തി.

ചിത്രരചനാ പരിപാടി കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ ഉദ്‌ഘാടനം ചെയ്‌തു. ഗോപി സംക്രമണം, റാസി റൊസാരിയോ, ഫ്രാൻസിസ്‌ സേവ്യർ, പൗലോസ്‌, ശാലിനി ബി മേനോൻ, ആശ ലൈല, മേരി സിസിലി, രാജേന്ദ്രൻ കർത്താ തുടങ്ങി 75 കലാകാരന്മാർ ചിത്രങ്ങൾ വരച്ചു. ചിത്രവിൽപ്പനയിലൂടെ സംസ്ഥാനാടിസ്ഥാനത്തിൽ ശേഖരിക്കുന്ന പത്തുലക്ഷം രൂപ ഉപയോഗിച്ച്‌ വയനാട്ടിൽ പുതിയതായി നിർമിക്കുന്ന സ്‌കൂളിൽ ലൈബ്രറിയും ആർട്ട്‌ ഗ്യാലറിയും ഒരുക്കുമെന്ന്‌ സിറിൾ പി ജേക്കബ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top