തൊടുപുഴ > അരുവിക്കുത്ത് വെള്ളച്ചാട്ടം നയനമനോഹരമാണ്. ആരുകണ്ടാലും വെള്ളത്തിലൊന്നിറങ്ങാൻ തോന്നുന്നത്ര ഭംഗിയുള്ളയിടം. ശനിയാഴ്‍ച രണ്ട് കുരുന്ന് ജീവനുകള്‍ ഇല്ലാതായതും ഇവിടെത്തന്നെ. ദിവസേന അനേകം പേരാണ് അരുവിക്കുത്തിന്റെ മനോഹാരിതയില്‍ അലിയാനെത്തുന്നത്. ഇവിടെ മുമ്പ് അപകടങ്ങളോ മരണങ്ങളോ ഉണ്ടായതായി പരിസരവാസികള്‍ക്ക് അറിവില്ല. പക്ഷേ വെള്ളം കുത്തിയൊഴുകുന്നിടം മുതല്‍ അപകടവും ഒപ്പമുണ്ട്.
തൊടുപുഴ–-മുട്ടം റോഡിൽ മഹാദേവക്ഷേത്ര കവാടത്തിലൂടെ 30 മീറ്റർ ടാർ റോഡ്. അവിടെനിന്ന് ഇടത്തേക്കുള്ള മിറ്റൽ ഇളകിയ വഴിയിലൂടെ കുറച്ചുദൂരം ചെന്നാൽ പുഴയ്‍ക്ക് കുറുകെ മീറ്ററുകളോളം ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പാലം. പാലത്തിൽനിന്നാൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യവിരുന്ന് ആസ്വദിക്കാം. കാഴ്‌ചയിൽ മനോഹരമെങ്കിലും അപകടം പതിയിരിക്കുന്ന കയങ്ങൾ നിരവധിയുണ്ടിവിടെ. പരപ്പാൻ തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കൂട്ടത്തിന് മുകളിൽ പതിച്ച് നുരഞ്ഞുപൊങ്ങി കാഞ്ഞാർ പുഴയിലൂടെ തൊടുപുഴ ആറ്റിലെത്തും.
പാലത്തില്‍നിന്ന് വെള്ളച്ചാട്ടത്തിനടുത്തെത്താൻ തോന്നിയാല്‍ സാഹസിക യാത്ര തന്നെ നടത്തണം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയുള്ള നടപ്പുപാതയിലൂടെ കീഴോട്ടിറങ്ങി കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ കീഴ്‌ക്കാംതൂക്കായ പാറയിലൂടെ വേണം പുഴയിലേക്കെത്താൻ. സാഹസപ്പെട്ടായാലും ഇവിടെയെത്തിയാല്‍ കുളിർകാറ്റേറ്റ് വിശ്രമിക്കാം. വലിയ പാറകളും ആഴമേറിയ കുഴികളും ഒന്നിലേറെയുണ്ടിവിടെ.
സുരക്ഷയൊരുക്കാതെ
പഞ്ചായത്ത്
രണ്ടുവിദ്യാർഥികൾ മരണപ്പെട്ടെങ്കിലും അപകടവിവരം അറിഞ്ഞവരും അറിയാത്തവരുമായി നിരവധിപേർ അവധി ആഘോഷിക്കാനും മറ്റും കുടുംബസമേതം അരുവിക്കുത്തിലെത്തുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്കായി മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇവിടില്ല. ദിശാബോര്‍ഡോ സംരക്ഷണവേലിയോ സ്ഥാപിച്ചിട്ടില്ല. എക്കാലവും സമൃദ്ധമായ വെള്ളമുണ്ടാകാറുണ്ടിവിടെ. മഴക്കാലത്ത് ഒഴുക്കും വെള്ളച്ചാട്ടവും ശക്തമാകും. ചേര്‍ന്നുള്ള കീഴ്‍ക്കാംതൂക്കായ പാറയില്‍ വഴുക്കലാകും. സാഹസികത ഉള്ളിലുള്ള ചെറുപ്പക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.
വെള്ളച്ചാട്ടത്തിലേക്കെത്താനുള്ള ദുര്‍ഘടപാതയ്‍ക്ക് ഇരുവശവും കാടും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതാണ്. ആരെങ്കിലും അപകടത്തില്‍പ്പെട്ടാലും വേഗത്തില്‍ ശ്രദ്ധ പതിയണമെന്നില്ല. രക്ഷിക്കാനെത്തുന്നവര്‍ക്കും വരാൻ ഈയോരു പാതമാത്രം. വെള്ളച്ചാട്ടത്തില്‍ പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യം കെട്ടിക്കിടക്കുകയാണ്. അധികൃതരുടെ അനാസ്ഥമൂലമാകാം വെള്ളച്ചാട്ട പരിസരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇനിയും മനുഷ്യജീവന് ഹാനിയുണ്ടാകാതിരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ മുട്ടം പഞ്ചായത്ത് ഭരണസമിതിയുടെ ഭഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രസിഡന്റ് മേഴ്‌സി ദേവസ്യ പറഞ്ഞു.
അറിയണം വെള്ളത്തിലെ ചതിക്കുഴികൾ
ജീവനെടുക്കുന്ന ചതിക്കുഴികൾ ഒരുപാടുണ്ട് ജില്ലയിലെ പുഴകൾക്കും വെള്ളച്ചാട്ടങ്ങൾക്കും സമീപം. ആഴങ്ങളിൽ മുങ്ങിത്താഴ്‍ന്ന് ജീവൻ നഷ്‍ടപ്പെടുന്ന വാർത്തകളുമേറെ. മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് എൻജിനിയറിങ്ങ് വിദ്യാർഥികളും മറയൂരിൽ ഒരു യുവാവും ശനിയാഴ്‍ച മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ജില്ലയിൽ 2023 മുതൽ കഴിഞ്ഞ മെയ് വരെ 41 മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അഗ്നിരക്ഷാസേനയുടെ ഔദ്യോഗിക രേഖകളിലെ വിവരമാണിത്. കഴിഞ്ഞവർഷം മാത്രം 35 പേർ.
കട്ടപ്പന അഞ്ചുരുളി, കുമളി പാറക്കുളം, രാജാക്കണ്ടം, ആനകുത്തി, മാലി, നരിയംപാറ, വെള്ളാരംകുന്ന് തുടങ്ങിയ ഇടങ്ങളിലായിരുന്നു അപകടങ്ങൾ. അടിമാലി എല്ലക്കല്ല്, ഇരുമ്പുപാലം അമ്മാവൻകുത്ത് വെള്ളച്ചാട്ടം, ആനക്കുളം, മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടം, അപ്‍സരക്കുത്ത് എന്നിവിടങ്ങളിലും മരണങ്ങൾ സംഭവിച്ചു. തൂവൽ വെള്ളച്ചാട്ടം, കൂട്ടാർ പുഴ, ചിന്നാർ തൂവാനം വെള്ളച്ചാട്ടം, ചിത്തിരപുരം കല്ലടി വളവിലുള്ള ആറ്, ആനയിറങ്കൽ ഡാം, ഏലപ്പാറ കൊച്ചുകരിന്തരുവി കയം തുടങ്ങിയ സ്ഥലങ്ങളിലും അപകടങ്ങളുണ്ടായി. ഇക്കൂട്ടത്തിലേക്കാണ് മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടവും സ്ഥാനം പിടിക്കുന്നത്.
ജില്ലയിലെ ജലാശയങ്ങളെക്കുറിച്ച് അറിവുള്ളവരും അറിവില്ലാത്തവരും ഒരു പോലെയാണ് അപകടങ്ങളിൽപ്പെടുന്നത്. ക്രിസ്‍മസ് അവധിക്കാലം തുടങ്ങിയതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലും പുഴകളിലും അണക്കെട്ടുകളിലും നിരവധി സഞ്ചാരികളെത്തും. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണ്ട സമയമാണിത്. വെള്ളത്തിൽ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവർക്കും അപകടം സംഭവിക്കുന്നു.
ജാഗ്രത പാലിക്കണം
കുളങ്ങളിലും പുഴകളിലും അണക്കെട്ടുകളുൾപ്പെടെ കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദ്ധയും കരുതലും വേണം. നീന്തൽ പഠിച്ചിരിക്കേണ്ടത് അനിവാര്യമാണ്. വിനോദസഞ്ചാരത്തിന് വലിയ പ്രാധാന്യമുള്ള ജില്ലയിൽ പുറത്തുനിന്ന് വരുന്നവർക്ക് ആഴമോ പരിസരത്തിന്റെ പ്രത്യേകതകളോ അറിയില്ല. അപായ സൂചനകൾ ശ്രദ്ധിക്കാത്തതും അലക്ഷ്യമായി വിനോദത്തിൽ ഏർപ്പെടുന്നതും അപകടമുണ്ടാക്കും. പ്രാഥമികമായി പാലിക്കേണ്ട മുൻകരുതലുകൾ പോലുമില്ലാതെ വെള്ളത്തിലിറങ്ങുന്നവരുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..