22 December Sunday

ശിൽപ്പിയുടെ വിരലുകൾ തീർത്ത തെളിവ്‌

സ്വാതി സുരേഷ്‌Updated: Tuesday Jul 23, 2024

മാനവീയം വീഥിയിൽ നടക്കുന്ന ആര്യനാട് രാജേന്ദ്രന്റെ കലാപ്രദർശനത്തിൽ കൊലക്കേസ് അന്വേഷണത്തിന് സഹായകമായ സൃഷ്ടികളുടെ ചിത്രങ്ങൾ (വൃത്തത്തിൽ) വീക്ഷിക്കുന്ന യുവതി

തിരുവനന്തപുരം > നിർമിതബുദ്ധിയോ സാങ്കേതികവിദ്യയോ ഇല്ലാത്ത കാലത്ത്‌ ഒരു ശിൽപ്പിയുടെ വിരലുകൾ കൊലക്കേസിന്‌ തുമ്പുണ്ടാക്കി. തലയോട്ടിയിൽ പേപ്പർ പൾപ്പ് ഉപയോഗിച്ച്‌ മുഖം നിർമിച്ചായിരുന്നു കേസ്‌ തെളിയിച്ചത്‌. 
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം ആർട്ടിസ്റ്റ് മോഡലറായ ആര്യനാട് രാജേന്ദ്രൻ അത്ഭുതത്തോടെ ആ കഥ ഓർത്തെടുത്തു.
 
1988 മാർച്ചിൽ പേട്ട പൂണിത്തുറയിലെ തോട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പൊങ്ങി. അവശേഷിച്ചത് തലയോട്ടിയും പറ്റിപ്പിടിച്ച മുടിയും അസ്ഥികളുംമാത്രം. അഞ്ചുകൊല്ലം നീണ്ട അന്വേഷണത്തിലും മരിച്ചത്‌ ആരെന്ന്‌  കണ്ടെത്താനായില്ല. തെളിയാത്ത കേസുകൾ എഴുതിത്തള്ളാനുള്ള അവസാന പരിശോധനയിൽ അന്നത്തെ ഡിജിപി രാജഗോപാൽ നാരായണന്റെ ശ്രദ്ധയിൽ ഈ തലയോട്ടിയും പെട്ടു. കേസിനെക്കുറിച്ച് പഠിക്കാൻ ക്രൈംബ്രാഞ്ച് മെഡിക്കോ ലീഗൽ അഡ്വൈസർ ഡോ. ബി ഉമാദത്തനെ ഏൽപ്പിച്ചു. തലയോട്ടിയെ പേപ്പർ പൾപ്പുകൊണ്ട് പൊതിഞ്ഞ് കൃത്രിമമുടി വച്ച്‌ ആളെ തിരിച്ചറിയുന്ന രീതി പരീക്ഷിക്കാൻ ഡോക്ടർ തീരുമാനിച്ചു. ആ ദൗത്യം പൂർത്തിയാക്കിയത്‌ ആര്യനാട് രാജേന്ദ്രനെന്ന കലാകാരനും.
 
"ഇങ്ങനെ സൃഷ്ടിച്ച കൃത്രിമ മുഖത്തിന്റെ ഫോട്ടോ ക്രൈംബ്രാഞ്ച് പ്രസിദ്ധീകരിച്ചു. മൂന്നാംദിവസം ഫോട്ടോയിലുള്ളത്‌ പാലാ സ്വദേശിനി ഗ്രേസിയാണെന്നും നാട്ടുകാരനായ ലോറി ഡ്രൈവർ കൊന്ന് പുഴയിൽ വലിച്ചെറിഞ്ഞതാണെന്നും എസ്‌പിക്ക്‌ ഊമക്കത്ത് ലഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പ്രതി പിടിയിൽ. കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു'–- പഴക്കമുള്ള ആ അനുഭവം പറയുകയാണ്‌ രാജേന്ദ്രൻ.മെഡിക്കൽ കോളേജ് ക്യാമ്പസിലെ "അമ്മയും കുഞ്ഞും', പ്രിയദർശിനി പാരാമെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിലുള്ള "ഗാന്ധിജിയും ഹരിജനങ്ങളും' എന്നീ ശിൽപ്പങ്ങളും രാജേന്ദ്രന്റെ സംഭാവനകളാണ്‌. 32 വർഷത്തെ സേവനത്തിനുശേഷം 13 ശിൽപ്പങ്ങൾ മെഡിക്കൽ കോളേജിനുതന്നെ സമ്മാനിച്ചു. 
 

ശിൽപ്പ നിർമാണ 
പ്രദർശനം തുടങ്ങി 

ആര്യനാട്‌ രാജേന്ദ്രന്റെ ചിത്ര, ശിൽപ്പ നിർമാണ പ്രദർശനം മാനവീയം വീഥിയിൽ തുടങ്ങി. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. സി ഇ സുനിൽ അധ്യക്ഷനായി. ജി അഴിക്കോട്‌, കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീഷ്‌ എന്നിവരും പങ്കെടുത്തു. ശനിയാഴ്ചവരെയാണ്‌ പ്രദർശനം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top