30 October Wednesday

അഷ്ടമുടിക്കായലിൽ മീൻ ചത്തുപൊങ്ങിയ സംഭവം; ‘ആൽഗൽ ബ്ലൂം’ തന്നെയെന്ന് പരിശോധന ഫലം

സ്വന്തം ലേഖികUpdated: Wednesday Oct 30, 2024

കൊല്ലം > അഷ്ടമുടിക്കായലിൽ മീൻ ചത്തുപൊങ്ങിയതിനു പിന്നിൽ ‘ആൽഗൽ ബ്ലൂം’ തന്നെയെന്ന്‌ ആദ്യഘട്ട പരിശോധനാ ഫലം. കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആൻഡ്‌ ഓഷ്യൻ സ്റ്റഡീസ്‌, കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക്‌ ബയോളജി ആൻഡ്‌ ഫിഷറീസ്‌ വിഭാഗം എന്നിവ നടത്തിയ പ്രാഥമിക ലാബ്‌ പരിശോധനയിലാണ്‌ സ്ഥിരീകരണം. കുഫോസ്‌ പരിശോധനയിൽ വെള്ളത്തിന്റെ സാമ്പിളുകളിൽ കോളിഫോം ബാക്ടിരിയയുടെ ആധിക്യം കണ്ടെത്തി. എന്നാൽ ശുചിമുറി മാലിന്യത്തിൽനിന്നുള്ള ഇ കോളി അടങ്ങിയിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധനാ ഫലം ലഭ്യമായാൽ മാത്രമേ വ്യക്തമാകൂ.

മീനുകൾ ചത്തുപൊങ്ങിയ ഇടങ്ങളിൽ പോഷക അളവ്‌ ഏറെയാണ്‌. ആരോഗ്യമുള്ള ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തവിധം അമോണിയ, നൈട്രൈറ്റ്‌, പിഎച്ച്‌, ലവണാംശം, ഫോസ്‌ഫറസ്‌, നൈട്രജൻ എന്നിവ അടങ്ങിയിട്ടുണ്ട്‌. 0.01 മില്ലിഗ്രാം അമോണിയ വേണ്ടിടത്ത്‌ 0.5 മില്ലിഗ്രാം വരെയാണ്‌ കണ്ടെത്തിയത്‌. 0.1 പിപിഎം നൈട്രൈറ്റ്‌ വേണ്ടിടത്ത്‌ ഒരു പിപിഎം അടങ്ങിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക്‌ വിഭാഗം ശേഖരിച്ച പത്ത്‌ സാമ്പിളുകളിലും വെള്ളത്തിൽ സ്വാഭാവികമായി വളരുന്ന സൂക്ഷ്മജീവികളായ ആൽഗകളുടെ സാന്നിധ്യം കൂടുതൽ പ്രകടമാണ്‌. ഏതിനം ആൽഗയാണെന്നും ലോഹസാന്നിധ്യം അടങ്ങിയിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ വിശദപരിശോധനയിലൂടെ വരുംദിവസങ്ങളിൽ വ്യക്തമാകുമെന്ന്‌ അവർ പറഞ്ഞു.  

മീനുകൾ ചത്തുപൊങ്ങിയ പലഭാഗത്തും ഓക്സിജന്റെ അളവ് ഒരുലിറ്ററിൽ 2.5 മില്ലിഗ്രാമിലും താഴെയാണ്. കുറഞ്ഞത് നാലുമുതൽ അഞ്ചു മില്ലിഗ്രാം ഓക്സിജൻവരെ ഒരു ലിറ്റർ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെങ്കിലേ ആരോഗ്യമുള്ള ഒരു ആവാസവ്യവസ്ഥയ്ക്ക് നിലനിൽപ്പുള്ളൂ. കനത്തമഴയിൽ കല്ലടയാറ്റിൽനിന്നുള്ള വെള്ളം വൻതോതിൽ കായലിലേക്ക്‌ ഒഴുകിയതിനാൽ ലവണാംശത്തിലും ഏറ്റക്കുറച്ചിലുണ്ടായി. നാല്‌ പിപിടി മുതൽ 10 പിപിടി വരെയാണ്‌ പലയിടത്തും കണ്ടെത്തിയത്‌. സ്വാഭാവിക ആവാസവ്യവസ്ഥയ്‌ക്ക്‌ 10 പിപിടിയാണ്‌ വേണ്ടത്‌. ഞുണ്ണ, നെത്തോലി തുടങ്ങി ദുർബല വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളാണ്‌ കൂട്ടത്തോടെ ചത്തൊടുങ്ങിയത്‌. ഞുണ്ണയുടെ പ്രജനന സമയം കൂടിയായതിനാലാണ്‌ അവയ്‌ക്ക്‌ നാശം ഏറെയുണ്ടായത്‌. മങ്ങാട്, കണ്ടച്ചിറ, ആശ്രാമം ചേപ്പോട്ട്, കടവൂർ കുതിരക്കടവ്, മുട്ടത്ത് മൂല, മതിലിൽ കടവുകളിലാണ്‌ മീനുകൾ ചത്തുപൊങ്ങിയത്‌. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top