21 December Saturday

ഒരുക്കങ്ങൾ പൂർത്തിയായി; അഷ്ടമുടിയിൽ നാളെ ആവേശപ്പോരാട്ടം

സ്വന്തം ലേഖികUpdated: Friday Dec 20, 2024

പ്രസിഡന്റ്സ് സ്ട്രോഫി മത്സരത്തിനായി അഷ്ടമുടിക്കായലിൽ പരിശീലനം നടത്തുന്ന നിരണം ബോട്ട് ക്ലബ്

കൊല്ലം > അഷ്ടമുടിക്കായലിൽ പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും ശനിയാഴ്‌ച നടക്കുമെന്ന്‌ കലക്ടർ എൻ ദേവിദാസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ രണ്ടിന് ക്ഷീരവികസന- മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തും. എം മുകേഷ് എംഎൽഎ അധ്യക്ഷനാകും. എൻ കെ പ്രേമചന്ദ്രൻ എംപി മാസ് ഡ്രിൽ ഫ്ലാഗ്ഓഫ് ചെയ്യും. സമാപന സമ്മേളനം ഉദ്‌ഘാടനവും സമ്മാനവിതരണവും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. സമാപനസമ്മേളനത്തിൽ എം നൗഷാദ് എംഎൽഎ അധ്യക്ഷനാകും. 

മൂന്ന്‌ ട്രാക്ക്‌
 
ജലോത്സവത്തിന്റെ ട്രാക്ക് നിർമാണവുമായി ബന്ധപ്പെട്ട ആഴപരിശോധന പൂർത്തിയായി. മൂന്ന് ട്രാക്കിലാണ്‌ മത്സരം. തേവള്ളി കൊട്ടാരത്തിനു സമീപത്തുനിന്നുള്ള സ്റ്റാർട്ടിങ് പോയിന്റ്മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1100 മീറ്ററിലാണ് മത്സരം. വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടൻവള്ളവും 10 ചെറുവള്ളവും പങ്കെടുക്കും. വെപ്പ് എ ഗ്രേഡ് ഇനത്തിൽ രണ്ടു വള്ളം, ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തിൽ രണ്ടു വള്ളം, ഇരുട്ടുകുത്തി ബി ഗ്രേഡ് മൂന്നു വള്ളം, വനിതകൾ തുഴയുന്ന തെക്കനോടി വള്ളങ്ങളും അടക്കം 10 വള്ളമാണ് പങ്കെടുക്കുക. വാർത്താസമ്മേളനത്തിൽ മേയർ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, റെയ്സ് കമ്മിറ്റി ചെയർമാൻ ആർ കെ കുറുപ്പ് എന്നിവർ പങ്കെടുത്തു.
 
ആരാകും 
ജലരാജാവ്‌ 
 
കേരളത്തിന്റെ തുഴയാവേശത്തെ ഒറ്റച്ചരടിൽ കോർത്തിണക്കുന്ന ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌ വള്ളംകളിക്ക്‌ ഒരു ദിവസം ബാക്കി നിൽക്കെ അങ്കത്തിനിറങ്ങാൻ ജലരാജാക്കന്മാർ തയ്യാർ.  ഇക്കുറി മാറ്റുരയ്‌ക്കുന്ന ഒമ്പത്‌ ചുണ്ടൻവള്ളങ്ങളിൽ ആര്‌ ചാമ്പ്യനാകുമെന്നറിയാൻ കാത്തിരിക്കുകയാണ്‌ വള്ളംകളി പ്രേമികൾ. പള്ളാത്തുരുത്തി ബോട്ട്‌ക്ലബ്‌ തുഴയെറിയുന്ന കാരിച്ചാൽ, കൈനകരി വില്ലേജ്‌ ബോട്ട്‌ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട്‌ക്ലബ്ബിന്റെ നിരണം, യുബിസി കൈനകരിയുടെ തലവടി, കെബിസി ആൻഡ്‌ എസ്‌എഫ്‌ബിസിയുടെ മേൽപ്പാടം, പുന്നമട ബോട്ട്‌ക്ലബ്ബിന്റെ ചമ്പക്കുളം, കുമരകം ടൗൺ ബോട്ട്‌ക്ലബ്ബിന്റെ നടുഭാഗം, ആലപ്പി ടൗൺ ബോട്ട്‌ ക്ലബ്ബിന്റെ പായിപ്പാടൻ, ചങ്ങനാശേരി ബോട്ട്‌ക്ലബ്ബിന്റെ വലിയദിവാൻജി  എന്നിവയാണ്‌ മത്സരരംഗത്തുള്ളത്‌. ഇതുവരെ നടന്ന മത്സരങ്ങളിൽനിന്നായി 49പോയിന്റുമായി കാരിച്ചാൽ ചുണ്ടനാണ്‌ മുന്നിൽ. കഴിഞ്ഞവർഷം സിബിഎൽ ചാമ്പ്യനായ വിയപുരം 47പോയിന്റോടെ തൊട്ടുപിന്നിലുണ്ട്‌. 
 
പോരാട്ടത്തിന്‌ 
വനിതകളും
 
കഴിഞ്ഞവർഷത്തിൽനിന്ന്‌ വ്യത്യസ്‌തമായി ഇക്കുറി വനിതകൾ തുഴയുന്ന മൂന്ന്‌ തെക്കനോടി (തറവള്ളം)വള്ളങ്ങളുടെ തീപാറുന്ന മത്സരവുമുണ്ടാകും. കാട്ടിൽതെക്കതിൽ, സാരഥി, ദേവസ്‌ വള്ളങ്ങളാണ്‌ മത്സരരംഗത്ത്‌. 
 
കൃത്യത ഉറപ്പാക്കാൻ  അത്യാധുനിക 
സാങ്കേതികവിദ്യ
 
ഫലപ്രഖ്യാപനത്തിൽ കൃത്യത ഉറപ്പാക്കാൻ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയാണ്‌ ഒരുക്കിയിട്ടുള്ളത്‌. 0.005മൈക്രോ സെക്കൻഡ്‌വരെ അളക്കാൻ കഴിയുന്ന ടൈമിങ്‌ സംവിധാനമാണ്‌ സർക്കാർ ഒരുക്കിയത്‌. ഒളിമ്പിക്‌സിന്‌ ഉപയോഗിച്ച അതേ സംവിധാനമാണിത്‌. യന്ത്രവൽകൃത സ്റ്റാർട്ടിങ്‌ സംവിധാനവും ഫോട്ടോഫിനിഷിങ്‌ സംവിധാനവും സജ്ജമായി. പ്രധാന പവിലിയന്റെയും താൽക്കാലിക ഗാലറികളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. 
 
കർശന സുരക്ഷ
 
ഡിടിപിസി ബോട്ട് ജെട്ടി മുതൽ തേവള്ളി പാലംവരെയുള്ള കായൽഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെ സാന്നിധ്യവും സഞ്ചാരവും വെള്ളി  രാവിലെ മുതൽ വള്ളംകളി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top