29 November Friday

റെയിൽവേ വികസനം ; രാഷ്‌ട്രീയം കളിച്ച്‌ റെയിൽവേമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024


തിരുവനന്തപുരം
റെയിൽവേ വികസനത്തിന്‌ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട്‌ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ്‌ മുഖ്യമന്ത്രിക്ക്‌ അയച്ച കത്ത്‌ തെറ്റിദ്ധാരണയുണ്ടാക്കാൻ ലക്ഷ്യമിട്ട്‌. കത്തിൽ അങ്കമാലി–- ശബരിപാത, തിരുവനന്തപുരം–- കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, എറണാകുളം–- കുമ്പളം സെക്‌ഷന്റെയും കുമ്പളം– -തുറവൂർ സെക്ഷന്റെയും പാത ഇരട്ടിപ്പിക്കൽ പദ്ധതികളെക്കുറിച്ചാണ്‌ പറയുന്നത്‌.

അങ്കമാലി–- ശബരിപാത പദ്ധതി 2019 മുതൽ കേന്ദ്രസർക്കാർ മരവിപ്പിച്ചതാണ്‌. പദ്ധതി നടപ്പാക്കാൻ 416 ഹെക്ടർ ഭൂമി വേണം. ഇതിനായി സംസ്ഥാന സർക്കാർ രണ്ട്‌ സ്‌പെഷൽ തഹസിൽദാർ ഉൾപ്പെട്ട രണ്ട്‌ ഭൂമി ഏറ്റെടുക്കൽ യൂണിറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. 24.4 ഹെക്ടർ ഏറ്റെടുത്ത്‌ റെയിൽവേക്ക്‌ കൈമാറി. പെരുമ്പാവൂർ, കൂവപ്പടി, വേങ്ങൂർ വെസ്‌റ്റ്‌, അശമന്നൂർ, രായമംഗലം, ചേലാമറ്റം വില്ലേജുകളിൽ 40.40 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഫണ്ട്‌ ആവശ്യപ്പെട്ടെങ്കിലും റെയിൽവേ നൽകിയില്ല. എരമല്ലൂർ, മുളവൂർ, വെള്ളൂർക്കുന്നം, മൂവാറ്റുപുഴ, കോതമംഗലം, മഞ്ഞള്ളൂർ വില്ലേജുകളിൽ 87.23 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർ നടപടികൾക്കും അധികൃതർ സഹകരിച്ചില്ല. 

തിരുവനന്തപുരം– -കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്‌ തിരുവനന്തപുരം–- പാറശാലവരെ മൊത്തം 41.42 ഹെക്ടറാണ്‌ സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ നൽകേണ്ടത്‌. ഇതിൽ 34.42 ഹെക്ടറും നൽകി.എറണാകുളം കുമ്പളം, കുമ്പളം–- തുറവൂർ പാത ഇരട്ടിപ്പിക്കലിനായി 14.5 ഹെക്ടർ ഭൂമി  ഏറ്റെടുക്കണം. ഇതിൽ ഏഴ്‌ ഹെക്ടറോളം ഭൂമി നൽകി. എന്നാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ വേണ്ടത്ര താൽപ്പര്യം കാട്ടിയില്ല. സംസ്ഥാന സർക്കാരും എംപിയായിരുന്ന എ എം ആരിഫും ഇതിനായി നിരവധി തവണ റെയിൽവേയെ  സമീപിച്ചിരുന്നു.

പദ്ധതി തരട്ടെ ;
 ഭൂമി റെഡി
അങ്കമാലി–- ശബരിപാത നടപ്പാക്കാൻ കേന്ദ്രറെയിൽവേ മന്ത്രി താൽപ്പര്യമറിയിച്ചതിനെ തുടർന്ന്‌ ഭൂമി ഏറ്റെടുക്കുന്നതിന്‌ കേരളത്തിൽ റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹിമാൻ ഉന്നത ഉദ്യോഗസ്ഥരുടെയും കലക്ടർമാരുടെയും യോഗം വിളിച്ചുചേർത്തിരുന്നു. പദ്ധതിക്ക്‌ കേന്ദ്രം അംഗീകാരം നൽകിയാൽ ഉടൻ ഭൂമി ഏറ്റെടുക്കാനായിരുന്നു നീക്കം. യോഗത്തിൽ സംസ്ഥാനത്ത്‌ റെയിൽവേയുടെ മറ്റു പദ്ധതികൾക്കായി ഏറ്റെടുത്ത ഭൂമിയുടെ സ്ഥിതിയും വിലയിരുത്തി. അവ വേഗത്തിലാക്കാൻ മന്ത്രി നിർദേശവും നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top