22 December Sunday

അശ്വിനികുമാർ വധം: എൻഡിഎഫ് പ്രവർത്തകന് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

കൊല്ലപ്പെട്ട അശ്വിനികുമാർ

തലശേരി> ആർഎസ്എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വിനികുമാറിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്കിന് ജീവപര്യന്തം. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (1) ആണ് വിധി പറഞ്ഞത്. എൻഡിഎഫ്‌ പ്രവർത്തകരായിരുന്ന പ്രതികളിൽ 13 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.

2005 മാർച്ച് പത്തിനാണ്‌ ബസിൽ യാത്രചെയ്യുകയായിരുന്ന  അശ്വിനികുമാറിനെ  ഇരിട്ടി പയഞ്ചേരിമുക്കിൽ കുത്തിക്കൊലപ്പെടുത്തിയത്. ജീപ്പിലെത്തിയ പ്രതികൾ ബസ് തടഞ്ഞാണ്‌ കൊല നടത്തിയത്‌. ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായിരുന്നു അശ്വിനികുമാർ. പുന്നാട്ടെ എൻഡിഎഫ്‌ പ്രവർത്തകൻ മുഹമ്മദ്‌ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കൊലപാതകം.  

കേസിൽ വെറുതേവിട്ടവരിൽ യാക്കൂബ്‌, കരാട്ടെ ബഷീർ എന്നിവർ സിപിഐ എം പ്രവർത്തകൻ ദിലീപൻ വധക്കേസിൽ ജീവപര്യന്തം തടവ്‌ അനുഭവിക്കുകയാണ്‌. ഒന്നാം പ്രതി അസീസിനെ നാറാത്ത്‌ ആയുധപരിശീലനക്കേസിൽ എൻഐഎ കോടതിയും എട്ടാം പ്രതി ഷമീറിനെ ലഹരിക്കേസിൽ വടകര കോടതിയും ശിക്ഷിച്ചിരുന്നു.

പാരലൽ കോളേജ്‌ അധ്യാപകനായിരുന്ന അശ്വിനികുമാറിന്റെ കൊലപാതകത്തെത്തുടർന്ന് ഇരിട്ടി പുന്നാട്‌ മേഖലയിൽ വ്യാപക അക്രമവും കൊള്ളയും നടന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top