22 December Sunday

എംഎൽഎ ജി സ്റ്റീഫനെതിരെ ഏഷ്യാനെറ്റിന്റെ വ്യാജ വാർത്ത

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

കാട്ടാക്കട > അരുവിക്കരയിലെ സിപിഐ എം എംഎൽഎ ജി സ്റ്റീഫനെതിരെ വസ്‌തുതാ വിരുദ്ധമായ വാർത്ത പുറത്തുവിട്ട്‌ ഏഷ്യാനെറ്റ്‌. ‘ജീ സ്റ്റീഫൻ എം എൽ എ യുടെ കാറിന്‌ വഴിമാറാത്തതിന്‌ മർദ്ദനം, കാട്ടാക്കടയിൽ 8 മാസം ഗർഭിണിയടക്കമുള്ള കുടുംബത്തിന്‌ നേരെ ആക്രമണം' എന്ന തലക്കെട്ടിലായിരുന്നു ഏഷ്യാനെറ്റ്‌ വാർത്ത. 

കഴിഞ്ഞ ദിവസം തന്റെ മണ്ഡലത്തിലെ ഓരളുടെ വിവാഹത്തിന്‌ കാട്ടാക്കടയിൽ എത്തിയതായിരുന്നു എംഎൽഎ. സ്ഥലത്തെത്തിയ എംഎൽഎ വാഹനം പാർക്ക്‌ ചെയ്യുകയും ഓഡിറ്റോറിയത്തിലെത്തി വധൂവരന്മാരെയും ബന്ധുമിത്രാദികളേയും കാണുകയും, തുടർന്ന്‌ വാഹനവുമായി തിരികെ പോവുകയും ചെയ്യുന്നു. ഈ സമയം വിവാഹത്തിൽ പങ്കെടുക്കാൻ വന്ന രണ്ട്‌ കൂട്ടർ തമ്മിൽ പാർക്കിംഗിനെ ചൊല്ലിയും വാഹനം മാറ്റിക്കൊടുക്കാത്തതിന്റെ പേരിലും തർക്കവും  തുടർന്ന്‌ സംഘർഷവും ഉണ്ടാകുന്നുണ്ട്‌. എന്നാൽ ഈ കാര്യങ്ങളൊന്നും എംഎൽഎ അറിഞ്ഞതുമില്ല.

സംഘർഷം നടന്ന ഇരു വിഭാഗവും പോലീസിൽ പരാതി നൽകുകയും ഒരു കൂട്ടർ എംഎൽഎ യുടെ വാഹനം അവിടെ ഉണ്ടായതായി മൊഴിക്കിടയിൽ പറയുകയും ചെയ്യുന്നു. ഈ മൊഴിയാണ്‌ ഏഷ്യാനെറ്റിന്റെ വാസ്‌തവ വിരുദ്ധമായ വാർത്തയ്‌ക്ക്‌ കാരണമായത്‌. പ്രശ്‌നമുണ്ടാകുമ്പോൾ അവിടെ എംഎൽഎയുടെ വാഹനം ഉണ്ടായിരുന്നു. എന്നാൽ എംഎൽഎയോ ഡ്രൈവറോ വാഹനത്തിൽ ഉണ്ടായിരുന്നില്ല താനും. ഈ കാര്യം ഏഷ്യാനെറ്റിന്‌ കൊടുത്ത ബൈറ്റിൽ പരാതിക്കാരൻ പറയുന്നുമുണ്ട്‌. 

പരാതിക്കാരിൽ ഒരാളുടെ ബൈറ്റുൾപ്പെടെ കൺമുൻപിൽ ഉണ്ടായിട്ടാണ്‌ ജി സറ്റീഫനെതിരെ ഏഷ്യാനെറ്റ്‌ വാർത്ത റിപ്പോർട്ട്‌ ചെയ്തത്‌. 

ഏഷ്യാനെറ്റിന്റെ വാർത്തയ്‌ക്കെതിരെ എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്‌. ഫെയ്‌സ്‌ബുക്കിൽ വീഡിയോ പങ്കുവച്ചും പോസ്റ്റ്‌ എഴുതിയും ജി സ്റ്റീഫൻ കാര്യങ്ങൾ വ്യക്തമാക്കി.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

‘ജീ സ്റ്റീഫൻ എം എൽ എ യുടെ കാറിന്‌ വഴിമാറാത്തതിന്‌ മർദ്ദനം'

സത്യം ചെരുപ്പിട്ട്‌ വരുമ്പോഴേയ്ക്കും നുണ കാതങ്ങൾ സഞ്ചരിക്കും എന്ന പഴഞ്ചൊല്ല് യാഥാർത്ഥ്യമാകുന്ന കാഴ്ചയാണ്‌ ‌ഇന്ന് രാവിലെ മുതൽ ഒരു വിഭാഗം മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത. 

ഇവിടെ എന്താണ്‌ സത്യാവസ്ഥ എന്ന് തെറ്റിദ്ധരിക്കപ്പെട്ടവരേയും എന്നെ സ്നേഹിക്കുന്നവരേയും ബോദ്ധ്യപ്പെടുത്തേണ്ടത്‌ ഒരു ജനപ്രതിനിധി എന്ന നിലയിലും ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകൻ എന്ന നിലയിലും എന്റെ ബാദ്ധ്യതയാണ്‌.

കഴിഞ ദിവസം (15.07.2024) കാട്ടാക്കട തുങ്ങാംപാറ ക്യപ ഓഡിറ്റോറിയത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിന്‌ രാത്രി എട്ടു മണിയോടെ ഞാൻ പോയിരുന്നു.കൂന്താണി എള്ളുവിള സ്വദേശിയുടെ വിവാഹം ആയിരുന്നു.ഓഡിറ്റോയത്തിന്‌ അകത്ത്‌ എന്നെ ഇറക്കിയ ശേഷം എന്റെ വാഹനം പാർക്ക്‌ ചെയ്യുന്നതിനായി പാർക്കിംഗ്‌ ഏര്യയിലേയ്ക്ക്‌ പോയി.ഞാൻ വിവാഹ മണ്ഡപത്തിലേയ്ക്കും.വധൂവരന്മാരെയും ബന്ധുമിത്രാദികളേയും കണ്ട ശേഷം പുറത്ത്‌ വന്ന് , എന്റെ കാർ വിളിച്ച്‌ ഞാൻ മടങ്ങി പോകുകയും ചെയ്തു.

രാത്രിയോടെ ചില സുഹ്യത്തുക്കൾ വിളിച്ച്‌ എന്റെ വാഹനവുമായി ബന്ധപ്പെട്ട്‌ എന്തങ്കിലും പ്രശ്നം ഉണ്ടായോ എന്ന് അന്വേഷിച്ചു. അങ്ങനെ ഒരു വിഷയം എന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നും എന്താണ്‌ എന്നും അന്വേഷിച്ചു.അപ്പോഴാണ്‌ ബിനീഷ്‌ എന്ന പരാതിക്കാരൻ വന്ന വാഹനം പാർക്ക്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ തർക്കം ഉണ്ടായി എന്നും എം എൽ എ. യുടെ വാഹനം ആ സമയത്ത്‌ അവിടെ ഉണ്ടായിരുന്നു എന്ന് അയാൾ സൂചിപ്പിച്ചതായി അറിയാൻ കഴിഞ്ഞു.പരാതിക്കാരനും വിവാഹത്തിൽ പങ്കെടുക്കാൻ വന്നവരും തമ്മിലുണ്ടായ പ്രശ്നത്തെ എം എൽ എയുടെ വാഹനവുമായി ബന്ധിപ്പിക്കാൻ എന്തിനാണ്‌ ഏഷ്യാനെറ്റ്‌ ശ്രമിച്ചത്‌ എന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല.എന്റെ വാഹനം , വിഷയം ഉണ്ടായി എന്ന് പറയുന്ന സമയത്ത്‌ പാർക്ക്‌ ചെയ്തിരിക്കുകയായിരുന്നു.എന്റെ വാഹനത്തിന്‌ അപ്പോൾ പോകേണ്ടതും ഉണ്ടായിരുന്നില്ല.കാരണം ആ സമയം ഞാൻ മണ്ഡപത്തിന്‌ പുറത്തേയ്ക്ക്‌ വന്നിരുന്നില്ല.എന്റെ വാഹനത്തിന്‌ ഏതെങ്കിലും ഒരു വാഹനം മാർഗ്ഗ തടസ്സവും ഉണ്ടാക്കിയിട്ടില്ല. മറ്റേതെങ്കിലും വാഹനത്തിന്‌ പരാതിക്കാരന്റെ വാഹനം മാർഗ്ഗ തടസ്സം ഉണ്ടാക്കിയിരുന്നോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്‌.

പരാതിക്കാരൻ മാധ്യമങ്ങളോട്‌ തന്റെ ഭാഗം വിശദീകരിക്കുന്ന ഘട്ടത്തിൽ എം എൽ എ യുടെ വാഹനത്തിൽ എം എൽ എ യും ഡ്രൈവറും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്‌.ഞങ്ങൾ ഇല്ലാതെ നിർത്തിയിട്ടിരുന്ന എന്റെ വാഹനത്തിന്‌ എങ്ങനെയാണ്‌ മറ്റൊരു വാഹനം മാർഗ്ഗതടസ്സം ഉണ്ടാക്കുന്നത്‌ എന്ന് എനിക്ക്‌ ബോദ്ധ്യമാകുന്നില്ല. പരാതിക്കാരൻ കാട്ടാക്കട പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്‌ 796/2024 ആയി രജിസ്റ്റർ ചെയ്ത ക്രൈം കേസ്സിലും ഞാനുമായി എന്തങ്കിലും തരത്തിൽ ബന്ധം ഉണ്ട്‌ എന്ന് പറഞ്ഞിട്ടില്ല.അവിടെ വിവാഹത്തിന്‌ പോയിരുന്നു എന്നത്‌ കൊണ്ടും എന്റെ വാഹനം അവിടെ പാർക്ക്‌ ചെയ്തിരുന്നു എന്ന കാരണത്താലും എന്റെ പേര്‌ ഇങ്ങനെ ഒരു സംഭവത്തിലെയ്ക്ക്‌ വലിച്ചിഴച്ചത്‌ തീർത്തും അപലപനീയം ആണ്‌.മാധ്യമ പ്രവർത്തനം വസ്തുതകൾ പുറത്ത്‌ കൊണ്ട്‌ വരാനും യാഥാർത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുമുള്ള മാർഗ്ഗം ആണെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.

എന്നാൽ ഈ സംഭവത്തിൽ തികച്ചും ധാർമ്മികതയ്ക്ക്‌ എതിരായുള്ള ഒരു നിലപാട്‌ ആണ്‌ ഏഷ്യാനെറ്റ്‌ സ്വീകരിച്ചതായി കാണുന്നത്‌.ഒരു വീഴ്ചയും എന്റെയും എന്റെ ഡ്രൈവറുടേയും ഭാഗത്ത്‌ നിന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ , ഇത്തരത്തിൽ ഒരു തെറ്റിദ്ധാരണാജനകമായ വാർത്ത എന്റെ ഫോട്ടോ സഹിതം ഉപയോഗിച്ച്‌ ദ്യശ്യമാധ്യമത്തിൽ നൽകിയത്‌ നിയമസഭാ സാമാജികൻ എന്ന നിലയിലും ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകൻ എന്ന നിലയിലും എനിക്ക്‌ ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയ സംഭവം ആണ്‌.

വസ്തുക്കൾ ബോദ്ധ്യമായ സാഹചര്യത്തിൽ ഏഷ്യാനെറ്റ്‌ ഈ വാർത്ത തിരുത്തി സംപ്രക്ഷേപണം ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം തുടർ നിയമനടപടികൾ സ്വീകരിക്കുന്നതാണ്‌.എന്നിൽ വിശ്വാസം അർപ്പിച്ച അരുവിക്കരയിലെ ജനങ്ങൾക്കും ഇടതുപക്ഷ പ്രവർത്തകർക്കും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കുന്നതിനാണ്‌ ഇത്തരത്തിൽ ഒരു വിശദീകരണം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top