23 November Saturday

പിന്തുണയ്ക്ക് നന്ദി, വിദ്വേഷപ്രചാരണം അവസാനിപ്പിക്കണം: ആസിഫ്‌ അലി

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2024

ആസിഫ് അലി വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുക്കുന്നു. സംവിധായകൻ അർഫാസ് അയൂബ്, നായിക അമല പോൾ 
എന്നിവർ സമീപം


കൊച്ചി
തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ വിദ്വേഷപ്രചാരണമാകരുതെന്ന് നടൻ ആസിഫ് അലി. ഉപഹാരസമർപ്പണ ചടങ്ങിൽ സംഗീതസംവിധായകൻ രമേഷ്‌ നാരായൺ അപമാനിച്ചെന്ന വിവാദത്തിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ആസിഫ്‌ അലി. രമേഷ്‌ നാരായണിന്റെ ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകും. ഒരു രീതിയിലും തന്നെ അദ്ദേഹം അപമാനിച്ചതായി തോന്നിയിട്ടില്ല. പക്ഷേ, താൻ കൂടുതൽ പരിഗണന അർഹിക്കുന്നു എന്ന്‌ തോന്നിയവരുണ്ട്‌. താൻ അപമാനിക്കപ്പെട്ടതായി അവർക്ക്‌ തോന്നിയിരിക്കാമെന്നും ആസിഫ്‌ അലി പറഞ്ഞു.

അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ പേര് തെറ്റിയാണ്‌ വിളിച്ചത്‌. എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ചെറിയ ടെൻഷൻ അദ്ദേഹത്തിന് തോന്നിയിരിക്കാം. അദ്ദേഹത്തിന്റെ കാലിന് ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ താൻ മെമന്റോ കൊടുക്കുന്ന സമയത്ത് സ്‌റ്റേജിൽ കയറാൻ സാധിച്ചില്ല. അത് വീഡിയോയിലൂടെ വന്നപ്പോൾ മറ്റു തരത്തിലായി.

‘ചൊവ്വ ഉച്ചമുതലാണ്‌ വാർത്ത ഓൺലൈനിൽ ശ്രദ്ധിച്ചത്‌. മതപരമായ തലത്തിൽവരെ ചർച്ചയാകുന്ന അവസ്ഥയിലെത്തിയതായി കണ്ടു. അങ്ങനെയൊന്നും ഇല്ല. ആ നിമിഷത്തിലുണ്ടായ തെറ്റിദ്ധാരണയാണത്. അദ്ദേഹത്തോട് ബുധൻ രാവിലെയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്നോട് അദ്ദേഹം മാപ്പുപറയുന്ന അവസ്ഥയിൽവരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു.

ഈ സംഭവമുണ്ടായപ്പോൾത്തന്നെ പിന്തുണച്ചവരോടാണ്‌ നന്ദി പറഞ്ഞത്‌. പിന്തുണയിൽ സന്തോഷവും അഭിമാനവുമുണ്ട്‌. പക്ഷേ, അതിനൊപ്പം അദ്ദേഹത്തിനെതിരായ വിദ്വേഷപ്രചാരണത്തിൽ വിഷമമുണ്ട്. അദ്ദേഹം ഒരു മനുഷ്യനെയും കുറച്ചുകാണുന്ന ആളല്ല. ഇതിനെ മറ്റൊരു ചർച്ചയിലേക്ക് കൊണ്ടുപോകരുത്. ഈ വിഷയത്തെക്കുറിച്ചുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം’–- ആസിഫ് അലി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top