തിരുവനന്തപുരം> കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. കുട്ടി എത്തിയെന്നു കരുതുന്ന കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസരത്തും കേരള, തമിഴ്നാട് പൊലീസും തിരിച്ചിൽ നടത്തുകയാണ്.
ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിതൊഴിലാളികളുടെ പതിമൂന്നുകാരിയായ മകളെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ ശകാരിച്ചതോടെയാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംന വീട്ടിൽ നിന്ന് ഇറങ്ങിയത്.
ഉച്ചയ്ക്ക് ഒന്നിന് അമ്മ തിരികെ വീട്ടിലെത്തിയപ്പോഴാണ് മകൾ വീട്ടിൽ ഇല്ലെന്ന് അറിഞ്ഞത്. ഉടനെ സമീപത്തെ വീടുകളിലും അന്വേഷിക്കുകയും വൈകിട്ട് നാലോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സിസിടിവിയും മറ്റും പരിശോധിച്ച് തിരച്ചിൽ ആരംഭിച്ചു.
പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ നിന്ന് പെൺകുട്ടി ബാഗുമായി പോകുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. അതിനിടെ കുട്ടി ബാംഗ്ലൂർ– കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് കന്യാകുമാരി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
പുലർച്ചെ 5.30-ന് കുട്ടിയെ കണ്ടെന്ന് കന്യാകുമാരിയിലെ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിന് വിവരം നൽകി. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..