26 December Thursday

ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

പന്തളം > ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന്‌ ഞായറാഴ്‌ച പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ശബരിമലയിലെത്തി. വൈകിട്ട് അഞ്ചോടെ പമ്പയിൽനിന്ന്‌ ശരംകുത്തിയിലെത്തിയ ഘോഷയാത്ര, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കെ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. 6.15 ഓടെ പതിനെട്ടാംപടി കയറിയ തങ്കയങ്കി പേടകത്തെ മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്, ബോർഡംഗങ്ങളായ എ അജികുമാർ, ജി സുന്ദരേശൻ, തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി ശേഖർ ബാബു, എഡിജിപി എസ് ശ്രീജിത്ത്, സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ തുടങ്ങിയവർചേർന്ന് സോപാനത്തേക്ക് ആനയിച്ചു.

സോപാനത്തെത്തിയ പേടകം തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർചേർന്ന് ഏറ്റുവാങ്ങി. 6.35ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു.
വ്യാഴം പുലർച്ചെ മൂന്നിന് നട തുറന്ന്‌ പതിവ് പൂജകൾക്കുശേഷം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ പകൽ 12നും 12.30നും ഇടയിൽ മണ്ഡലപൂജ നടക്കും. രാത്രി 10ന്‌ ഹരിവരാസനത്തോടുകൂടി നട അടയ്‌ക്കുന്നതോടെ 41 ദിവസങ്ങൾ നീണ്ടുനിന്ന മണ്ഡലകാലത്തിന് സമാപനമാകും.

മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന്‌ നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top