22 December Sunday

വർണപ്പൂരമായി അത്തം ; ഓണനാളുകൾക്ക്‌ നിറംപകർന്ന്‌ അത്തം ഘോഷയാത്ര

കെ പ്രഭാത്‌Updated: Saturday Sep 7, 2024

തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയിൽനിന്ന് ഫോട്ടോ: സുനോജ് നെെനാൻ മാത്യു


തൃപ്പൂണിത്തുറ
മലയാളത്തിന്റെ ഓണനാളുകൾക്ക്‌ നിറംപകർന്ന്‌ തൃപ്പൂണിത്തുറയിൽ ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്ര. കേരളീയ കലാരൂപങ്ങളും അവതരണങ്ങളും ഒന്നിച്ച്‌ അണിനിരന്ന ഘോഷയാത്ര വർണവൈവിധ്യത്താലും ജനപങ്കാളിത്തത്താലും ആകർഷകമായി. രാജനഗരത്തിന്റെ തെരുവോരങ്ങളിൽ ആയിരങ്ങളാണ്‌ ഘോഷയാത്രയ്‌ക്ക്‌ സാക്ഷിയായത്‌. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ലളിതമായാണ്‌ ഘോഷയാത്ര ഒരുക്കിയതെങ്കിലും, ഉയർന്ന  ജനപങ്കാളിത്തവും ചിട്ടയാർന്ന സംഘാടനവും ആഘോഷത്തിന്റെ പ്രൗഢിയേറ്റി.

രാവിലെ പെയ്‌ത കനത്തമഴ ഘോഷയാത്രയുടെ മാറ്റുകുറയ്‌ക്കുമെന്ന്‌ കരുതിയെങ്കിലും, ഉദ്‌ഘാടനസമയത്ത്‌ അന്തരീക്ഷം തെളിഞ്ഞു. ഇതോടെ നഗരത്തിലെ പ്രദക്ഷിണവഴികളെല്ലാം ജനനിബിഢമായി. പത്തോടെ സ്‌പീക്കർ എ എൻ ഷംസീർ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത്‌ ഫ്രാൻസിസ്‌ ജോർജ്‌ എംപി അത്തപ്പതാക ഉയർത്തി. അനൂപ്‌ ജേക്കബ്‌ എംഎൽഎ അധ്യക്ഷനായി. മതസൗഹാർദ സന്ദേശമേകി ചെമ്പിൽ അരയൻ, നെട്ടൂർ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ എന്നിവരുടെ പ്രതിനിധികൾ ചേർന്ന്‌ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. തൃപ്പൂണിത്തുറ റോയൽ റണ്ണേഴ്‌സ്‌ ക്ലബ്ബിലെ കായികതാരങ്ങൾ അണിനിരന്ന വിളംബരയോട്ടമായിരുന്നു യാത്രയുടെ മുൻനിരയിൽ. തൊട്ടുപിന്നാലെ ഓലക്കുടയുമായി മഹാബലി വേഷം.

തിരുവാതിര, മാർഗംകളി, ഒപ്പന, കോൽകളി, പരിചമുട്ട്‌, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ തെരുവിൽ അരങ്ങേറി. കഥകളി, തെയ്യം, തിറ തുടങ്ങി കലാകാരന്മാരുടെ സംഘവും നാടൻവേഷം അണിഞ്ഞെത്തിയവരും ഘോഷയാത്രയിൽ അണിനിരന്നു. വയനാട്‌ ഉരുൾപൊട്ടൽ ദൃശ്യങ്ങൾ അടങ്ങിയ ടാബ്ലോകളും ഘോഷയാത്രയിൽ ഇടംപിടിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് കലാകാരന്മാർ അറുപതിലേറെ വ്യത്യസ്‌ത കലാരൂപങ്ങൾ അവതരിപ്പിച്ചു. ഹരിതചട്ടം കർശനമായി പാലിച്ചായിരുന്നു ഘോഷയാത്ര.

വയനാട്‌ ദുരന്തത്തിൽ മരണമടഞ്ഞവർക്ക്‌ അനുശോചനം രേഖപ്പെടുത്തിയാണ്‌ അത്താഘോഷത്തിന്റെ ഉദ്‌ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്‌. നഗരസഭാ വൈസ്‌ ചെയർമാൻ കെ കെ പ്രദീപ്‌കുമാർ പ്രമേയം അവതരിപ്പിച്ചു. ചെയർപേഴ്‌സൺ രമ സന്തോഷ്‌, സെക്രട്ടറി പി കെ സുഭാഷ്‌, ഒ വി സാജു എന്നിവർ സംസാരിച്ചു.

അരങ്ങുണർന്നു
അത്തം 2024ന്റെ ഭാഗമായി 14 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ അത്താഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന കലാസന്ധ്യക്ക് തുടക്കമായി. സംവിധായകൻ വിഷ്ണു മോഹൻ, അഭിനേതാക്കളായ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനു മോഹൻ, സംഗീതസംവിധായകൻ അശ്വിൻ ആര്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, യു കെ പീതാംബരൻ, കെ ടി അഖിൽദാസ്, രോഹിണി കൃഷ്ണകുമാർ, കെ വി സാജു തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ ബീറ്റ്സിന്റെ ഗാനമേള അരങ്ങേറി. ശനി വൈകിട്ട് അഞ്ചിന് കളരിപ്പയറ്റ്, ആറിന് മാജിക് ഷോ, ഏഴിന് കാവ്യനൃത്താർച്ചന എന്നിവ നടക്കും.


 

നീതിക്കായി യുവഡോക്ടർമാർ
കൊൽക്കത്തയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ നീറുന്ന ഓർമകൾ നിറഞ്ഞ്‌ അത്തച്ചമയ ഘോഷയാത്ര. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ വിദ്യാർഥികളാണ്‌ ചിന്തകൾക്ക്‌ പ്രതിഷേധത്തിന്റെ തിരികൊളുത്തുന്ന പ്ലക്കാർഡുകളുമായി ഘോഷയാത്രയിൽ അണിനിരന്ന്‌. ജനസേവകരായ ഡോക്ടർമാർക്കുനേരെ രാജ്യത്ത്‌ തുടർച്ചയായി നടക്കുന്ന അക്രമങ്ങൾക്കെതിരെയായിരുന്നു മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധം.

നാട്‌ വിറപ്പിച്ച്‌ പുലികളും
രൗദ്രഭാവത്തിൽ ചടുലമായ നൃത്തച്ചുവടുമായി തെരുവിലിറങ്ങിയ പുലിക്കൂട്ടത്തെ കണ്ട്‌ അത്തം ഘോഷയാത്രയ്‌ക്കെത്തിയവർ വിറച്ചു. നൃത്തച്ചുവടുകളോടെ പുലി അടുത്തെത്തിയതോടെ കുഞ്ഞുകുട്ടികൾ കരഞ്ഞ്‌ ഒഴിഞ്ഞുമാറി. ഏറെ പണിപ്പെട്ടാണ്‌ രക്ഷിതാക്കൾ കുട്ടികളെ ആശ്വസിപ്പിച്ചത്‌. പുലികളുമായി ചേർന്നുനിന്ന്‌ സെൽഫിയും ഫോട്ടോയും എടുക്കാനും കാഴ്‌ചക്കാർ മത്സരിച്ചു. തൃശൂരിൽനിന്ന്‌ എത്തിച്ച വയറൻപുലികളാണ്‌ ഘോഷയാത്ര വർണാഭമാക്കിയത്‌.


 

തെങ്ങോലയിൽ 
ഉൽപ്പന്നപ്പെരുമ
തെങ്ങോലയിൽ നെയ്‌ത വസ്‌ത്രം ഉൾപ്പെടെ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ അണിഞ്ഞെത്തിയവർ കാണികളുടെ ശ്രദ്ധാകേന്ദ്രമായി. മൂഴിക്കുളം ഗ്രാമീണ കലാകേന്ദ്രം പ്രവർത്തകരാണ്‌ ഓലയിൽ തീർത്ത വസ്‌തുക്കളുമായി വേറിട്ടുനിന്നത്‌. മുൻനിരയിൽ പിടിക്കാനുള്ള ബാനർ, ബാനറിലെ എഴുത്ത്‌, വസ്‌ത്രം, തൊപ്പികൾ, കളിപ്പാട്ടങ്ങൾ, ഓലപ്പീപ്പി തുടങ്ങിയവ പ്രദർശിപ്പിച്ചാണ്‌ ടി ആർ പ്രേംകുമാറും സംഘവും ഘോഷയാത്രയിൽ അണിനിരന്നത്‌.


 

അത്താഘോഷം: മത്സരവിജയികൾ
അത്താഘോഷ കമ്മിറ്റി സംഘടിപ്പിച്ച പൂക്കളമത്സരത്തിൽ എറണാകുളം സിസി ഗ്രൂപ്പ്  ഒന്നാംസ്ഥാനവും വരാപ്പുഴ മഴവിൽ ആർട്സ് രണ്ടാംസ്ഥാനവും വൈപ്പിൻ ചിത്തിര ആർട്സ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വയോജനവിഭാഗത്തിലെ പൂക്കളമത്സരത്തിൽ കാരുണ്യം വയോമിത്രം ക്ലബ് ഒന്നാംസ്ഥാനവും സ്നേഹദീപം രണ്ടാംസ്ഥാനവും തൃപ്പൂണിത്തുറ വയോജനസമിതി മൂന്നാംസ്ഥാനവും നേടി.

അത്തച്ചമയ ഘോഷയാത്രയിലെ നിശ്ചലദൃശ്യങ്ങളിൽ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ അവതരിപ്പിച്ച പൂണിത്തുറ ഫ്രണ്ട്സ് ഒന്നാംസ്ഥാനവും ‘ഒരു ചാൺ വയറിനുവേണ്ടി’ എന്ന നിശ്ചലദൃശ്യം അവതരിപ്പിച്ച കുരീക്കാട് ഉദയ ക്ലബ് രണ്ടാംസ്ഥാനവും ‘ആടുജീവിതം’ അവതരിപ്പിച്ച ഭാവന ആർട്സ് മൂന്നാംസ്ഥാനവും നേടി. സ്കൂൾ മാർച്ച്പാസ്റ്റിൽ സെന്റ്‌ ജോസഫ് സിജിഎച്ച്എസ്എസ് തൃപ്പൂണിത്തുറ ഒന്നാംസ്ഥാനവും ഗവ. ഗേൾസ് എച്ച്‌എസ്‌എസ്‌ തൃപ്പൂണിത്തുറ രണ്ടാംസ്ഥാനവും ഗവ. ബോയ്സ് എച്ച്‌എസ്‌എസ്‌ തൃപ്പൂണിത്തുറ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top