കൊല്ലം> അതിഥിതൊഴിലാളികളുടെ വിവരശേഖരണത്തിന് സർക്കാർ ആരംഭിച്ച ‘അതിഥി ' ആപ് മുഖേന ജില്ലയിൽ 11007 പേർ രജിസ്‌റ്റർ ചെയ്‌തു. നവംബർ 18മുതൽ പ്ലേസ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമായ ആപ് നാഷണൽ ഇൻഫോർമാറ്റിക് സെന്ററാണ് തയാറാക്കിയത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകൾ ആപ്പിൽ ലഭിക്കും. 15000ത്തോളം പേർ രജിസ്റ്റർ ചെയ്യുമെന്നാണ് തൊഴിൽവകുപ്പിന്റെ കണക്കുകൂട്ടൽ.
തൊഴിലാളികളുടെ വ്യക്തിവിവരങ്ങൾ, ഫോട്ടോ, ആധാർകാർഡ് വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. ഇത് ലേബർ ഓഫീസർ പരിശോധിച്ച് അംഗീകരിച്ചശേഷം രജിസ്റ്റർചെയ്തവരുടെ വാട്‌സാപ്പിലേക്ക് വെർച്വൽ ഐഡി ലഭിക്കുന്ന സൗകര്യവും പദ്ധതിയുടെ ഭാഗമായുണ്ട്. ഇൻഷുറൻസിനും ഇതര ആനുകൂല്യങ്ങൾക്കും ഇനിമുതൽ ഇത് ഉപയോഗിക്കാനാകും. അസിസ്റ്റന്റ് ലേബർ ഓഫീസർമാർക്കാണ് വിവരങ്ങൾ ചേർക്കാനുള്ള ചുമതല. ഓഫീസർമാർ തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തിയാണ് വിവരശേഖരണം നടത്തുന്നത്. സ്ഥാപനത്തിൽ അല്ലെങ്കിൽ കോൺട്രാക്ടർക്കു കീഴിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ വിവരശേഖരണം 90 ശതമാനത്തിലധികം പൂർത്തിയായി.
എന്നാൽ, സ്ഥിരമായി ഒരിടത്ത് തൊഴിൽചെയ്യാതെ ഒറ്റപ്പെട്ട തരത്തിൽ ഉപജീവനമാർഗം തേടുന്ന തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതാണ് പ്രതിസന്ധി. ദിവസം 50പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നാണ് നിർദേശമെങ്കിലും പല തൊഴിലാളികളും രജിസ്ട്രേഷനുമായി സഹകരിക്കാത്തത് പദ്ധതി നിർവഹണത്തെ ബാധിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിവരങ്ങൾ ഉൾപ്പെടുത്തുന്ന പോർട്ടലിൽ വ്യാജ ആധാർനമ്പർ നൽകിയാലും തിരിച്ചറിയാനാകാത്ത സ്ഥിതി മുമ്പ് ഉണ്ടായിരുന്നെങ്കിലും നിലവിൽ ആപ്പിലേക്ക് മാറ്റിയതോടെ വ്യാജന്മാരെ കൈയോടെ തിരിച്ചറിയാനാകും. ഇവരുടെ വിവരം അധികൃതർ പൊലീസിനു കൈമാറും. നാട്ടിലേക്കു പോയ തൊഴിലാളികളിൽ ഭൂരിഭാഗവും തിരിച്ചെത്താൻ നാലുമുതൽ ആറുമാസംവരെ വൈകുന്നത് രജിസ്ട്രേഷൻ പ്രവർത്തനത്തെ ബാധിക്കുന്നതായി അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..