22 December Sunday

എടിഎം കവർച്ച: ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും പുഴയിൽനിന്ന്‌ കിട്ടി

സ്വന്തം ലേഖകൻUpdated: Sunday Oct 6, 2024


തൃശൂർ
തൃശൂരിൽ മൂന്നിടത്ത്‌ എടിഎം കവർച്ചയ്‌ക്ക്‌ ഉപയോഗിച്ച ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും താണിക്കുടം പുഴയിൽനിന്ന്‌ കണ്ടെടുത്തു. പ്രതികളുമായുള്ള തെളിവെടുപ്പിലാണ്‌ രണ്ട്‌ ഗ്യാസ്‌ സിലിണ്ടർ, എടിഎമ്മിൽ പണംനിറയ്‌ക്കുന്ന ഒമ്പതു ട്രേ, ഷൊർണൂർ റോഡ്‌ എടിഎമ്മിലെ വീഡിയോദൃശ്യങ്ങൾ പകർത്തുന്ന ഡിവിആർ എന്നിവ കണ്ടെത്തിയത്‌. അഗ്നിരക്ഷാസേന സ്‌കൂബാ ഡൈവിങ്‌ സംഘത്തിലെ പി കെ പ്രജീഷ്, വി വി ജിമോദ് എന്നീ മുങ്ങൽ വിദഗ്‌ധരാണ്‌ തെളിവ്‌ തേടി പുഴയിലിറങ്ങിയത്‌.

കൊള്ളയുടെ സൂത്രധാരൻ മുഹമ്മദ് ഇക്രാം ആയുധങ്ങളും എടിഎം ഭാഗങ്ങളും പുഴയിലേക്ക്‌ വലിച്ചെറിഞ്ഞ സ്ഥലം  പൊലീസിന്‌ കാണിച്ചു കൊടുത്തതിനു പിന്നാലെ സ്‌കൂബാ സംഘത്തെ വരുത്തുകയായിരുന്നു. പകൽ 12.30ഓടെ പുഴയിൽ ഇറങ്ങിയ സ്‌കൂബാ സംഘം മിനിറ്റുകൾക്കകം വെള്ള നിറത്തിലുള്ള ചെറിയ പെട്ടി കണ്ടെത്തി.  അവിടെയുണ്ടായിരുന്ന എസ്‌ബിഐ പ്രതിനിധി എടിഎം കൗണ്ടറിലെ വീഡിയോ ദൃശ്യങ്ങൾ റെക്കോഡ്‌ ചെയ്യുന്ന ഡിവിആറാണെന്ന്‌ സ്ഥിരീകരിച്ചു. അതിനു പിന്നാലെ  എടിഎമ്മിന്റെ ആദ്യത്തെ ട്രേ കണ്ടെത്തി. ചെളിയിൽ പൂണ്ട നിലയിലായിരുന്നു ചാര നിറത്തിലുള്ള ട്രേ. പിന്നാലെ അഞ്ച് ട്രേ കൂടി ലഭിച്ചു. ഇതിനു ശേഷമാണ്‌ ചാക്കിൽ കെട്ടിയ നിലയിൽ ഗ്യാസ്‌ കട്ടറും സിലിണ്ടറും ലഭിച്ചത്‌.

കവർച്ചയിൽ നേരിട്ട്‌ പങ്കാളികളായ മുഹമ്മദ്‌ ഇക്രാം, തെൻസിൽ ഇഫർഫാൻ, ഷൗക്കീൻ, സാബിർ ഖാൻ എന്നിവരെ ഷൊർണൂർ റോഡിലെ എസ്ബിഐ എടിഎമ്മിൽ എത്തിച്ച്‌  തെളിവെടുത്തു. തൃശൂർ എസിപി സലീഷ്‌ എൻ ശങ്കർ, ഈസ്‌റ്റ്‌ എസ്‌എച്ച്‌ഒ എം ജെ ജിജോ എന്നിവർ നേതൃത്വം നൽകി. കൊള്ളയടിക്കപ്പെട്ട മറ്റു രണ്ട്‌ എടിഎമ്മുകളിലും വരുംദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. 

കോലഴി എടിഎം കവർച്ചയ്‌ക്കുശേഷം മണ്ണുത്തി ദേശീയപാതയിലൂടെ രക്ഷപ്പെടുന്നതിനിടെ താണിക്കുടം പാലത്തിൽ കാർനിർത്തി പ്രതികൾ ആയുധവും ട്രേകളും പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. സെപ്‌തംബർ 27ന് പുലർച്ചെയാണ് തൃശൂരിൽ മൂന്നു എടിഎം തകർത്ത്‌ 69.41 ലക്ഷം രൂപ അപഹരിച്ചത്‌. നാമക്കലിൽ തമിഴ്‌നാട്‌ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു പ്രതി  കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top