26 December Thursday

എടിഎം കവർച്ച: പ്രതികൾ 
റിമാൻഡിൽ ; പ്രതികളെ വിട്ടുകിട്ടാൻ നടപടി തുടങ്ങി

പ്രത്യേക ലേഖകൻUpdated: Sunday Sep 29, 2024


കോയമ്പത്തൂർ
തൃശൂരിൽ എടിഎം കൊള്ളയടിച്ച കേസിൽ പിടിയിലായ ഹരിയാന സ്വദേശികൾ റിമാൻഡിൽ. ഇർഫാൻ, സാബിർഖാൻ, ഷൗക്കീൻ, മുഹമ്മദ്‌ ഇക്രാം, മുബാറക്‌ ആദം എന്നിവരെയാണ്‌ കുമാരപള്ളം കോടതി റിമാൻഡ്‌ ചെയ്‌തത്‌. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതി ജമാലുദ്ദീന്റെ മൃതദേഹം സങ്കഗിരി സർക്കാർ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകി.

പ്രതികൾക്ക്‌ അഞ്ചു സംസ്ഥാനങ്ങളിലെ എടിഎം കവർച്ചാസംഘവുമായി ബന്ധമുണ്ടെന്ന്‌ നാമക്കൽ എസ്‌പി രാജേഷ്‌ കണ്ണ പറഞ്ഞു. കേരള, ആന്ധ്ര പൊലീസ്‌ സംഘം പ്രതികളെ ചോദ്യംചെയ്‌തു. തമിഴ്‌നാട്‌, കർണാടക, തെലങ്കാന പൊലീസ്‌ സംഘവും പ്രതികളെ വരുംദിവസം ചോദ്യംചെയ്യും.

മൂന്നു എടിഎമ്മിൽനിന്നും കൊള്ളയടിച്ച 69.41 ലക്ഷം രൂപയും പ്രതികളുടെ ബാഗുകളിൽനിന്നും കേരള പൊലീസ്‌ കണ്ടെടുത്തു. തൃശൂർ ഈസ്‌റ്റ്‌ എസ്‌എച്ച്‌ഒ എം ജെ ജിജോ, ഇരിങ്ങാലക്കുട ടൗൺ എസ്‌എച്ച്‌ഒ കെ അജിത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ്‌ പ്രതികളെ പിന്തുടർന്ന്‌ തമിഴ്‌നാട്ടിലെ നാമക്കല്ലിൽ എത്തിയത്. ഏറ്റുമുട്ടലിൽ തമിഴ്‌നാട്‌ പൊലീസ്‌ സേനയിലെ രണ്ടുപേർക്ക്‌ കുത്തേറ്റിരുന്നു. ഏറ്റുമുട്ടൽ സംബന്ധിച്ച്‌ മജിസ്‌റ്റീരിയൽ അന്വേഷണം തുടങ്ങി. ജുഡീഷ്യൽ അന്വേഷണവും നടക്കും.

പ്രതികളെ വിട്ടുകിട്ടാൻ നടപടി തുടങ്ങി
എടിഎം കൊള്ളയടിച്ച കേസിലെ പ്രതികളെ കേരള പൊലീസിന്‌ വിട്ടുകിട്ടുന്നത്‌ വൈകാൻ സാധ്യത. കൊള്ളസംഘത്തെ പിടികൂടുന്നതിനിടെ തമിഴ്‌നാട്‌ പൊലീസുമായി ഏറ്റുമുട്ടലുണ്ടായതിനാൽ ജുഡീഷ്യൽ നടപടികൾ പൂർത്തിയാക്കേണ്ടതിനാലാണിത്‌. തമിഴ്‌നാട്‌ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസുൾപ്പെടെ പ്രതികൾക്കെതിരെയുണ്ട്‌. കൃഷ്‌ണഗിരിയിലെ എടിഎം കവർച്ചയിലും ഇപ്പോൾ അറസ്‌റ്റിലായവരുടെ പങ്ക്‌ വ്യക്തമായിട്ടുണ്ട്‌. ഈ കേസുകളിൽ തമിഴ്‌നാട്‌ പൊലീസിന്റെ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കണം. എങ്കിലും പ്രതികളെ കസ്‌റ്റഡിയിൽകിട്ടാൻ കേരള പൊലീസ്‌ നടപടി തുടങ്ങി. തൃശൂർ റൂറൽ മാപ്രാണത്തെ എ ടി എമ്മിൽ നിന്നും 33 ലക്ഷത്തിലധികവും, സരോജ നേഴ്സിങ്ങ് ഹോം പരിസരത്തുള്ള എ ടി എമ്മിൽ നിന്നും 9 ലക്ഷത്തിലധികവും, കോലഴിയിലെ എ ടി എമ്മിൽ നിന്നും 25 ലക്ഷത്തിലധികം രൂപയുമാണ് നഷ്ടപെട്ടിട്ടുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top