19 December Thursday
3 എടിഎമ്മുകളിൽനിന്ന്
 അപഹരിച്ചത്‌ 69.41 ലക്ഷം , രണ്ടു പൊലീസുകാർക്കും 
 ഒരു പ്രതിക്കും പരിക്ക്‌

തൃശൂരിൽ വൻ എടിഎം കൊള്ള ; 
പ്രതികൾ തമിഴ്‌നാട്ടിൽ പിടിയിൽ , ഒരു പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

സ്വന്തം ലേഖകൻUpdated: Friday Sep 27, 2024

തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ പൊലീസ്‌ 
പിടികൂടിയപ്പോൾ


തൃശൂർ
തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽനിന്നും 69.41 ലക്ഷം രൂപ കൊള്ളയടിച്ച പ്രതികൾ മണിക്കൂറുകൾക്കകം തമിഴ്‌നാട്ടിൽ പിടിയിൽ. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക്‌ പരിക്ക്‌. രണ്ടു പൊലീസുകാർക്ക്‌ കുത്തേറ്റു. വെള്ളി പുലർച്ചെ രണ്ടിനും നാലിനുമിടയിലാണ്‌ സംഭവം.
 ഉത്തരേന്ത്യക്കാരനായ കണ്ടെയ്‌നർ ഡ്രൈവർ ജുമാലുദീൻ (37) ആണ് മരിച്ചത്. ഹരിയാന സ്വദേശി ആസർ അലി, പൽവാൽ ജില്ലക്കാരായ തെഹ്‌സിൽ  ഇർഫാൻ, സാബിർ ഖാൻ, ഷൗക്കീൻ, മോഹ്‌ദ്‌ ഇക്രാം, മുബാരിക്‌ ആദ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ആസർ അലിക്കാണ്‌ (30) കാലിന്‌ വെടിയേറ്റ്‌ പരിക്ക്‌. മോഷണസംഘം സഞ്ചരിച്ച കാർ കണ്ടെയ്‌നർ ലോറിയിൽകയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട്‌ പൊലീസ്‌ പിടികൂടുകയായിരുന്നു. 

ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ മാപ്രാണം, തൃശൂർ ഷൊർണൂർ റോഡ്‌, കോലഴി എന്നിവിടങ്ങളിലായിരുന്നു മോഷണം. നമ്പർമറച്ച കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. എസ്‌ബിഐ കൺട്രോൾ റൂമിൽനിന്ന്‌ വിവരം ലഭിച്ച്‌ പൊലീസ്‌ എത്തുംമുമ്പേ സംഘം രക്ഷപ്പെട്ടു. രാമവർമപുരംവഴി മണ്ണുത്തി ദേശീയപാതയിലെത്തിയ സംഘം പിന്നീട്‌ കാർ കണ്ടെയ്‌നർ ലോറിയിൽ കയറ്റി തമിഴ്‌നാട്ടിലേക്ക്‌ കടന്നു. ചെട്ടിയാർ കടവിൽ ബൈക്കുയാത്രികരെ ഇടിച്ച്‌ നിർത്താതെ പോയതിനെത്തുടർന്ന്‌ നാമക്കലിൽ നാട്ടുകാർ ലോറി തടഞ്ഞു. തോക്കുധാരികളായ മോഷണസംഘം നാട്ടുകാരുമായി ഏറ്റുമുട്ടി. സ്ഥലത്തെത്തിയ പൊലീസിനെയും ആക്രമിച്ചു. പൊലീസ്‌ വെടിവച്ചാണ്‌ പ്രതികളെ കീഴടക്കിയത്‌. തൃശൂരിൽനിന്നുള്ള പൊലീസ്‌ സംഘം തമിഴ്‌നാട്ടിലെത്തി പ്രതികളെ കസ്‌റ്റഡിയിലെടുക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ അറിയിച്ചു.

എടിഎം കവർച്ചയ്‌ക്ക്‌ ‘പ്രൊഫഷണൽ ടച്ച്‌’
രണ്ട്‌ മണിക്കൂറിനകം 25 കിലോമീറ്ററിനുള്ളിൽ മൂന്നു എടിഎമ്മുകളിൽ കവർച്ച. ഒരു എടിഎം കവർച്ച ചെയ്യാൻ എട്ടോ, പത്തോ മിനിറ്റുകൾ മാത്രം. എടിഎം കവർച്ചയിൽ അതിവിദഗ്‌ധരായ സംഘമാണ്‌ തൃശൂരിൽ മൂന്നിടത്ത്‌ കവർച്ച നടത്തിയത്‌. വിനിമയത്തിന് ഫോണിനു പകരം  അത്യന്താധുനിക വയർലെസ്‌ സെറ്റും സംഘത്തിനുണ്ടായിരുന്നു.

മുഖംമൂടി ധരിച്ച്‌ ഗ്യാസ്‌ കട്ടർ ഉപയോഗിച്ചായിരുന്നു കവർച്ച. സിസിടിവി കാമറയിൽ കറുത്ത നിറത്തിലുള്ള ദ്രാവകം സ്‌പ്രേ ചെയ്‌തതായി ദൃശ്യങ്ങളിൽ കാണാം.  അലാം  സംവിധാനവും  തകരാറിലാക്കി. അത്യന്താധുനിക എടിഎമ്മിന്റെ  പ്രവർത്തനങ്ങൾ  കൃത്യമായി അറിയാവുന്ന സംഘമാണ്  കവർച്ചക്ക്‌ എത്തിയത്‌. പഴയ എടിഎമ്മുകൾ വാങ്ങി സാങ്കേതികവിദ്യ പഠിച്ചായിരുന്നു കവർച്ച. ആദ്യം ഒരാൾ തോർത്ത്‌ കൊണ്ട്‌ മുഖം മറച്ച്‌ എടിഎമ്മിൽ കയറി സിസിടിവി ക്യാമറകളിൽ  കറുത്ത ദ്രാവകം സ്‌പ്രേ ചെയ്തു.  എടിഎമ്മിൽ പണമിടുന്ന ട്രേയുടെ ഭാഗം കൃത്യമായി  കണ്ടെത്തി  ഗ്യാസ്  കട്ടർ ഉപയോഗിച്ച് മുറിച്ചു. കണ്ടെയ്‌നർ ലോറി എത്തിക്കാനുള്ള സ്ഥലം  വയർലെസിലൂടെയാണ് അറിയിച്ചത്‌. പണം കൂടുതൽ നിക്ഷേപിക്കാൻ സാധ്യതയുള്ള  എസ്‌ബിഐ എടിഎമ്മുകളാണ്‌ ഇവർ തെരഞ്ഞെടുത്തത്‌.  പരിചയമില്ലാത്തവർക്ക്‌ പാതിരാത്രിയിൽ രാമവർമപുരം  വഴി മണ്ണുത്തിയിലേക്ക്‌ കടക്കാനാവില്ല.  കണ്ടെയ്‌നർ ലോറിക്കുള്ളിൽ കാർ കടത്തി രക്ഷപ്പെടാനുള്ള മാർഗവും ആസൂത്രണം ചെയ്‌തിരുന്നു.  കവർച്ചക്കായി ട്രയൽ റൺ നടത്തിയെന്നും സംശയിക്കുന്നു.

കേരള പൊലീസ്‌ പിന്തുടർന്നു, 
തമിഴ്‌നാട്‌ പൊലീസ്‌ പിടികൂടി
തൃശൂരിലെ എടിഎം കവർച്ചക്കേസിലെ പ്രതികളെ പിടികൂടാനായതിനുപിന്നിൽ  കേരള പൊലീസിന്റെ  ജാഗ്രത. സംഭവം  അറിഞ്ഞയുടൻ  കവർച്ചാസംഘത്തെ വലയിലാക്കാൻ  തൃശൂർ സിറ്റി, റൂറൽ പൊലീസ്‌ മറ്റുജില്ലകളിലേയ്‌ക്കും തമിഴ്‌നാട്‌ പൊലീസിനും വിവരം കൈമാറി. ഇതാണ്‌ ആറുമണിക്കൂറിനകം  പ്രതികളെ പിടികൂടാൻ സഹായകമായത്‌.

തൃശൂർ  സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ പാലക്കാട്, കോയമ്പത്തൂർ,  കൃഷ്ണഗിരി, സേലം  ജില്ലകളിലേക്ക്‌ ജാഗ്രതാനിർദേശം നൽകി.  ഒരേ സമയം നിരവധി എടിഎമ്മുകളിൽ കവർച്ച നടത്തുന്ന ഹരിയാന സംഘത്തെക്കുറിച്ചും കണ്ടെയ്‌നർ ലോറിയിൽ കാർ കടത്തുന്ന സംഘത്തെക്കുറിച്ചും  സൂചന നൽകി. ഇതേത്തുടർന്ന്‌ പുലർച്ചെ അഞ്ചുമുതൽ തമിഴ്‌നാട്‌ പൊലീസ്‌  കണ്ടെയ്‌നർ ലോറികൾ പരിശോധന ആരംഭിച്ചിരുന്നു.   

ആദ്യം കവർച്ച നടന്ന മാപ്രാണം എടിഎം ശാഖയിലെ സുരക്ഷാ അലാറം എസ്‌ബിഐ കൺട്രോൾ റൂമിൽനിന്നും  22 മിനിറ്റിനുശേഷമാണ്‌ പൊലീസിന്‌ ലഭിച്ചത്‌.  തൃശൂരിലേത്‌ 50 മിനിറ്റും കോലഴിയിലേത്‌ 20 മിനിറ്റും വൈകി.  ഇത്‌ അന്വേഷണത്തിന്‌ തടസ്സമായി. സന്ദേശം  ലഭിച്ചയുടൻ  മാപ്രാണത്ത്‌  പൊലീസ് പാഞ്ഞെത്തിയെങ്കിലും കൊള്ളക്കാർ രക്ഷപ്പെട്ടിരുന്നു. തൃശൂർ റൂറൽ എസ്‌പി നവനീത്‌ ശർമയുടെ നേതൃത്വത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു.  മാപ്രാണം ബ്ലോക്ക് ജങ്‌ഷനിലെ എടിഎം ശാഖയ്ക്ക് സമീപമുള്ള  ഹോട്ടലിലെ സിസിടിവി കാമറയിലാണ് മോഷ്ടാക്കളുടെ  ദൃശ്യങ്ങൾ പതിഞ്ഞത്‌. മോഷ്ടാക്കളെത്തിയ കാറിന്റെ  ദൃശ്യവും പൊലീസിന് ലഭിച്ചു.  കാറിന്റെ  നമ്പർ  മറച്ചിരുന്നു.

1.48 മണിക്കൂർ, കവർന്നത്‌  
69.41 ലക്ഷം
തൃശൂരിൽ മൂന്ന്‌ എടിഎമ്മുകളിൽ നിന്നായി കവർന്നത്‌ 69.41 ലക്ഷം.  ഒരു മണിക്കൂർ 35 മിനിറ്റിനകം മൂന്നിടത്ത്‌ കവർച്ച നടന്നു.  മാപ്രാണം  ബ്ലോക്ക് ജങ്‌ഷനിലെ എടിഎമ്മിലായിരുന്നു ആദ്യകവർച്ച. ഇവിടെനിന്ന്‌   33,90,000  രൂപയാണ്‌ കവർന്നത്‌. കോലഴിയിൽ നിന്ന് 25,65,000 രൂപയും ഷൊർണൂർ റോഡ് എടിഎമ്മിൽനിന്ന് 9,86,700 രൂപയും  നഷ്ടപ്പെട്ടെന്നാണ്‌ പ്രാഥമിക വിവരം. ഇരിങ്ങാലക്കുട മാപ്രാണത്തെ എടിഎം വെള്ളി പുലർച്ചെ 2.10-നായിരുന്നു.  20 കിലോമീറ്റർ അകലെ തൃശൂർ നഗരത്തിൽ ഷൊർണൂർ റോഡിലെ എടിഎമ്മിൽ  3.07-നായിരുന്നു കവർച്ച.  3.58നാണ്‌  കോലഴിയിലെ കവർച്ച.

കോലഴി എസ്ബിഐ കൊള്ളയടിക്കാൻ   2020ലും ശ്രമം നടന്നിരുന്നു.  എസ്ബിഐയോട്‌ ചേർന്നുള്ള എടിഎം മെഷീൻ വാഹനത്തിൽ കെട്ടി വലിച്ച് കൊണ്ടുപോകാനാണ് ശ്രമം  നടന്നത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിടി കൂടാനായിരുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top