തിരുവനന്തപുരം
കോവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല ചരിത്രത്തിലാദ്യമായി ക്ഷേത്രച്ചടങ്ങുകളിൽ ചുരുങ്ങി. ശനിയാഴ്ച രാവിലെ 10.50ന് മേൽശാന്തി പി ഈശ്വരൻ നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് വിശ്വാസികൾ വീടുകളിൽ പൊങ്കാലയർപ്പിച്ചു.
സുരക്ഷാ മാനദണ്ഡം നിലനിൽക്കുന്നതിനാൽ നിരത്തുകളിലോ പൊതുയിടങ്ങളിലോ ഇക്കുറി പൊങ്കാലയുണ്ടായില്ല. വൈകിട്ട് 3.40ഓടെ പണ്ടാര അടുപ്പിലെ പൊങ്കാല നിവേദ്യമെടുത്തു. നിവേദ്യത്തിനായി ഇത്തവണ ക്ഷേത്രത്തിൽനിന്ന് പൂജാരിമാരെ നിയോഗിച്ചില്ല. വിമാനം വഴിയുള്ള പുഷ്‌പവൃഷ്ടിയുണ്ടായിരുന്നു. കുത്തിയോട്ടം ആചാരപ്രകാരം മാത്രമായി. പത്തുവയസ്സിൽ താഴെയുള്ളവർക്ക് നിയന്ത്രണമുള്ളതിനാൽ, പത്തിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവരാണ് താലപ്പൊലിയിൽ പങ്കെടുത്തത്.
ശ്രീവരാഹം വിഷ്ണുവും സംഘവും അവതരിപ്പിച്ച മേജർസെറ്റ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വൈകിട്ട് 7.30ഓടെ വിഗ്രഹം പുറത്തെഴുന്നെള്ളിച്ചു. പൊലീസ് സായുധസേനയുടെ അകമ്പടിയുണ്ടായിരുന്നു. വഴിയിൽ തട്ടനിവേദ്യവും നിറപറയെടുക്കലുമുണ്ടായില്ല. രാത്രി പതിനൊന്നോടെ വിഗ്രഹം തിരിച്ച് ക്ഷേത്രത്തിലെത്തി.
പൊങ്കാലയിലും നിവേദ്യ ചടങ്ങിലും മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കിലെ ചെയർമാൻ വി ശിവൻകുട്ടി, ശശി തരൂർ എംപി എന്നിവർ പങ്കെടുത്തു. ഞായറാഴ്ച രാത്രി 9.15ന് കാപ്പഴിക്കൽ ചടങ്ങിനുശേഷം കുരുതിതർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..