22 November Friday

ഇന്‍ഫോപാര്‍ക്കിൽ എവിജിസി–എക്സ്ആര്‍ അരീന ; വ്യവസായമന്ത്രി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


കൊച്ചി
ജനുവരിയിലെ ആഗോള നിക്ഷേപക സംഗമത്തിൽ അനിമേഷൻ വിഷ്വൽ ഇഫക്ട്സ് ഗെയിമിങ്‌ കോമിക്സ് എക്സ്റ്റൻഡഡ് റിയാലിറ്റി (എവിജിസി–-എക്സ്ആർ) വിഭാഗത്തെ പ്രത്യേക മേഖലയായി പരിഗണിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. ഇൻഫോപാർക്കിൽ ആരംഭിച്ച എവിജിസി–-എക്‌സ്‌ആർ അരീന സന്ദർശിച്ച മന്ത്രി, വിവിധ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന സർക്കാരിന്റെ എവിജിസി–-എക്സ്ആർ പോളിസിയുടെ ചുവടുപിടിച്ച് ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് മാത്രമായി കോ-–-വർക്കിങ്‌ സ്പേസ് ആദ്യമായി ആരംഭിച്ചത് ഇൻഫോപാർക്കിലാണ്. ആഗോളനിലവാരത്തിലുള്ള മലയാളി പ്രതിഭകളാണ് ഇന്ന് ലോകത്തെ മുൻനിര അനിമേഷൻ മേഖലയിലുള്ളത്‌. എവിജിസി–-എക്സ്ആർ മേഖല കേരളത്തിൽ സജീവമാകുന്നതോടെ ഈ പ്രതിഭകൾ നമ്മുടെ നാട്ടിലേക്ക് തിരികെയെത്തും. കൂടുതൽ നിക്ഷേപം ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിന്‌ ആഗോള നിക്ഷേപകസംഗമത്തിൽ എവിജിസി–--എക്സ്ആറിനെ പ്രത്യേകമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

എവിജിസി–-എക്സ്ആറിനുമാത്രമായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ സംവിധാനമാണ് ഇൻഫോപാർക്കിലേതെന്ന് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു.   
2032 ആകുമ്പോൾ നിലവിലുള്ള 2,60,000 തൊഴിലവസരങ്ങളിൽനിന്ന് 2.6 ബില്യൺ തൊഴിലവസരങ്ങളുള്ള മേഖലയായി എവിജിസി–-എക്സ്ആർ മാറുമെന്ന് സൊസൈറ്റി ഓഫ്  എവിജിസി–-എക്സ്ആർ ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻ കേരള (സൈക്ക്) സെക്രട്ടറി ശരത് ഭൂഷൺ പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ഈ രംഗത്തുനിന്നുള്ള വരുമാനം നിലവിലുള്ള മൂന്ന് ബില്യൺ ഡോളറിൽനിന്ന്‌ 26 ബില്യൺ ഡോളറായി മാറുമെന്നാണ്‌ അനുമാനം. രണ്ടുവർഷം ഈ മേഖലയിൽ വേണ്ട പിന്തുണ നൽകിയാൽ ഈ വിപണിയുടെ അഞ്ചുമുതൽ 10 ശതമാനംവരെ കേരളത്തിന് നേടാമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top