22 December Sunday
ആന്റിബയോട്ടിക്കിന്റെ അനാവശ്യ ഉപയോഗം

2 ലക്ഷം 
വീടുകളിൽ ബോധവൽക്കരണം
പൂർത്തിയാക്കി

ആർ ഹേമലതUpdated: Sunday Oct 27, 2024

കൊച്ചി
ആന്റിബയോട്ടിക്‌ സാക്ഷരത താഴെത്തട്ടിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 2,04,623 വീടുകളിൽ എഎംആർ (ആന്റി മൈക്രോ റസിസ്റ്റൻസ്‌) ബോധവൽക്കരണം പൂർത്തിയാക്കി ജില്ലാ ആരോഗ്യവകുപ്പ്‌. പരിശീലനം ലഭിച്ച ആശാപ്രവർത്തകരാണ്‌ വീടുകളിലെത്തി ബോധവൽക്കരണം നടത്തുന്നത്‌.


ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയാനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമാണ്‌ ബോധവൽക്കരണം. ഡോക്ടറുടെ നിർദേശാനുസരണംമാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ, ഇവ സ്വയം ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങിക്കഴിക്കുകയോ ചെയ്യരുത്,

ചികിത്സകഴിഞ്ഞ്‌ ശേഷിക്കുന്നവയോ കാലഹരണപ്പെട്ടതോ ഉപയോഗിക്കരുത്‌ തുടങ്ങിയവ ആശാപ്രവർത്തകർ വീടുകളിലെത്തി വിശദീകരിച്ചു. 1511 വാർഡുകളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരും ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നഴ്‌സുമാരും മിഡ്‌ ലെവൽ സർവീസ്‌ പ്രൊവൈഡർമാരും പങ്കെടുത്തു.


ഇടപെടലിന്റെ ഭാഗമായി ആന്റിബയോട്ടിക്‌ വിൽപ്പനയിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്ന്‌ ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രാേഗ്രാം മാനേജർ ഡോ. പി എസ്‌ ശിവപ്രസാദ്‌ പറഞ്ഞു. ആദ്യഘട്ടത്തിൽ ഡോക്ടർമാരുടെ ഇടയിൽ ബോധവൽക്കരണം നടത്തുകയും കുറിപ്പടി ഇല്ലാതെ മരുന്നുകൾ വിതരണം ചെയ്യരുതെന്ന്‌ ഫാർമസികൾക്ക്‌ കർശനനിർദേശം നൽകുകയും ചെയ്‌തിരുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടാംഘട്ടം 110 ആശാപ്രവർത്തകർക്ക്‌  ക്ലാസെടുത്തു. കുറഞ്ഞസമയംകൊണ്ട്‌ ഇത്രയധികം വീടുകളിൽ ബോധവൽക്കരണം നടത്താനായത്‌ നേട്ടമാണെന്ന്‌ ജില്ലാ ആശാ കോ–-ഓർഡിനേറ്റർ സജന സി നാരായണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top