തലനാട് > ശന്ത സുന്ദരമായൊരു മലമുകളിൽ ചിലവഴിക്കുന്ന വൈകുന്നേരത്തേക്കാൾ മനോഹരമായതെന്തുണ്ട് ഭൂമിയിൽ. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ട്. പ്രതീക്ഷിക്കാതിരിക്കുന്ന നിമിഷങ്ങളിൽ അങ്ങോട്ടേക്കോടിയെത്തുന്ന കോടമഞ്ഞ്. മനംകുളിർക്കുന്ന ദൂരെ കാഴ്‌ചകൾ. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽനിന്ന് 11 കിലോ മീറ്റർ അകലെ തലനാട് പഞ്ചായത്തിലെ അയ്യമ്പാറ പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ടിടമാണ്.
സമുദ്രനിരപ്പിൽനിന്നു രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് അയ്യമ്പാറ. നാൽപത് ഏക്കറോളം വിശാലതയിൽ പരന്നുകിടക്കുന്ന പാറയാണ് പ്രധാന പ്രത്യേകത. പാറക്കെട്ടിൽനിന്ന് മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗർത്തം. കോടമഞ്ഞിൽ താഴ്‌വാരങ്ങളിലെ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി കാണാം. പാറകൾക്ക് മുകളിൽ ഒരു അയ്യപ്പക്ഷേത്രമുണ്ട്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിലൂടെയുള്ള ഈരാറ്റുപേട്ടയുടെയും ഇല്ലിക്കൽകല്ലിന്റെയും വിദൂര കാഴ്ച അതി മനോഹരമാണ്. സൂര്യാസ്തമയമാണ് പ്രധാന ആകർഷണം. അതുകൊണ്ട് തന്നെ വൈകിട്ടാണ് പ്രധാനമായും സഞ്ചാരികളിങ്ങോട്ടെത്തുന്നത്.
ഈരാറ്റുപേട്ടയിൽനിന്ന് തീക്കോയി വഴി അരമണിക്കൂർ കൊണ്ട് അയ്യമ്പാറയിലെത്താം. തീക്കോയി–തലനാട് റോഡ് ബിഎംബിസി നിലവാരത്തിൽ ഉയർത്തി നിർമിച്ചതിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചതോടെ ഇതുവഴിയുള്ള യാത്ര സുഖകരമാണ്. പ്രവേശനം സൗജന്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..