കൊച്ചി > കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ച രണ്ടുപ്രതികളുടെ ജീവപര്യന്തം തടവ് ഹൈക്കോടതി 10 വർഷം കഠിനതടവാക്കി കുറച്ചു. യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന കൊടകര വാസുപുരം വെട്ടിക്കൽ വി എ റഷീദ്, സുഹൃത്ത് ഗുരുവായൂർ തൈക്കാട് വല്ലിശേരി വീട്ടിൽ ശാശ്വതി പ്രമോദ് എന്നിവരുടെ ജീവപര്യന്തമാണ് 10 വർഷം കഠിനതടവാക്കി കുറച്ചത്.
കോൺഗ്രസ് നേതാക്കൾ പ്രതികളായ അയ്യന്തോൾ പിന്നാക്കിൾ ഫ്ലാറ്റ് കൊലക്കേസ് മനഃപൂർവമായ നരഹത്യതന്നെയെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിൽ കെപിസിസി മുൻ സെക്രട്ടറി എം ആർ രാമദാസ് ഉൾപ്പെടെ മൂന്നുപേരെ വെറുതെവിട്ടതിനെതിരായ അപ്പീൽ തള്ളി. ജസ്‌റ്റിസ് പി ബി സുരേഷ് കുമാർ, ജസ്‌റ്റിസ് സി പ്രദീപ്കുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് കേസ് പരിഗണിച്ചത്.
2016 മാർച്ച് ഒന്നിനാണ് ഷൊർണൂർ ലതാ നിവാസിൽ സതീശൻ (28) ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. കുഴൽപ്പണം ഇടപാടിന്റെ രഹസ്യം ചേർന്നതിന്റെ പേ രിൽ രണ്ടുദിവസം ഫ്ലാറ്റിൽ പൂട്ടിയിട്ട് തുടർച്ചയായി മർദിച്ചതാണ് മരണത്തിനിടയാക്കിയത്. കൊടകര വാസുപുരം മാങ്ങാറിൽ വീട്ടിൽ കൃഷ്‌ണപ്രസാദ്, റഷീദ്, ശാശ്വതി, റഷീദിന്റെ ഡ്രൈവർ വട്ടേക്കാട് സ്വദേശി രതീഷ്, സഹായി ഒലവക്കോട് സ്വദേശി സുജീഷ് എന്നിവരെയാണ് വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നത്.
കൃഷ്‌ണപ്രസാദിനും റഷീദിനും ശാശ്വതിക്കുമാണ് ജീവപര്യന്തം തടവ് വിധിച്ചിരുന്നത്. കൃഷ്‌ണപ്രസാദായിരുന്നു ഒന്നാംപ്രതി. ഇയാൾ അപ്പീൽ നൽകിയിരുന്നില്ല. എം ആർ രാമദാസിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ആരോപിച്ചിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..