22 November Friday

അഴീക്കലിനെ വെട്ടി; കോസ്റ്റ്‌ ഗാർഡ്‌ അക്കാദമി മംഗളൂരുവിൽ, വി മുരളീധരനും എതിർത്തില്ല

സ്വന്തം ലേഖകൻUpdated: Monday Dec 9, 2019

ന്യൂഡൽഹി>  മോഡി സർക്കാർ കേരളത്തോട്‌ കാട്ടുന്ന അവഗണനയ്‌ക്ക്‌ മറ്റൊരു ഉദാഹരണമാണ്‌ അഴീക്കൽ കോസ്റ്റ്‌ ഗാർഡ്‌ പദ്ധതി. 65.44 കോടി രൂപ മുതൽമുടക്കി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതിയാണ്‌ വളഞ്ഞ മാർഗത്തിലൂടെ മോഡി സർക്കാർ കേരളത്തിൽനിന്ന്‌ മാറ്റിയത്‌. കർണാടകത്തിൽ മംഗളൂരുവിനടുത്തുള്ള ബൈക്കംപാടിയിലേക്കാണ്‌ പദ്ധതി മാറ്റുന്നത്‌. ഇവിടെ 160 ഏക്കർ  കൈമാറിയിട്ടുണ്ട്‌. ഒന്നാം മോഡി സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന നിർമല സീതാരാമൻ കഴിഞ്ഞ വർഷം ബൈക്കംപാടി സന്ദർശിച്ച്‌ പദ്ധതി വിലയിരുത്തിയിരുന്നു. 

ബിജെപി കർണാടക അധ്യക്ഷനും എംപിയുമായ നളിൻ കട്ടീലാണ്‌ പദ്ധതി ബൈക്കംപാടിയിലേക്ക്‌ മാറ്റുന്നതിന്‌ ചുക്കാൻ പിടിച്ചത്‌. കേന്ദ്രമന്ത്രിസഭയിലെ മലയാളിസാന്നിധ്യമായ വി മുരളീധരനും കേരളത്തിൽനിന്ന്‌ പദ്ധതി മാറ്റുന്നതിനെ എതിർത്തില്ല. ഏഴിമല നാവിക അക്കാദമിയോടും അഴീക്കൽ തുറമുഖത്തോടും ചേർന്നുള്ള ഇരിണാവിൽ പദ്ധതി നിലനിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കടക്കം കത്തയച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല.

പദ്ധതി കേരളത്തിൽനിന്ന്‌ മാറ്റണമെന്ന വാശിയിലാണ്‌ പരിസ്ഥിതിമന്ത്രാലയം സിആർഇസഡ്‌ ചട്ടങ്ങൾപോലും തെറ്റായി വ്യാഖ്യാനിച്ച്‌ തീരുമാനമെടുത്തത്‌. ആയിരം കോടിയിലേറെ രൂപ മുതൽമുടക്കുള്ള പദ്ധതിയാണ്‌ മോഡി സർക്കാരിന്റെ പകപോക്കൽ സമീപനം കാരണം കേരളത്തിന്‌ നഷ്ടമാകുന്നത്‌. 500 കേഡറ്റുകൾക്ക്‌ ഒരേസമയം പരിശീലനം നൽകുന്ന പദ്ധതിയാണിത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top