കൊച്ചി> സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെ പുറത്താക്കണമെന്ന് സംവിധായകൻ ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഫെഫ്ക പാലിച്ച മൗനം ചർച്ച ചെയ്യേണ്ടതാണ്. ചെറിയ കാര്യങ്ങളിൽപ്പോലും പരസ്യപ്രതികരണം നടത്തുന്ന ഫെഫ്‌ക ഈ വിഷയത്തിൽ നിശ്ശബ്ദമാണ്. 21 അംഗസംഘടനകളുള്ള, വലിയ സമൂഹത്തെ ഉൾക്കൊള്ളുന്ന ഫെഫ്കയുടെ നിശ്ശബ്ദതയെ നിസ്സാരമായി കാണരുതെന്നും ആഷിഖ് അബു പറഞ്ഞു.
ബി ഉണ്ണിക്കൃഷ്‌ണനെ ഒഴിവാക്കണം
കൊച്ചി>സർക്കാർ രൂപീകരിച്ച സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വിനയൻ ഈ ആവശ്യമുന്നയിച്ചത്.
പ്രതികാരബുദ്ധിയോടെ തൊഴിൽ നിഷേധിച്ചു എന്ന കുറ്റത്തിന് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ പിഴശിക്ഷ ലഭിച്ചയാളാണ് ഉണ്ണിക്കൃഷ്‌ണനെന്ന് കത്തിൽ പറയുന്നു. സുപ്രീംകോടതി അത് ശരിവച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. താരസംഘടനയായ അമ്മ, സാങ്കേതികപ്രവർത്തകരുടെ സംഘടനകളുടെ ഫെഡറേഷനായ ഫെഫ്‌ക എന്നിവർക്കെതിരെ തൊഴിൽ നിഷേധത്തിന് താനാണ് കോംപറ്റീഷൻ കമീഷനെ സമീപിച്ചത്. അമ്മയ്ക്ക് 4,00,065 രൂപയും ഫെഫ്കയ്ക്ക് 85,594 രൂപയുമാണ് പിഴ വിധിച്ചത്. അതിനെതിരായ അപ്പീൽ സുപ്രീംകോടതി തള്ളി. അതോടെ അമ്മ പ്രസിഡന്റ് ഇന്നസെന്റിന് 51,478 രൂപയും സെക്രട്ടറി ഇടവേള ബാബുവിന് 19,113 രൂപയും ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് 66,356 രൂപയും ബി ഉണ്ണിക്കൃഷ്ണന് 32,026 രൂപയും പിഴ നൽകേണ്ടിവന്നു. പിഴ അടച്ചവർ കുറ്റക്കാരാണെന്നും കത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..