23 November Saturday

യോജിച്ച പ്രക്ഷോഭം 
സാധ്യം: ബി വെങ്കട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

സമീപകാല ഇന്ത്യ കണ്ട ഏറ്റവുംവലിയ രാഷ്ട്രീയമുന്നേറ്റമാണ്‌ സംയുക്ത കർഷകമോർച്ചയുടെ പ്രക്ഷോഭമെന്ന്‌ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌. ഏറ്റവും അടിത്തട്ടിലുള്ള കർഷകത്തൊഴിലാളി മുതൽ സമ്പന്ന കർഷകർവരെ അണിനിരന്നു. ഇന്ത്യയിലെ 65 ശതമാനംവരുന്ന കാർഷികമേഖലയിലെ പ്രധാന ആവശ്യങ്ങളുന്നയിച്ച്‌ സംയുക്തമോർച്ച രാജ്യവ്യാപക പ്രക്ഷോഭം നയിച്ചു. കർഷകരും കർഷകത്തൊഴിലാളികളും ഡൽഹി പിടിച്ചെടുക്കാൻ നടത്തിയ മുന്നേറ്റമാണ്‌ മോദിസർക്കാരിന്റെ അടിത്തറയിളക്കിയത്‌.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കേവലഭൂരിപക്ഷം കിട്ടാതിരിക്കാൻ കാരണമായത്‌, യുപിയിലെയും മഹാരാഷ്ട്രയിലെയും അടിസ്ഥാനവർഗ പോരാട്ടങ്ങളാണ്‌. സാധാരണക്കാരന്റെ ഭക്ഷണ ആവശ്യത്തെക്കാളും കേന്ദ്രം പരിഗണിച്ചത്‌, ലാഭം ലക്ഷ്യമിട്ട കാർഷികോൽപ്പന്ന കയറ്റുമതിയാണ്‌. അതിനുമാത്രം നയം രൂപീകരിച്ചപ്പോൾ പ്രാദേശിക സമ്പന്ന കർഷകരും പ്രതിസന്ധിയിലായി. അതിനാലാണ്‌ ആ വിഭാഗവും പ്രക്ഷോഭത്തിൽ അണിനിരന്നത്‌. പുതിയകാലത്തെ പോരാട്ടമെന്നത്‌ ഒറ്റയൊറ്റ തുരുത്തുകളായി നടത്തേണ്ട ഒന്നല്ല. അതിൽ കർഷകർ, കർഷകത്തൊഴിലാളികൾ, വ്യവസായത്തൊഴിലാളികൾ, അടിസ്ഥാനവർഗങ്ങൾ, പ്രാദേശിക ജനാധിപത്യ രാഷ്ട്രീയപാർടികൾ തുടങ്ങിയവരെയെല്ലാം യോജിപ്പിക്കണം. അത്‌ സാധ്യമായതാണ്‌ രാജ്യത്ത്‌ ബദൽശബ്ദം ഉച്ചത്തിലാകാൻ കാരണം. അതിന്റെ നിർണായകഘട്ടത്തിൽ എല്ലാവർക്കുമൊപ്പം പ്രധാനഘടകമായി കർഷകത്തൊഴിലാളികളും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനും ഉണ്ടാകുമെന്നും വെങ്കട്ട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top