18 November Monday

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 6, 2022

കോട്ടയം > കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും കടത്തിക്കൊണ്ടുപോയ  നവജാത ശിശുവിനെ കണ്ടെത്തി. സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ പരിസരത്തുനിന്ന്‌ പൊലീസ്‌ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ്‌ ആശുപത്രിലെ നഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയുമായി കടന്നത്‌. മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വേഷം ധരിച്ച യുവതി എത്തിയത്. കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്‌ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്.

കുറച്ചുനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ നൽകാത്തതിനാൽ അമ്മ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കുഞ്ഞിനെ തിരക്കുകയായിരുന്നു. നഴ്‌സുമാർ ആരും കുഞ്ഞിനെ ആവശ്യപ്പെട്ടിട്ടില്ലെന്ന  വിവരം  ലഭിച്ചതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ വൻ പൊലീസ്‌ സംഘം സ്ഥലത്തെത്തി അന്വേഷണം വ്യാപകമാക്കി. ഇതിന്‌ പിന്നാലെയാണ്‌ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്‌. പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് അമ്മയ്‌ക്ക് കൈമാറി.

ഇളം റോസ് നിറത്തിലുള്ള വസ്‌ത്രം ധരിച്ച യുവതി കുട്ടിയുമായി ആശുപത്രിക്ക്‌ പുറത്തേക്ക് പോകുന്നത്‌ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇവർ കഴിഞ്ഞ മൂന്ന്‌‐നാല്‌ ദിവസമായി ആശുപത്രി പരിസരത്തുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കുട്ടിയെ കടത്തികൊണ്ടുപോയ കളമശേരി സ്വദേശിയായ നീതു എന്ന യുവതിയെ ഗാന്ധിനഗർ പൊലീസ്‌ ചോദ്യം ചെയ്യുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top