25 December Wednesday

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതര പരിക്ക്: ബാലാവകാശ കമീഷൻ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

തിരുവനന്തപുരം > തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതര പരിക്ക്. മാറനല്ലൂർ പോങ്ങുംമൂട് ഷിബു നിവാസിൽ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്ക് (3) ആണ് പരിക്കേറ്റത്. അപകട വിവരം അങ്കണവാടി അധികൃതർ മറച്ചുവച്ചതായി ആരോപണമുണ്ട്. കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈഗ അങ്കണവാടിയിൽ നിന്നും വീട്ടിലെത്തിയപ്പോഴാണ് കുട്ടി വീണ വിവരം രക്ഷിതാക്കൾ അറിയുന്നത്. വീട്ടിൽ എത്തിയ ഉടനെ കുട്ടി നിർത്താതെ കരയുകയും ഛർദ്ദിക്കുകയും ചെയ്തു. പരിശോധനയിൽ തലയുടെ പിറകിൽ കഴുത്തിനോട് ചേർന്ന ഭാഗം മുഴച്ചിരിക്കുന്നത് കണ്ടു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്ഷിതാക്കൾ അങ്കണവാടി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കുട്ടി വീണ വിവരം അറിയിക്കാൻ മറന്നുപോയെന്നാണ് അധികൃതർ മറുപടി നൽകിയത്.

സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസേടുത്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ശിശു ക്ഷേമ സമിതി പരിശോധനയ്ക്കെത്തിയിരുന്നു. അങ്കണവാടി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന കണ്ടെത്തലിലാണ് കമീഷൻ കേസെടുത്തിരിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top