കൊച്ചി
കാൽനൂറ്റാണ്ടുമുമ്പ് നടത്തിയ അമേരിക്കൻയാത്രയുടെ ഓർമകളിലേക്ക് അവിടെനിന്നുകൊണ്ട് വീണ്ടും സഞ്ചരിക്കുമ്പോൾ ഇങ്ങനെയൊരനുഭവം കവി പ്രതീക്ഷിച്ചില്ല. താൻ 46 വർഷംമുമ്പ് അയച്ച കത്തുമായി ഒരജ്ഞാതസുഹൃത്ത് മുന്നിൽ. പൊടിഞ്ഞുതുടങ്ങിയ കടലാസിലെ അക്ഷരങ്ങൾ പെറുക്കിയെടുത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചതിങ്ങനെ: ‘നാൽപ്പത്താറുകൊല്ലംമുമ്പ് ഞാൻ എഴുതിയ ഒരുകത്ത് ഇത്രകാലം സൂക്ഷിച്ചുവയ്‌ക്കുകയും ഭൂമിയുടെ മറുപുറത്തുവച്ച് അതെന്നെ കാണിച്ച് വിസ്‌മയിപ്പിക്കുകയും ചെയ്‌ത അജ്ഞാതനായ സുഹൃത്തേ, എനിക്കും നിനക്കും തമ്മിലെന്ത്’!
എഴുത്തുകാരൻ സുനിൽ പി ഇളയിടം, നാടക സിനിമ സംവിധായകൻ പ്രമോദ് പയ്യന്നൂർ എന്നിവർക്കൊപ്പം നടത്തിയ അമേരിക്കൻയാത്രയിലാണ് കവിയെ അത്ഭുതപ്പെടുത്തിയ സംഭവം. 26ന് സിയാറ്റിൽ വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് വിമാനം കയറുംമുമ്പാണ് കവി യാത്രാനുഭവങ്ങൾ ചെറുകുറിപ്പിലൂടെ സുഹൃദ്‌വലയത്തിൽ പങ്കിട്ടത്. കഴിഞ്ഞ 16ന് ന്യൂജേഴ്‌സിയിൽ ചുള്ളിക്കാട് കവിത ചൊല്ലിയിരുന്നു. ചടങ്ങിനിടെയാണ് ഒരാൾ കത്തുമായി വന്നത്. കാലപ്പഴക്കത്താൽ പൊടിഞ്ഞുതുടങ്ങിയ കടലാസ് കാണിച്ചു. തെളിമയാർന്ന ഓർമയെ പിന്നോട്ടുപായിച്ച് കവി കാലവും കഥയും ഓർത്തെടുത്തു. 1978ൽ കലാകൗമുദിയിൽ എഴുതിയ കവിതയിലെ തെറ്റ് ചൂണ്ടിക്കാട്ടി ഒരു വിദ്യാർഥി കത്തയച്ചിരുന്നു. അതിന് നന്ദിപറഞ്ഞ് അയച്ച മറുപടിക്കത്തും അത് സൂക്ഷിച്ചുവച്ചയാളുമാണ് ഭൂമിയുടെ മറുപുറത്ത് തന്നെ വിസ്‌മയിപ്പിക്കുന്നതെന്നും അറിയാനായി.
1998ൽ നടത്തിയ അമേരിക്കൻയാത്രയെ കവി കടപ്പാടോടെ സ്‌മരിക്കുന്നുണ്ട്. 1973 മുതൽ ഒപ്പമുണ്ടായിരുന്ന പുകവലിയും മദ്യപാനവും കവി എന്നന്നേക്കുമായി ഉപേക്ഷിച്ചത് ആ യാത്രയിലാണ്. അതുകൊണ്ടുമാത്രം 67–-ാംവയസുവരെ ജീവിക്കാനായെന്ന് കവി അനുഭവം പങ്കുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..