31 October Thursday

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം

സ്വന്തം ലേഖികUpdated: Thursday Oct 31, 2024

കോഴിക്കോട്‌
കുട്ടികളുടെ അവകാശപോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകർന്നും  നാടിനോട്‌ പ്രതിബദ്ധതയുള്ളവരായി വളരാൻ കുട്ടികളെ ആഹ്വാനംചെയ്‌തും ബാലസംഘം സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം. കോവൂരിലെ  കെ വി രാമകൃഷ്‌ണൻ നഗറിൽ (പി കൃഷ്‌ണപിള്ള സ്‌മാരക ഹാൾ) സംസ്ഥാന പ്രസിഡന്റ്‌ ബി അനൂജ സമ്മേളനത്തിന്‌ പതാക ഉയർത്തി.

പ്രതിനിധി സമ്മേളനം എഴുത്തുകാരൻ എൻ എസ്‌ മാധവൻ  ഉദ്‌ഘാടനംചെയ്‌തു.  ബി അനൂജ അധ്യക്ഷയായി.  സംസ്ഥാന സെക്രട്ടറി എൻ ആദിൽ പ്രവർത്തന റിപ്പോർട്ടും കൺവീനർ ടി കെ നാരായണദാസ്‌ സംഘടനാ റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി ഹാഫിസ്‌ ഇബ്രാഹിം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർപേഴ്‌സൺ കെ കെ ലതിക സ്വാഗതവും ബാലസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ടി സപന്യ നന്ദിയും പറഞ്ഞു.  വൈകിട്ട്‌ സാംസ്‌കാരികോത്സവവും കലാസന്ധ്യയും അരങ്ങേറി.

ബി അനൂജ (കൺവീനർ), ആയിഷ നിഹ്‌മ, ഗോകുൽ, ദേവിക, സാൻജോ തോമസ്‌ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടി നിയന്ത്രിക്കുന്നത്‌.  341 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 417 പേരാണ്‌ പങ്കെടുക്കുന്നത്‌. നാല്‌ സംസ്ഥാനങ്ങളിൽനിന്ന് ഏഴ്‌ സൗഹാർദ പ്രതിനിധികളുമുണ്ട്‌. ചർച്ചയ്‌ക്കുള്ള മറുപടിയും ഭാരവാഹി തെരഞ്ഞെടുപ്പും വ്യാഴാഴ്‌ച നടക്കും. പകൽ രണ്ടരക്ക്‌  സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.

വൈവിധ്യം ഉൾക്കൊണ്ട്‌ വളരണം: 
എൻ എസ്‌ മാധവൻ

കോഴിക്കോട്‌
വൈവിധ്യങ്ങളെ ഉൾക്കൊണ്ടും ആഘോഷിച്ചും പുതുതലമുറ വളരണമെന്ന്‌ എഴുത്തുകാരൻ എൻ എസ്‌ മാധവൻ പറഞ്ഞു. ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ  പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വൈവിധ്യങ്ങളെ ഉൾച്ചേർത്ത്‌ മതനിരപേക്ഷ കാഴ്‌ചപ്പാടോടെ സമൂഹം മുന്നേറേണ്ട  സാഹചര്യത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. രാജ്യത്ത്‌  ഒരു മതത്തിന്റെ പേരിൽ ആളുകൾ മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കി ആധിപത്യം നേടുന്നു. ആഗോളതലത്തിലാണെങ്കിൽ  പലസ്‌തീൻ ജനത നേരിടുന്ന ദുരിതം വർത്തമാനകാലത്തിന്റെ  സമാനതയില്ലാത്ത വേദനയാണ്‌.

ജാതി, മതം, വർഗം, സമ്പത്ത്‌ തുടങ്ങിയവയിൽ വ്യത്യസ്‌തത പുലർത്തുന്നവരുമായി  കൂട്ടുകൂടി കുട്ടിക്കാലം മുതൽ സഹവർത്തിത്വം  സ്വായത്തമാക്കണം. എല്ലാവരെയും ഉൾക്കൊള്ളാൻ  സാധിക്കുന്നില്ലെങ്കിൽ അതൊരു വ്യക്തിപരമായ ന്യൂനതയാണ്‌.  വൈവിധ്യങ്ങളെ ഉൾക്കൊണ്ട്‌ മുന്നോട്ട്‌ പോകുമ്പോഴേ  മനുഷ്യർക്ക്‌ ഊർജവും വിജയവും നേടാനാവൂ.  ഇതോടൊപ്പം  അനീതിയെ എതിർക്കാനുള്ള സമീപനവുമുണ്ടെങ്കിലേ  നവലോകം കെട്ടിപ്പടുക്കാനാവൂ. ഇതിനുള്ള പാഠങ്ങൾ കുടുംബത്തിൽനിന്നും വിദ്യാലയങ്ങളിൽനിന്നും തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top