കോഴിക്കോട്> ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനം 30, 31 തീയതികളിൽ കോഴിക്കോട്ട് ചേരും. കോവൂരിലെ പി കൃഷ്ണപിള്ള ഹാളിൽ കെ വി രാമകൃഷ്ണൻ നഗറിൽ 30ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. എഴുത്തുകാരൻ എൻ എസ് മാധവൻ മുഖ്യാതിഥിയാവും. രണ്ടുദിവസത്തെ സമ്മേളനത്തിൽ 341 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 417 പേർ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ ആദിലും സ്വാഗതസംഘം ചെയർമാൻ കെ കെ ലതികയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം സംഘടനാ തലത്തിൽ നല്ല മുന്നേറ്റം കൈവരിക്കാനായിട്ടുണ്ട്. സംസ്ഥാനത്ത് 210 ഏരിയകളിലായി 2279 വില്ലേജ് കമ്മിറ്റികളും 31,258 യൂണിറ്റുകളുമുണ്ട്. 13,83,272 അംഗങ്ങളുണ്ട്. യൂണിറ്റ് മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള എല്ലാ ഘടകത്തിന്റെയും പ്രധാന ഭാരവാഹികളിലൊരാൾ പെൺകുട്ടിയാകണമെന്ന തീരുമാനം നടപ്പാക്കിയ സംഘടനയാണ് ബാലസംഘം. അഖിലേന്ത്യ ശിൽപ്പശാലയ്ക്കുശേഷം വിവിധ സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കാനായി. സമ്മേളനത്തിൽ 10 സംസ്ഥാനങ്ങളിലെ സൗഹാർദ പ്രതിനിധികളും പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ബാലസംഘം സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. എം രൺദീഷ്, ജോ. കൺവീനർ മീര ദർശക്, എക്സിക്യൂട്ടീവ് അംഗം കെ ടി സപന്യ ജില്ലാ സെക്രട്ടറി അഭയ് രാജ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..