മൂലമറ്റം > ഇടുക്കി, കുളമാവ് ജലാശയങ്ങളുടെ കാനനസൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് വഴിയരികിലെ മറ്റൊരു കാഴ്‌ചയിലും കണ്ണുടക്കും. കുളമാവ് കവലയിൽ ഈറ്റ കൊണ്ടുള്ള കുട്ടകളും മുറവും മീൻ കൂടയുമൊക്കെ ഭംഗിയായി അടുക്കിവച്ചിരിക്കുന്നതാണ് ഈ കലാവിരുന്ന്. വർഷങ്ങൾക്ക് മുമ്പ് കമ്പത്തുനിന്ന് ഇവിടെ എത്തിയ രാജുവാണ് ഈ ശിൽപ്പി.
വിനോദസഞ്ചാരികൾക്ക് വട്ടി, മീൻകൂട എന്നിവ 100, 150 രൂപയ്‌ക്കാണ് രാജുവിന്റെ വിൽപ്പന. കമ്പത്ത് മുന്തിരി വിളവെടുക്കാൻ ഉപയോഗിക്കുന്ന ഒന്നരയടി ഉയരവും വീതിയുമുള്ള കുട്ടകളും കയറ്റി അയക്കുന്നുണ്ട്. ഇത്തരം കുട്ടയ്‌ക്ക് 50 രൂപ വീതമാണ് വില. മുളക് പേറ്റുന്ന മുറത്തിന് 200, അരിപേറ്റുന്ന പനമുറം, കപ്പ വാട്ടുന്ന കോരിക്കൊട്ട എന്നിവ 300 രൂപയ്‌ക്കും വിൽക്കുമായിരുന്നു. ആവശ്യക്കാർക്ക് ഓർഡർ അനസരിച്ചും നെയ്‌തു നൽകുന്നുണ്ട്. കാൽനൂറ്റാണ്ടായി രാജു ഇതേ തൊഴിലുമായി കുളമാവ് കവലയിൽ സജീവമാണ്.
കമ്പത്തുനിന്ന് 1995 ലാണ് രാജുവിന്റെ കുടുംബം ഇടുക്കിയിൽ എത്തുന്നത്. കുളമാവ് കൊലുമ്പൻ ബോട്ട് ലാൻഡിലേക്ക് ഇറങ്ങുന്ന വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഇടിഞ്ഞുപൊളിഞ്ഞ കെഎസ്‌ഇബി ക്വാർട്ടേഴ്‌സിൽ രാജുവിനൊപ്പം ഭാര്യ രാജേശ്വരിയും മകൾ മുരുകേശ്വരിയും കഴിയുന്നു. കാറ്റിനെയും മഴയെയും ഭയന്നാണ് ഇവരുടെ ജീവിതം. കുളമാവ് ജലസംഭരണിയുടെ സമീപകാടുകളിലേക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് മേൽത്തരം ഈറ്റവെട്ടി എത്തിക്കുന്നത്. പിന്നീട് ഭാര്യ രാജേശ്വരിയുെമൊത്ത് കുട്ടയും വട്ടിയും നെയ്‌തെടുക്കും. റേഷൻകാർഡ് ഇല്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ വീടും പരമ്പരാഗത ഈറ്റ നെയ്‌ത്ത് തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..