പടിഞ്ഞാറത്തറ> കോടയിൽമുങ്ങി പച്ചവിരിച്ച് ബാണാസുര മലനിരകൾ. സമുദ്രനിരപ്പിൽനിന്നും 6732 അടി ഉയരത്തിൽ നീലാകാശം ചുംബിച്ചാണ് നിൽപ്പ്. താഴ്‌വരയിൽ വയനാടിന്റെ സാഗരം. ബാണാസുര സാഗർ അണക്കെട്ട്. പ്രകൃതിയിൽ കൊത്തിവച്ചൊരു അത്ഭുതം. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എർത്ത് ഡാം(മണ്ണണ). കക്കയം ജലവൈദ്യുത പദ്ധതിയിലേക്ക് നീളുന്ന തുരങ്കം. നിത്യവും വൈദ്യുതി ഉൽപ്പാദനത്തിന് ഇവിടെനിന്ന് വെള്ളം കൊണ്ടുപോകും. ഒപ്പം ഹൈഡ്രോളിക് ടൂറിസത്തിന്റെ വശ്യമനോഹാരിതയും.
ഇവിടെയെത്തിയാൽ ബാണാസുരസാഗറിന്റെ കാറ്റുകൊണ്ട്, അണക്കെട്ടിന്റെ മനോഹാരിതയിൽ ഊളിയിട്ടിറങ്ങാം. മുണ്ടക്കൈ ഉരുൾപൊട്ടലിനിപ്പുറം തിരക്കില്ലാതായ ബാണാസുര സാഗറിൽ ഓണാവധി പിന്നിട്ട് പൂജ അവധിയിലേക്കടുക്കുമ്പോൾ സഞ്ചാരികൾ നിറയുകയാണ്. മണ്ണിൽ തീർത്ത രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ സൗന്ദര്യംതേടി ആഭ്യന്തര സഞ്ചാരികളും ഇതര സംസ്ഥാനക്കാരും വിദേശികളുമെത്തുമ്പോൾ നാടിന്റെ അതിജീവനത്തിന് കുരുത്താകുകയാണീ മനോഹരകേന്ദ്രം. കണ്ണെത്താദൂരം നീളുന്ന അണക്കെട്ടിലെ ബോട്ട് സർവീസാണ് ബാണാസുരയുടെ മാറ്റുകൂട്ടുന്നത്. അണക്കെട്ടിനുള്ളിലെ ദ്വീപുകളിലേക്കും മലനിരകളിലേക്കുമുള്ള ട്രക്കിങ് അനിർവചനീയ അനുഭൂതിയാകും.
വൈദ്യുതി ഉൽപ്പാദനത്തിനായി 63.5 സ്‌ക്വയർ കിലോമീറ്ററിലാണ് ജലശേഖരമുള്ളത്. 15 കിലോമീറ്ററിനപ്പുറം കൺട്രോൾ ഷിഫ്‌റ്റ്. ഇവിടെനിന്നും 5.8 കിലോമീറ്റർ തുരങ്കത്തിലൂടെ വെള്ളം കക്കയത്ത് എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദനം. അണക്കെട്ടിന്റെ 14 ഹെക്‌ടറാണ് വിനോദസഞ്ചാരത്തിനായുള്ളത്. സ്‌പീഡ് ബോട്ട്, പാന്റൂൺ ബോട്ട്, പെഡൽ ബോട്ട് എന്നിവയും കൊട്ടത്തോണിയും കയാക്കിങ്ങും സഞ്ചാരികളെ മാടിവിളിക്കും. പുൽത്തകിടി വിരിച്ച കവാടത്തിൽനിന്ന് അണക്കെട്ടിലേക്കുള്ള യാത്രയിൽ നിരവധി സാഹസിക ഉല്ലാസ വിനോദോപാധികളാണ് ഒരുക്കിയിട്ടുള്ളത്. സ്വിപ്‌ലൈൻ, നാച്വറൽ പാർക്ക്, ഫിഷ്‌സ്‌പാ, ബുൾറൈഡ്, ചിൽഡ്രൻസ് ബോട്ടിങ്ങ്, ത്രീഡി ഹൊറർ ഹൗസ് എന്നിവയെല്ലാം സന്ദർശകരെ വീണ്ടും വീണ്ടും ഇവിടെയെത്തിക്കും
വയനാട് സുരക്ഷിതമാണ്
ഉരുൾപൊട്ടൽ വയനാടിനെയാകെ ബാധിച്ചുവെന്നായിരുന്നു കരുതിയത്. ഇവിടെയെത്തിയപ്പോഴാണ് ചെറിയൊരു ഭാഗത്തുമാത്രമാണ് അപകടമുണ്ടായതെന്ന് തിരിച്ചറിയുന്നത്. ഈ സൗന്ദര്യം ആസ്വദിക്കാതിരുന്നെങ്കിൽ തീർച്ചയായും നഷ്‌ടമാകുമായിരുന്നു. ബാണാസുര സാഗറിലെ ബോട്ടിങ്ങുൾപ്പെടെയുള്ള യാത്രാനുഭവം അനിർവചനീയമാണ്. വീണ്ടും ഇവിടെ എത്തും-
ശ്വേത ശിവപ്രസാദ് (കന്നഡ നടി)
നാനൂറിൽനിന്ന് വീണ്ടും
നാലായിരത്തിലേക്ക്
കോവിഡ് പ്രതിസന്ധിക്കിപ്പുറം പ്രതിദിനം ശരാശരി നാലായിരത്തിലധികം സന്ദർശകരാണ് ബാണാസുര അണക്കെട്ടിലെത്തിയിരുന്നത്. ഉരുൾദുരന്തത്തിനുശേഷം ജില്ലയാകെ അപകടമാണെന്ന വ്യാജവാർത്ത പരന്നതോടെ സഞ്ചാരികളുടെ എണ്ണം നാനൂറിലേക്ക് കൂപ്പുകുത്തി. ഓണം അവധിയിൽ സഞ്ചാരികളുടെ എണ്ണം ശരാശരിയിലേക്ക് തിരിച്ചെത്തി. മഹാനവമി അവധിയാകുമ്പോൾ ഇതരസംസ്ഥാനങ്ങളിൽനിന്നടക്കമുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..