16 December Monday

-‘ബാപ്പയും മക്കളും’ മോഷണ
സംഘത്തിലെ 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കൊച്ചി
‘ബാപ്പയും മക്കളും’ എന്ന പേരിലറിയപ്പെടുന്ന, കോഴിക്കോട്ടെ കുപ്രസിദ്ധ മോഷണസംഘത്തിലെ നാലുപേർ കൊച്ചിയിൽ പിടിയിലായി. നഗരത്തിൽ വൻ കവർച്ച ലക്ഷ്യമിട്ടെത്തിയതായിരുന്നു ഇവർ. കോഴിക്കോട് കുറ്റിക്കാട്ടൂർ വലിയപറമ്പ്‌ കീഴ്‌മടത്തിൽ മേക്കൽ മുഹമ്മദ് തായ്‌ (20),  കണ്ണങ്കര ഉരുളുമല ചേലന്നൂർ വി ഷാഹിദ്‌ (20), കല്ലായി ചക്കുംകടവ്‌ എംപി ഹൗസിൽ എം പി ഫാസിൽ (23),  ബാലുശേരി മഞ്ഞപ്പാലം തൈക്കണ്ടിയിൽവീട്ടിൽ ഗോകുൽ (20) എന്നിവരെയാണ് എറണാകുളം സെൻട്രൽ എസ്‌ഐ സി അനൂപിന്റെ നേതൃത്വത്തിൽ വെള്ളി പുലർച്ചെ 2.30ന്‌ അറസ്റ്റ് ചെയ്തത്.


നിരവധി മോഷണക്കേസുകളിലെ പ്രതിയും ‘ബാപ്പയും മക്കളും’ എന്ന മോഷണസംഘത്തിന്റെ പ്രധാനിയുമായ ഫസലുദീന്റെ മകനാണ്‌ ഫാസിൽ.
എറണാകുളം പ്രോവിഡൻസ് റോഡിലെ വീട്ടിൽനിന്ന് ബൈക്ക്‌ മോഷ്ടിക്കാനായിരുന്നു ആദ്യശ്രമം. തുടർന്ന്‌ സമീപത്തുള്ള ടർഫിന്റെ ഓഫീസിൽ കയറി വാച്ചും മറ്റൊരു ഓഫീസിൽനിന്ന്‌ മൊബൈൽഫോണും മോഷ്ടിച്ച്‌ കടന്നു. മുഹമ്മദ്‌ തായിയെയും ഷാഹിദിനെയും മോഷണമുതലുമായാണ്‌ പിടികൂടിയത്‌. മുഹമ്മദ് തായ്‌ പതിനാലും ഷാഹിദ്‌ ആറും മോഷണക്കേസിൽ പ്രതികളാണ്‌. സംശയാസ്‌പദമായ സാഹചര്യത്തിലാണ്‌ മറ്റു രണ്ടുപേരെ അറസ്റ്റ്‌ ചെയ്‌തത്‌.


താമരശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ വിവിധ മോഷണങ്ങൾ നടത്തിയ സംഘം ബംഗളൂരുവിലേക്ക് കടന്നിരുന്നു. പിന്നീട്‌ ഇവർ കൊച്ചിയിലേക്ക്‌ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. താമരശേരി മൈക്രോലാബിൽനിന്ന് 68,000 രൂപയും നാല്‌ ഫോണുകളും സംഘം മോഷ്ടിച്ചിരുന്നു. ഇതിൽ ഒരു ഫോൺ കണ്ടെടുത്തു. നാലുപേരെയും റിമാൻഡ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top